റഷ്യ - യുക്രൈൻ യുദ്ധം മണിക്കൂറുകൾ കഴിയുതോറും രൂക്ഷമായി കൊണ്ടിരിക്കുകയാണ്. ഇപ്പോൾ യുക്രൈനിന്റെ സായുധ സേന പുറത്ത് വിടുന്ന വിവരങ്ങൾ അനുസരിച്ച് ഏകദേശം 50 റഷ്യൻ സൈനികരെ വധിച്ചു. ഖാർകിവ് പട്ടണത്തിൽ വെച്ച് റഷ്യൻ സൈനികർ സഞ്ചരിച്ചിരുന്ന 4 ടാങ്കുകൾ കത്തിച്ചുവെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം യുക്രൈനിന്റെ 5 സൈനികർ കൊല്ലപ്പെട്ടതായും അറിയിച്ചിട്ടുണ്ട്.
റഷ്യയുമായുള്ള നയതന്ത്രബന്ധം ഇതോടെ അവസാനിപ്പിക്കുകയാണെന്ന് യുക്രൈനിയൻ പ്രസിഡന്റ് സെലെൻസ്കി പറഞ്ഞു. റഷ്യ ഭീരുക്കളെ പോലെയാണ് ആക്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. റഷ്യയുടെ ആക്രമണം നാസിക്കാരുടെ ആക്രമണം പോലെയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു കാരണവശാലും യുക്രൈൻ സ്വാതന്ത്ര്യം വിട്ടുകൊടുക്കില്ലെന്നും യുക്രൈനിയൻ പ്രസിഡന്റ് സെലെൻസ്കി ഇന്ന് പറഞ്ഞു.
സൈനിക ആക്രമണം തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ ലുഹാൻസ്ക് മേഖലയിലെ രണ്ട് നഗരങ്ങളുടെ നിയന്ത്രണം റഷ്യ പിടിച്ചെടുത്തതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. റഷ്യൻ പിന്തുണയുള്ള വിഘടനവാദികളുടെ നിയന്ത്രണത്തിലാണ് ഇപ്പോൾ ഈ നഗരങ്ങൾ എന്ന് അവർ അവകാശപ്പെടുന്നു. യുക്രൈനിലെ ലുഹാൻസ്ക് മേഖലയിലെ ഷ്ചസ്ത്യ, സ്റ്റാനിറ്റ്സിയ ലുഹാൻസ്ക പട്ടണങ്ങളാണ് പിടിച്ചെടുത്തതായി വിഘടനവാദികൾ അവകാശപ്പെടുന്നത്.
യുക്രൈൻ സൈനിക താവളങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും നിർവീര്യമാക്കിയതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഇത്. റഷ്യയുടെ ആക്രമണത്തിൽ നൂറുകണക്കിന് യുക്രൈൻ സേനാംഗങ്ങൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. പ്രത്യാക്രമണത്തിൽ ലുഹാൻസ്ക് മേഖലയിൽ അഞ്ച് റഷ്യൻ വിമാനങ്ങളും ഒരു റഷ്യൻ ഹെലികോപ്റ്ററും യുക്രൈൻ വെടിവച്ചിട്ടതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം വിഷയത്തിൽ ഇന്ത്യ നിഷ്‌പക്ഷ നിലപാട് തുടരുമെന്ന് വിദേശകാര്യ സഹമന്ത്രി രാജ്കുമാർ രഞ്ജൻ സിംഗ് പറഞ്ഞു. ഒരു രാജ്യത്തിനൊപ്പവും ഇന്ത്യ ഇപ്പോൾ ചേരുന്നില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ഒരു സമാധാനപരമായ പരിഹാരത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. അതേസമയം യുക്രൈനിൽ കുടുങ്ങിയിട്ടുള്ള ഇന്ത്യക്കാരെ തിരിച്ചത്തിക്കാൻ ഇന്ത്യ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതിനായി മറ്റ് രാജ്യങ്ങളുടെ സഹായവും ഇന്ത്യ അഭ്യർഥിച്ചിട്ടുണ്ട്. കൂടാതെ യുക്രൈനിലെ നിലവിലെ സ്ഥിതിഗതികൾ ഇന്ത്യ നിരീക്ഷിച്ച് വരികെയാണെന്നും അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...