Russia-Ukraine War: രണ്ട് നഗരങ്ങൾ പിടിച്ചെടുത്തായി റഷ്യ, നൂറുകണക്കിന് യുക്രൈൻ സേനാംഗങ്ങൾ കൊല്ലപ്പെട്ടതായും റിപ്പോർട്ട്
യുക്രൈൻ സൈനിക താവളങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും നിർവീര്യമാക്കിയതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചതിന് തൊട്ടുപിന്നാലെയാണിത്.
യുക്രൈനെതിരെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുതിൻ പ്രഖ്യാപിച്ച സൈനിക ആക്രമണം തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ ലുഹാൻസ്ക് മേഖലയിലെ രണ്ട് നഗരങ്ങളുടെ നിയന്ത്രണം റഷ്യ പിടിച്ചെടുത്തതായി റിപ്പോർട്ട്. റഷ്യൻ പിന്തുണയുള്ള വിഘടനവാദികളുടെ നിയന്ത്രണത്തിലാണ് ഇപ്പോൾ ഈ നഗരങ്ങൾ എന്ന് അവർ അവകാശപ്പെടുന്നു. യുക്രൈനിലെ ലുഹാൻസ്ക് മേഖലയിലെ ഷ്ചസ്ത്യ, സ്റ്റാനിറ്റ്സിയ ലുഹാൻസ്ക പട്ടണങ്ങളാണ് പിടിച്ചെടുത്തതായി വിഘടനവാദികൾ അവകാശപ്പെടുന്നത്.
യുക്രൈൻ സൈനിക താവളങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും നിർവീര്യമാക്കിയതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചതിന് തൊട്ടുപിന്നാലെയാണിത്. റഷ്യയുടെ ആക്രമണത്തിൽ നൂറുകണക്കിന് യുക്രൈൻ സേനാംഗങ്ങൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. പ്രത്യാക്രമണത്തിൽ ലുഹാൻസ്ക് മേഖലയിൽ അഞ്ച് റഷ്യൻ വിമാനങ്ങളും ഒരു റഷ്യൻ ഹെലികോപ്റ്ററും യുക്രൈൻ വെടിവച്ചിട്ടതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം യുക്രൈനിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളെ നാട്ടിൽ തിരിച്ചെത്തിക്കാൻ നടപടികളുമായി നോർക്ക രംഗത്തെത്തി. ഇതുവരെ 152 പേരാണ് നോർക്കയിൽ രജിസ്റ്റർ ചെയ്തതിട്ടുള്ളത്. ഇന്ത്യയിലേക്ക് മടങ്ങുന്നവർക്ക് സഹായത്തിനായി ഇന്ത്യൻ എംബസിയുടെയും നോർക്കയുടെയും ടോൾഫ്രീ നമ്പറിലേക്ക് വിളിക്കാൻ സൗകര്യം ഒരുക്കിയിട്ടുള്ളതായി നോർക്ക റൂട്ട്സ് അറിയിച്ചു.
യുക്രൈനിയിലെ വിവിധയിടങ്ങളിൽ മലയാളികളടക്കം നിരവധി ഇന്ത്യക്കാരാണ് കുടുങ്ങി കിടക്കുന്നത്. ഇവരെ നാട്ടിൽ തിരിച്ചെത്തിക്കുന്നതിനുള്ള നടപടികൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ആലോചിച്ച് ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...