കീവ്: അച്ഛനെയും അമ്മയേയും കാത്ത് യുദ്ധമുഖത്ത് കഴിയുകയാണ് 21 പിഞ്ചുകുഞ്ഞുങ്ങൾ. യുക്രൈനിലെ റഷ്യൻ അധിനിവേശത്തെ തുടർന്ന് അനാഥരാക്കപ്പെട്ടവരും യുദ്ധത്തിൽ ഗുരുതരമായി പരിക്കേറ്റവരും നിരവധിയാണ്. എന്നാൽ അന്യരാജ്യത്തുള്ള മാതാപിതാക്കളെ കാത്ത് യുക്രൈൻ തലസ്ഥാനമായ കീവിൽ ഒന്നുമറിയാതെ കഴിയുന്നത് 21 പിഞ്ചുകുഞ്ഞുങ്ങളാണെന്ന് പറഞ്ഞാൽ എത്ര പേർക്ക് വിശ്വസിക്കാൻ സാധിക്കും. സംഭവം സത്യമാണ്. കീവിലെ ഒരു ബോംബ് ഷെൽട്ടറിൽ മാതാപിതാക്കൾ വന്ന് കൂട്ടിക്കൊണ്ടുപോകേണ്ട 21 കുട്ടികളാണ് ഉള്ളത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ദശരഥം സിനിമ പോലെയൊരു കഥ


മോഹൻലാലും രേഖയും മുരളിയും നെടുമുടി വേണുവും അഭിനയിച്ച ദശരഥം എന്ന സിനിമ കാണാത്ത മലയാളികൾ ഒരു പക്ഷേ വിരളമായിരിക്കും. ആനി മോനെ സ്നേഹിക്കുന്നതു പോലെ മാഗിക്ക് എന്നെ സ്നേഹിക്കാൻ കഴിയുമോ എന്ന മോഹൻലാലിന്റെ ഡയലോഗ് മോഹൻലാൽ ആരാധകർക്ക് മറക്കാനാകാത്ത സീൻ ആണ്. വാടക ഗർഭപാത്രത്തിലൂടെ കുട്ടികൾ ജനിക്കുന്ന കഥ അന്ന് മലയാളികൾക്ക് അത്ര പരിചിതമായിരുന്നില്ല. എന്നാൽ, വാടക ഗർഭപാത്രത്തിലൂടെ കുട്ടികൾ ജനിക്കുന്ന സംഭവം ഇന്ന് സർവസാധാരണമായി മാറി. യുക്രൈനിലെ യുവതികളുടെ വാടക ഗർഭപാത്രത്തിൽ ജനിച്ച 21  കുഞ്ഞുങ്ങളാണ് തങ്ങളുടെ ശരിക്കുള്ള മാതാപിതാക്കളെ കാത്ത് കീവിൽ കഴിയുന്നത്. ഈ കുട്ടികളുടെ വിദേശരാജ്യങ്ങളിലുള്ള മാതാപിതാക്കൾ ഇനി യുക്രൈനിലേക്ക് എങ്ങനെ വരുമെന്ന കാര്യത്തിൽ വ്യക്തതയില്ല.  അപ്രതീക്ഷിതമായി വന്ന യുദ്ധം എല്ലാം തകിടം മറിച്ചു.


ഭീകര യുദ്ധത്തിനിടയിലും പ്രതീക്ഷയോടെ


വൈദ്യശാസ്ത്രപരമായ പ്രശ്നങ്ങൾ മൂലം കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ സാധിക്കാത്ത നിരവധി പേരാണ് യുക്രൈനിലെ സ്ത്രീകളുടെ വാടക ഗർഭപാത്രത്തിന്റെ സംരക്ഷണയിൽ തങ്ങളുടെ കുഞ്ഞുങ്ങളെ ഭ്രൂണരൂപത്തിൽ നിക്ഷേപിച്ച് അവരുടെ ജനനത്തിനായി പ്രതീക്ഷിച്ചിരുന്നത്. വാടക ഗർഭപാത്രത്തിൽ വളർന്ന് യുക്രൈനിൽ ജനിച്ച കുട്ടികൾ പലരും ബങ്കറുകളിലാണ് ഇപ്പോഴുള്ളത്. ആശുപത്രികളിലെ നഴ്സുമാരുടെ സഹായത്തോടെ കുട്ടികളുടെ പരിചരണം നടക്കുന്നുണ്ട്.ജർമ്മനിയിലുള്ള ഒരു ദമ്പതികൾ മാത്രമാണ് യുദ്ധം തുടങ്ങിയ ശേഷം വാടക ഗർഭപാത്രത്തിൽ ജനിച്ച തങ്ങളുടെ മകനെ തേടി യുക്രൈനിൽ എത്തിയത്. 30 മണിക്കൂർ നീണ്ട ട്രെയിൻ യാത്രയ്ക്കൊടുവിലാണ് ഇവർ തങ്ങളുടെ മകനുള്ള കീവിൽ എത്തിയത്. യുദ്ധമേഖലയിൽ ധൈര്യപൂർവ്വം കടന്ന് കുഞ്ഞുമായി ഇവർ തിരികെ നാട്ടിലേക്ക് മടങ്ങി. എന്നാൽ എല്ലാവർക്കും ഇങ്ങനെ ചെയ്യാനുള്ള ധൈര്യമില്ല.


കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ ശേഷം വാടക ഗർഭപാത്രത്തിന്റെ ഉടമകളായ മിക്ക സ്ത്രീകളും യുദ്ധം ഭയന്ന് പല സ്ഥലത്തേക്ക് പലായനം ചെയ്തു. എന്നാൽ കുഞ്ഞുങ്ങളെ കൂടെ കൊണ്ടുപോകാൻ ആരും തയ്യാറായില്ല. യുദ്ധം മൂലമുള്ള ബുദ്ധിമുട്ടും നിയമപരമായ തടസ്സവും മൂലം എല്ലാവരും ആശുപത്രികളിൽ തന്നെ കുട്ടികളെ ഉപേക്ഷിക്കുന്നതായാണ് കുട്ടികളെ പരിചരിക്കുന്ന നഴ്സുമാർ പറയുന്നത്. ഇനി എത്രനാൾ ഇങ്ങനെ കുട്ടികളെ പരിപാലിക്കാൻ സാധിക്കുമെന്നു തങ്ങൾക്ക് അറിയില്ലെന്നും അവർ സങ്കടപ്പെടുന്നു. യുദ്ധമേഖലയിൽ തങ്ങളുടെ രക്തത്തിൽ പിറന്ന മകനോ മകളോ ജീവനോടെ ഉണ്ടോയെന്ന് പോലും അറിയാത്ത നിരവധി മാതാപിതാക്കളും ലോകത്തിന്റെ പല കോണുകളിലുമുണ്ട്. ഏറെ പ്രതീക്ഷയോടെ അവർ തങ്ങളുടെ ജീവിതത്തിലേക്ക് സ്വീകരിക്കാനിരുന്ന കുഞ്ഞുങ്ങൾ ജീവനോടെ തന്നെയുണ്ടോ എന്ന ഉറപ്പുപോലുമില്ലാത്ത സ്ഥിതിയിലാണ് പലരും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.