യുവാക്കളെ വഴിതെറ്റിക്കുന്നുവെന്ന് ആരോപിച്ച് ടിക് ടോക്കിന് നിരോധനം ഏർപ്പെടുത്തി താലിബാൻ ഭരണകൂടം. താലിബാൻ വക്താവാണ് ഇതുസംബന്ധിച്ച വിവരം  ട്വിറ്ററിലൂടെ അറിയിച്ചത്. ഇസ്ലാമിക നിയമങ്ങളുമായി പൊരുത്തപ്പെടാത്ത പലതും ടിക് ടോക്കിലുണ്ടെന്നാണ് താലിബാൻ ഭരണകൂടത്തിന്‍റെ കണ്ടെത്തൽ. അഫ്‌ഗാനിസ്ഥാനിൽ ഭരണം നടത്തുന്ന താലിബാൻ മന്ത്രിസഭയാണ് ടിക് ടോക്ക് നിരോധിക്കണമെന്ന തീരുമാനം എടുത്തത്. ടിക് ടോക്കിന് മാത്രമല്ല, പബ്ജിക്കും രാജ്യത്ത് വിലക്കുണ്ട്.

 

താലിബാൻ വക്താവ് ഇനാമുല്ലാ സമാംഗനിയാണ് ഭരണകൂടത്തിന്‍റെ തീരുമാനം അറിയിച്ചത്. രാജ്യത്തെ ടെലിവിഷനുകൾക്ക് ഇനി മുതൽ ചില ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്യുന്നതിലും വിലക്കുണ്ടെന്നാണ് ഇനാമുല്ല അറിയിച്ചിരിക്കുന്നത്. ചൈനീസ് ആപ്ലിക്കേഷനാണ് ടിക് ടോക്കിന് യുവാക്കളെ തെറ്റായ രീതിയിൽ സ്വാധീനിക്കാനുള്ള കഴിവുണ്ടെന്നും ഇസ്ലാമിക നിയമങ്ങൾക്ക് വിരുദ്ധമായ പലതും അതിലുണ്ടെന്നും ഇനാമുല്ല പറയുന്നു. ഭക്ഷിണ കൊറിയൻ ഗെയിമായ പബ്‌ജിക്കും സമാനമായ പ്രശ്നങ്ങളുണ്ടെന്നാണ് ഭീകര ഭരണകൂടം കണ്ടെത്തിയത്. ഇതെ തുടർന്നാണ് പബ്‌ജിക്കും വിലക്ക് വീണത്. 

 

ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാരോട് ഈ രണ്ട് ആപ്ലിക്കേഷനുകളും അഫ്ഗാനിസ്ഥാനിൽ ലഭ്യമാക്കരുതെന്ന നിർദേശം താലിബാൻ ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. 40 മില്യൺ ജനസംഖ്യയുള്ള അഫ്ഗാനിസ്ഥാനിൽ 23 ശതമാനം പേർക്ക് ഇന്റർനെറ്റ് ഉപയോഗിക്കാൻ സൗക്യര്യമുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2021നെ അപേക്ഷിച്ച് ഇന്റർനെറ്റ് ഉപയോഗത്തിൽ ഏഴ് ശതമാനത്തിന്‍റെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വാട്‌സ്ആപ്പ്, ഫേസ്ബുക്ക് എന്നീ സമൂഹ മാധ്യമങ്ങൾക്ക് രാജ്യത്ത് വിലക്കില്ല.


2021ലാണ് അഫ്ഗാനിസ്ഥാനിലെ സർക്കാരിനെ അട്ടിമറിച്ച് ഭീകരസംഘടനയായ താലിബാൻ രാജ്യത്തിന്‍റെ അധികാരം പിടിച്ചടക്കുന്നത്. ഭരണം ഏറ്റെടുത്ത ശേഷം പല പുതിയ നിയമങ്ങളും അവർ നടപ്പിലാക്കി. പെൺകുട്ടികൾക്ക് ഹൈസ്‌കൂൾ വിദ്യാഭ്യാസം നിർത്തലാക്കുക, സർക്കാർ ഉദ്യോഗസ്ഥരായ പുരുഷൻമാർ നിർബന്ധമായും താടി വളർത്തുക, സ്ത്രീകൾക്ക് കുടുംബത്തിലെ ഒരു പുരുഷൻ ഇല്ലാതെ 43 മൈലിൽ അധികം ടാക്സി യാത്ര അനുവദിക്കാതിരിക്കുക എന്നിവ ഇവയിൽ ചിലത് മാത്രമാണ്. മനുഷ്യാവകാശ സംഘടനകൾ താലിബാന്‍റെ ഇത്തരം പ്രവർത്തികൾക്കെതിരെ രംഗത്ത് വന്നിട്ടുമുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.