Russian-Ukraine War:ചർച്ചക്ക് തയ്യാറെന്ന് യുക്രൈൻ പ്രസിഡൻറ്, മരിയുപോളിന്റെ കിഴക്കൻ മേഖല റഷ്യ പിടിച്ചെടുത്തു
യുദ്ധം അവസാനിപ്പിക്കാൻ ഇസ്രായേൽ മധ്യസ്ഥതവഹിക്കണമെന്നാണ് യുക്രൈൻ പ്രസിഡന്റ് പറയുന്നത്
18-ാം ദിവസവും യുക്രൈനിൽ യുദ്ധം തുടർന്ന് റഷ്യ. മരിയുപോളിലും കീവിലും ആക്രമണം ശക്തമാണ്. ഒഡേസ നഗരം ലക്ഷ്യമിട്ടും സൈനിക നീക്കം നടക്കുന്നുണ്ട്. കീവിൽ റഷ്യൻ സൈന്യം വൻ ആക്രമണത്തിന് ഒരുങ്ങുന്നതായി ഉപഗ്രഹ ചിത്രങ്ങൾ വെളിപ്പെടുത്തുന്ന വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം യുദ്ധം അവസാനിപ്പിക്കാൻ ഇസ്രായേൽ മധ്യസ്ഥതവഹിക്കണമെന്നാണ് യുക്രൈൻ പ്രസിഡന്റ് വ്ളാദിമർ സെലൻസ്കി. ജറുസലേമിൽ വെച്ച് റഷ്യൻ പ്രസിഡിന്റ് പുട്ടിനുമായി ചർച്ച നടത്താൻ തയ്യാറാണെന്നും സെലൻസ്കി അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രയേൽ പ്രധാനമന്ത്രി നാഫ്തലി ബെന്നറ്റ് മധ്യസ്ഥത വഹിക്കണമെന്നും സെലൻസ്കി ആവശ്യപ്പെട്ടു.
റഷ്യൻ ആക്രമണം തുടരുന്ന യുക്രൈൻ നഗരമായ മരിയുപോളിൽ പോരാട്ടം കനത്തു. മരിയുപോളിന്റെ കിഴക്കൻ മേഖല റഷ്യൻ സൈന്യം പിടിച്ചെടുത്തു. യുക്രൈന് ആയുധങ്ങൾ എത്തിക്കുന്ന വിദേശ വാഹനവ്യൂഹം ആക്രമിക്കുകയാണ് മുഖ്യലക്ഷ്യമെന്ന് റഷ്യ അറിയിച്ചു. മരിയുപോളിൽ. മുസ്ലിം പള്ളിക്ക് നേരെ ഷെല്ലാക്രമണം നടത്തിയ റഷ്യ കുട്ടികളെയടക്കം 80ഓളം പേരെ കൊലപ്പെടുത്തിയെന്ന് യുക്രൈൻ നേരത്തെ ആരോപിച്ചിരുന്നു.
റഷ്യയുടെ നിയന്ത്രണത്തിലായ യുക്രൈനിലെ മെലിറ്റോപോൾ നഗരത്തിൽ റഷ്യ പുതിയ മേയറെ നിയമിച്ചു. തെരഞ്ഞെടുക്കപ്പെട്ട മേയറെ റഷ്യൻ സൈന്യം തടവിലാക്കിയ ശേഷമാണ് പുതിയ മേയറെ നിയമിച്ചത്. സാപോറോഷെയിലെ പ്രാദേശിക ഭരണകൂടത്തെ ഉദ്ധരിച്ചാണ് അന്തർദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. മേയർ ഇവാൻ ഫെഡോറോവിനെ വെള്ളിയാഴ്ച റഷ്യൻ സൈനികർ തട്ടിക്കൊണ്ടുപോയിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യയുടെ പുതിയ നടപടി.
സിറ്റി കൗൺസിൽ അംഗമായ ഗലീന ഡാനിൽചെങ്കോയാണ് പുതിയ മേയറെന്ന് സാപോറോഷെ റീജണൽ അഡ്മിനിസ്ട്രേഷൻ വെബ്സൈറ്റിൽ പറയുന്നു. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടാതെ മേയറായതിനാൽ ഗലീന ഡാനിൽചെങ്കോയെ ആക്ടിങ് മേയറെന്നാണ് പ്രാദേശിക മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്.
അതേസമയം, മേയറെ റഷ്യൻ സൈന്യം ഉടൻ വിട്ടയക്കണമെന്ന് യുക്രൈൻ പ്രസിഡന്റ് വ്ളോദിമിർ സൈലൻസ്കി ആവശ്യപ്പെട്ടു. മേയറെ തിരിച്ചെത്തിക്കുന്നതിന് വേണ്ടി സെലൻസ്കി ഫ്രാൻസിന്റെയും ജർമ്മനിയുടെയും സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. റഷ്യൻ അധിനിവേശത്തിനെതിരെയും മേയറെ തട്ടിക്കൊണ്ട് പോയതിനെതിരെയും മെലിറ്റോപോൾ നഗരത്തിൽ പൊതുജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്.
റഷ്യൻ അധീനതയിലായ സ്പ്രോഷ്യ നഗരത്തിലെ ആണവനിലയം സ്ഥിരമാസി കൈവശപ്പെടുത്താൻ റഷ്യ ഒരുങ്ങുന്നതിൽ യുക്രൈൻ ആശങ്ക പ്രകടിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...