ബെയ്ജിംഗ്: ചൈനയിലെ സഫാരി പാര്‍ക്കില്‍ കടുവയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. കാറില്‍ നിന്നും ഇറങ്ങിവരുന്നതിനിടയില്‍ ഇവരെ പാര്‍ക്കിലെ കടുവ ആക്രമിക്കുകയായിരുന്നു. സംഭവം നടന്ന അതെ നിമിഷം തന്നെ കാറില്‍ ഉണ്ടായിരുന്ന സ്ത്രീയുടെ അമ്മയെന്ന്‍ കരുതുന്ന യുവതിയും തന്‍റെ മകളെ  രക്ഷിക്കാന്‍ കടുവയുടെ പിന്നാലെ പോയി. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍, അപ്പോള്‍ തന്നെ മറ്റൊരു കടുവ അവരെയും ആക്രമിച്ചു. ഈ ആക്രമണത്തില്‍ അവര്‍ കൊല്ലപ്പെടുകയും ചെയ്തു. ആക്രമണത്തിന്‍റെ തൊട്ടടുത്ത നിമിഷം തന്നെ ഫോറസ്റ്റ് റേഞ്ചേര്‍സ് ഇടപെട്ടുവെങ്കിലും ഒരു സ്ത്രീയെ മാത്രമേ രക്ഷപെടുത്താന്‍ സാധിച്ചുള്ളു.


പാര്‍ക്കിലെ സൈബീരിയന്‍ കടുവയുടെ ആക്രമണത്തിനാണ് ഇവര്‍ ഇരയായത്. ആക്രമണ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.കടുവ ആക്രമിച്ച് സ്ത്രീയെ വനത്തിനുള്ളിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോകുന്നത് ദൃശ്യങ്ങളില്‍ കാണാം.  


6000 ഏക്കര്‍ പ്രദേശത്ത് പരന്നു കിടക്കുന്ന പാര്‍ക്കിലേക്ക് സ്വകാര്യ വാഹനങ്ങള്‍ പ്രവേശിപ്പിക്കാന്‍ അനുമതി ഉണ്ടെങ്കിലും വാഹനത്തില്‍ നിന്നും പുറത്തേക്കിറങ്ങാന്‍ അനുമതിയില്ല. ഇതു മറികടന്ന് പുറത്തിറങ്ങിയതിനെ തുടര്‍ന്നാണ് ഇവര്‍ ആക്രമണത്തിനിരയായത്.