Russia - Ukraine War : യുക്രൈനിനെ കൈവിട്ട് നാറ്റോ; സംയുക്ത സൈനിക നീക്കം നടത്തില്ല
നാറ്റോയുടെ അംഗങ്ങളായുള്ള രാജ്യങ്ങൾ യുക്രൈനിന് സഹായം ചെയ്‌തേക്കും. എന്നാൽ ഒരു സംഘടന എന്ന നിലയ്ക്ക് ഒരു സംയുക്ത സൈനിക നീക്കം ഉണ്ടാകില്ലെന്നും ചർച്ചയ്ക്ക് ശേഷം തീരുമാനിച്ചു.
റഷ്യ - യുക്രൈൻ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ യുക്രൈനിനെ കൈവിട്ട് നാറ്റോ. നാറ്റോയിൽ അംഗമല്ലാത്ത യുക്രൈനിന് വേണ്ടി സംയുക്ത സൈനികനീക്കം നടത്തില്ലെന്നാണ് യോഗത്തിൽ തീരുമാനിച്ചത്. നാറ്റോയുടെ അംഗങ്ങളായുള്ള രാജ്യങ്ങൾ യുക്രൈനിന് സഹായം ചെയ്‌തേക്കും. എന്നാൽ ഒരു സംഘടന എന്ന നിലയ്ക്ക് ഒരു സംയുക്ത സൈനിക നീക്കം ഉണ്ടാകില്ലെന്നും ചർച്ചയ്ക്ക് ശേഷം തീരുമാനിച്ചു.
ഇപ്പോൾ കോവിഡ് മഹാമാരിയിൽ നിന്ന് കരകയറി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ റഷ്യയ്‌ക്കെതിരെ നിലവിൽ സൈനിക നീക്കം നടത്തില്ലെന്നാണ് തീരുമാനിച്ചത്. അതേസമയം റഷ്യ യുക്രൈനിനെ ആക്രമിച്ചാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് പറഞ്ഞ രാജ്യങ്ങൾ ഒന്നും തന്നെ നിലവിൽ സൈനിക സഹായവുമായി രംഗത്ത് എത്തിയിട്ടില്ല. ഇത് യുക്രൈനിന്റെ അവസ്ഥ കൂടുതൽ രൂക്ഷമാക്കുകയാണ്.
യോഗത്തിന് ശേഷം നാറ്റോ പ്രസ്താവന പുറത്തിറക്കിയിരുന്നു. റഷ്യ യുക്രൈനിന് മേൽ നടത്തുന്ന ആക്രമണത്തെ അപലപിക്കുന്നുവെന്ന് നാറ്റോ പ്രസ്താവനയിൽ പറയുന്നു. കൂടാതെ റഷ്യ സഹായിക്കുന്ന ബെലാറസിന്റെ നീക്കവും അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. റഷ്യ ഇപ്പോൾ നടത്തുന്നത് യുഎൻ ചാർട്ടർ അടക്കമുള്ള അന്താരാഷ്ട്രനിയമങ്ങളുടെ ലംഘനമാണെന്നും പ്രസ്താവനയിൽ പറയുന്നു.
എന്നാൽ നാറ്റോയുടെ അംഗ രാജ്യമല്ലാത്ത യുക്രൈനിന് വേണ്ടി സൈനിക നീക്കം നടത്താൻ കഴിയില്ല. അതേസമയം നാറ്റോയുടെ അംഗരാജ്യങ്ങളുടെ അതിർത്തിയിൽ സൈനികവിന്യാസം കൂട്ടുമെന്ന് അറിയിച്ചിട്ടുണ്ട്. സമുദ്രാതിർത്തികളിൽ സൈനികവിന്യാസം ശക്തമാക്കുമെന്നും അറിയിച്ചിട്ടുണ്ട്. കൂടാതെ എല്ലാ സൈന്യങ്ങളും സജ്ജരായിരിക്കണമെന്നും അറിയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഇടപ്പെട്ട് നിലവിലെ അവസ്ഥ കൂടുതൽ രൂക്ഷമാക്കാൻ കഴിയില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.
അതേസമയം ഏകദേശം 50 റഷ്യൻ സൈനികരെ വധിച്ചതായി യുക്രൈനിന്റെ സായുധ സേന അറിയിച്ചു. ഖാർകിവ് പട്ടണത്തിൽ വെച്ച് റഷ്യൻ സൈനികർ സഞ്ചരിച്ചിരുന്ന 4 ടാങ്കുകൾ കത്തിച്ചുവെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം യുക്രൈനിന്റെ 5 സൈനികർ കൊല്ലപ്പെട്ടതായും അറിയിച്ചിട്ടുണ്ട്.
റഷ്യയുമായുള്ള നയതന്ത്രബന്ധം ഇതോടെ അവസാനിപ്പിക്കുകയാണെന്ന് യുക്രൈനിയൻ പ്രസിഡന്റ് സെലെൻസ്കി പറഞ്ഞു. റഷ്യ ഭീരുക്കളെ പോലെയാണ് ആക്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. റഷ്യയുടെ ആക്രമണം നാസിക്കാരുടെ ആക്രമണം പോലെയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു കാരണവശാലും യുക്രൈൻ സ്വാതന്ത്ര്യം വിട്ടുകൊടുക്കില്ലെന്നും യുക്രൈനിയൻ പ്രസിഡന്റ് സെലെൻസ്കി ഇന്ന് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...