Russia Ukraine War: റഷ്യൻ സൈന്യം കീവിൽ; ഒബലോണിൽ വെടിയൊച്ച, ജനവാസ കേന്ദ്രത്തിൽ ടാങ്കറുകൾ
സാധാരണക്കാരെ ആക്രമിക്കില്ലെന്ന റഷ്യയുടെ വാദം പൊള്ളയാണെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് വാഡിം ഡെനിസെങ്കോ പറഞ്ഞു.
കീവ്: റഷ്യൻ സൈന്യം കീവിൽ എത്തിയതായി യുക്രൈൻ പ്രതിരോധ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സാധാരണക്കാർ താമസിക്കുന്ന 33 ഇടങ്ങൾ റഷ്യ ബോംബിട്ട് തകർത്തുവെന്ന് യുക്രൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സാധാരണക്കാരെ ആക്രമിക്കില്ലെന്ന റഷ്യയുടെ വാദം പൊള്ളയാണെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് വാഡിം ഡെനിസെങ്കോ പറഞ്ഞു.
അതേസമയം, യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ നാളെ ഹംഗറി - റൊമാനിയ അതിർത്തിയിൽ വിമാനം എത്തിക്കുമെന്ന് സൂചനയുണ്ട്. ഇന്ന് ആയിരത്തോളം വിദ്യാർഥികളെ യുക്രൈനിൽ നിന്ന് ഒഴിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. അതിർത്തികളിലേക്ക് എത്താനാണ് വിദ്യാർഥികൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
അതിർത്തിക്കടുത്ത് താമസിക്കുന്നവർ ആദ്യം എത്തണമെന്നും അറിയിച്ചിട്ടുണ്ട്. അതിർത്തികളിലേക്ക് എത്താൻ സഹായം ആവശ്യമുള്ളവർ ഹെൽപ്‌ലൈൻ നമ്പറുകളിലേക്ക് വിളിക്കണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. വിദ്യാർഥികളെ സ്റ്റുഡന്റ് കോൺട്രാക്ടർമാർ സമീപിക്കണം. അതിർത്തികളിലേക്ക് തിരിക്കുന്നവർ നിർബന്ധമായി പാസ്പോർട്ടുകൾ കയ്യിൽ കരുതണം.
തലസ്ഥാനമായ കീവിനെ ലക്ഷ്യമാക്കി ഇന്ന് മാത്രം ആറ് ആക്രമണങ്ങൾ നടന്നതായാണ് റിപ്പോർട്ട്. കീവിൽ നടന്ന ആക്രമണത്തിൽ യുക്രൈൻ പ്രതിരോധ മന്ത്രാലയത്തിന്റെ കെട്ടിടങ്ങൾ തകർന്നതായും റിപ്പോർട്ടുകളുണ്ട്. റഷ്യൻ അധിനിവേശത്തിന്റെ ആദ്യ ദിവസം തന്നെ സാധാരണക്കാരുൾപ്പെടെ 137 പേർ കൊല്ലപ്പെട്ടതായി യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി പറഞ്ഞിരുന്നു.
സാധാരണക്കാർക്ക് നേരെ ആക്രമണം നടത്തില്ലെന്നായിരുന്നു യുദ്ധത്തിന്റെ ആദ്യ ദിനം റഷ്യ വ്യക്തമാക്കിയത്. എന്നാൽ, ഇതിൽ നിന്ന് വ്യതിചലിച്ച് ജനവാസ മേഖലകളിലേക്ക് റഷ്യ ആക്രമണം വ്യാപിപ്പിക്കുന്നതാണ് രണ്ടാം ദിനത്തിൽ കാണുന്നത്. യുക്രൈൻ തലസ്ഥാനമായ കീവിന് സമീപം റഷ്യൻ മിസൈലുകൾ പതിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...