9,000 സാധാരണക്കാരെ കുഴിച്ചുമൂടി റഷ്യ; മരിയുപോളിനു സമീപം കൂട്ട കുഴിമാടങ്ങൾ
ബുച്ചയിൽ കണ്ടെത്തിയ കൂട്ടകുഴിമാടത്തേക്കാൾ 20 മടങ്ങോളം വലുതാണ് മരിയുപോളിലേത്
റഷ്യൻ നിയന്ത്രണത്തിലായ തെക്കൻ യുക്രൈയ്നിലെ മരിയുപോൾ നഗരത്തിൽ കൂട്ട കുഴിമാടങ്ങൾ കണ്ടെത്തി. മരിയുപോൾ നഗരത്തിന് 12 മീറ്റർ അകലെ മാൻഹുഷ് പട്ടണത്തിലെ ഒരു സെമിത്തേരിയോടു ചേർന്നുള്ള കൂട്ടക്കുഴിമാടങ്ങളുടെ ഉപഗ്രഹചിത്രങ്ങളാണ് പുറത്തുവന്നത്. ഏകദേശം ഒൻപതിനായിരത്തോളം പേരുടെ മൃതദേഹങ്ങൾ ഈ കുഴിമാടങ്ങളിലുണ്ടാകാമെന്ന് മരിയുപോൾ സിറ്റി കൗൺസിൽ വൃത്തങ്ങൾ പറയുന്നത്. നേരത്തെ ബുച്ചയിൽ കണ്ടെത്തിയ കൂട്ടകുഴിമാടത്തേക്കാൾ 20 മടങ്ങോളം വലുതാണ് മരിയുപോളിലേത്. റഷ്യൻ പട്ടാളത്തിന്റെ യുദ്ധക്കുറ്റങ്ങൾ മറച്ചുവയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മരിയുപോളിലെ മൃതദേഹങ്ങൾ മറ്റൊരു പട്ടണത്തിൽ കുഴിച്ചിട്ടതെന്നു മേയർ വാഡിം ബോയ്ചെങ്കോ ആരോപിച്ചു.
അതിനിടെ യുക്രൈന് 80 കോടി ഡോളറിന്റെ പട്ടാളസഹായം കൂടി അനുവദിച്ചതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. വലിയ പീരങ്കികൾ, ഡ്രോണുകൾ , വെടിക്കോപ്പുകൾ, തുടങ്ങിവയാണ് അമേരിക്ക നൽകുക. 600 കോടി ഡോളറിന്റെ ദുരിതാശ്വാസ-പട്ടാള സഹായം നല്‍കാനാണ് യുഎസ് കോൺഗ്രസ് നേരത്തേ തീരുമാനിച്ചത്. ഡോൺബോസ് മേഖല അടക്കം പിടിച്ചെടുക്കാൻ റഷ്യ അക്രമം കൂടുതൽ ശക്തമാക്കിയ സാഹചര്യത്തിൽ കൂടിയാണ് അമേരിക്കൻ സഹായം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...