Taliban: അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികൾക്ക് സെക്കണ്ടറി വിദ്യാഭ്യാസം നിഷേധിച്ച് താലിബാൻ തീവ്രവാദികളുടെ നേതൃത്വത്തിലുള്ള സർക്കാർ
ഏഴ് മുതൽ 12 വരെയുള്ള ക്ലാസുകളിലെ ആൺകുട്ടികൾക്കുള്ള സെക്കണ്ടറി സ്കൂൾ ക്ലാസുകൾ പുനരാരംഭിക്കുമെന്ന് താലിബാൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു
കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ (Taliban) ഭീകരരുടെ ഭരണത്തിന് കീഴിൽ പെൺകുട്ടികളുടെ സെക്കണ്ടറി വിദ്യാഭ്യാസം അനിശ്ചിതത്വത്തിൽ. ഹൈസ്കൂളുകൾ ആൺകുട്ടികൾക്കായി മാത്രം വീണ്ടും തുറക്കാൻ ഉത്തരവിട്ടുകൊണ്ട് അഫ്ഗാനിസ്ഥാനിൽ (Afghanistan) പെൺകുട്ടികളെ സെക്കണ്ടറി വിദ്യാഭ്യാസത്തിൽ നിന്ന് താലിബാൻ വിലക്കിയതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.
സെക്കണ്ടറി സ്കൂളുകൾ വീണ്ടും തുറക്കുന്ന പ്രഖ്യാപനത്തിൽ പെൺകുട്ടികളെ പരാമർശിച്ചിട്ടില്ല. അതായത് ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം അടുത്ത ആഴ്ച ആൺകുട്ടികൾ സ്കൂളുകളിൽ തിരിച്ചെത്തും. അതേസമയം പെൺകുട്ടികൾ വീടുകളിൽ തുടരേണ്ടി വരും. ഏഴ് മുതൽ 12 വരെയുള്ള ക്ലാസുകളിലെ ആൺകുട്ടികൾക്കുള്ള സെക്കണ്ടറി സ്കൂൾ ക്ലാസുകൾ പുനരാരംഭിക്കുമെന്ന് താലിബാൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
എല്ലാ പുരുഷ അധ്യാപകരും വിദ്യാർത്ഥികളും അവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തണമെന്ന് പ്രസ്താവനയിൽ പറയുന്നു. പെൺകുട്ടികളുടെയും അധ്യാപികമാരുടെയും കാര്യത്തെക്കുറിച്ച് അഭിസംബോധന ചെയ്യപ്പെട്ടിട്ടില്ല. ഈ ഉത്തരവോടെ അഫ്ഗാനിസ്ഥാൻ പകുതി ജനങ്ങളെയും സെക്കണ്ടറി വിദ്യാഭ്യാസം നേടുന്നതിൽ നിന്ന് വിലക്കുന്ന ഏക രാജ്യമാകും.
താലിബാൻ സർക്കാർ സ്ത്രീകൾക്കുള്ള നിയന്ത്രണങ്ങൾ (Restrictions) കർശനമാക്കുന്നു എന്നതിന്റെ മറ്റൊരു സൂചനയായി വനിതാ മന്ത്രാലയത്തിലേക്കുള്ള സ്ത്രീ ജീവനക്കാരുടെ പ്രവേശനം തടഞ്ഞിരുന്നു. 1990 കളിൽ പുരുഷ രക്ഷാകർത്താവ് ഇല്ലാതെ പൊതുസ്ഥലത്ത് പോകുന്നത് മുതൽ ഉയർന്ന ഹീലുള്ള ചെരുപ്പ് ധരിക്കുന്നതോ ഡ്രസ് കോഡ് ലംഘിക്കുകയോ ചെയ്യുന്നതിന് പോലും സ്ത്രീകളെ ശിക്ഷിച്ചിരുന്നു.
ALSO READ: Afghanistan: കാബൂളിലെ വനിതാ മന്ത്രാലയത്തിൽ സ്ത്രീ ജീവനക്കാർക്ക് പ്രവേശനം നിഷേധിച്ച് താലിബാൻ
"വിദ്യാഭ്യാസവും സാക്ഷരതയും ഇസ്ലാമിൽ ശക്തമായി വിലമതിക്കപ്പെടുന്നു. താലിബാന് ഇസ്ലാമിക നിയമങ്ങളുടെ അടിസ്ഥാനത്തിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കാൻ കഴിയില്ല. അതിനാൽ സുരക്ഷ മെച്ചപ്പെടുമ്പോൾ പെൺകുട്ടികൾക്കായി സ്കൂളുകൾ തുറക്കുമെന്ന് എപ്പോഴും പ്രഖ്യാപിക്കും. എന്നാൽ ഈ പ്രഖ്യാപനം ഒരിക്കലും പ്രാവർത്തികമാക്കിയിട്ടില്ലെന്നും ഇത് വെറും വാചക കസർത്ത് മാത്രമാണെന്നും അഫ്ഗാനിസ്ഥാനിൽ ജോലി ചെയ്തിരുന്ന അഫ്ഗാനിസ്ഥാൻ അനലിസ്റ്റ് നെറ്റ്‌വർക്കിന്റെ സഹ ഡയറക്ടർ കേറ്റ് ക്ലാർക്ക് പറഞ്ഞു.
നിലവിൽ പെൺകുട്ടികൾക്ക് കർശന നിയന്ത്രണങ്ങളോടെ സർവ്വകലാശാലകളിൽ (University) പഠിക്കാമെന്നാണ് താലിബാൻ തീവ്രവാദികൾ വ്യക്തമാക്കിയത്. എന്നാൽ അടുത്ത തലമുറയ്ക്ക് സെക്കണ്ടറി വിദ്യാഭ്യാസം നേടാനാകാതെ വരുന്നതോടെ പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസം അവസാനിക്കും. അഫ്ഗാനിസ്ഥാൻ സാമ്പത്തിക തകർച്ചയുടെ വക്കിലാണ്. താലിബാൻ തീവ്രവാദികളുടെ നേതൃത്വത്തിലുള്ള സർക്കാർ അന്താരാഷ്ട്ര അംഗീകാരവും ഫണ്ടുകളും തേടുന്നുണ്ട്.
അതിനാൽ താലിബാൻ സ്ത്രീകളോട് പെരുമാറുന്നത് അന്താരാഷ്ട്ര സമൂഹം ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുന്നുണ്ടെന്ന് ഇവർക്ക് അറിയാം. ഇത്തരം സാഹചര്യങ്ങളിൽ പോലും അഫ്ഗാൻ സ്ത്രീകളെ ജോലിയിൽ നിന്ന് തന്ത്രപൂർവം മാറ്റിനിർത്തിയിരിക്കുകയാണ്. പുരുഷ ജീവനക്കാരെ ഓഫീസുകളിലേക്ക് തിരികെ വിളിച്ചുവെങ്കിലും സുരക്ഷാ സാഹചര്യങ്ങൾ സ്ത്രീകൾക്ക് അനുകൂലമല്ലെന്ന മുടന്തൻ ന്യായം ഉന്നയിച്ചാണ് സ്ത്രീകളെ ജോലി ചെയ്യുന്നതിൽ നിന്നും താലിബാൻ വിലക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...