കാബൂൾ: കാബൂളിലെ വനിതാ കാര്യ മന്ത്രാലയത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് വനിതാ ജീവനക്കാരെ വിലക്കി താലിബാൻ (Taliban). കെട്ടിടത്തിലേക്ക് പുരുഷന്മാരെ മാത്രം അനുവദിച്ചതായും സ്ത്രീകളെ വിലക്കിയതായും മന്ത്രാലയത്തിലെ ഒരു ജീവനക്കാരൻ പറഞ്ഞതായി സ്പുട്നിക് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
20 വർഷങ്ങൾക്ക് ശേഷം താലിബാൻ വീണ്ടും അഫ്ഗാനിസ്ഥാന്റെ (Afghanistan) നിയന്ത്രണം ഏറ്റെടുത്തപ്പോൾ, തീവ്രവാദ ഗ്രൂപ്പിന്റെ ഭരണത്തിൽ അഫ്ഗാൻ സ്ത്രീകൾ അനിശ്ചിതാവസ്ഥ നേരിടേണ്ടിവരുമെന്ന് തന്നെയാണ് അഫ്ഗാനിൽ നിന്നുള്ള പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
"ഇസ്ലാമിക നിയമങ്ങൾ അടിസ്ഥാനമാക്കി സ്ത്രീകൾക്ക് അവരുടെ അവകാശങ്ങൾ നൽകാൻ താലിബാൻ പ്രതിജ്ഞാബദ്ധരാണ്. സ്ത്രീകൾക്ക് ആരോഗ്യമേഖലയിലും അവർക്ക് ആവശ്യമുള്ള മറ്റ് മേഖലകളിലും പ്രവർത്തിക്കാനാകും. സ്ത്രീകളോട് വിവേചനം ഉണ്ടാകില്ല," താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് മുൻപ് പറഞ്ഞ് ഇങ്ങനെയാണ്. കഴിഞ്ഞ മാസം അധികാരത്തിൽ വന്നതിനു ശേഷം, അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ അവകാശങ്ങളെ മാനിക്കുമെന്ന് ഉറപ്പ് നൽകിയതിൽ നിന്ന് താലിബാൻ ഭീകരർ പിന്മാറുകയും സ്ത്രീകൾക്ക് ജോലികളിൽ നിന്ന് വിലക്ക് കൽപ്പിക്കുകയുമായിരുന്നു.
സർവ്വകലാശാലകളിലും (University) പെൺകുട്ടികൾക്ക് നിയന്ത്രണങ്ങൾ കൊണ്ടുവന്നു. പുതിയ ഡ്രസ് കോഡ് പ്രഖ്യാപിക്കുകയും പുരുഷന്മാരുടെ ഒപ്പം പഠിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു.
ക്ലാസ് മുറികളെ രണ്ടായി തിരിക്കുമെന്നും പെൺകുട്ടികൾക്ക് വനിതാ അധ്യാപികയെ നിയമിക്കുമെന്നും താലിബാൻ വ്യക്തമാക്കിയിരുന്നു. നിശ്ചിത യോഗ്യതയുള്ള വനിതാ അധ്യാപികയെ ലഭിച്ചില്ലെങ്കിൽ പെൺകുട്ടികളെ പഠിപ്പിക്കുന്നതിന് വയസ്സായ പുരുഷ അധ്യാപകരെ നിയമിക്കുമെന്നും താലിബാൻ പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...