യംഗൂണ്‍: മ്യാന്‍മറില്‍ ആയിരക്കണക്കിനു റോഹിന്‍ഗ്യന്‍ വംശജര്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി യൂറോപ്യന്‍ റോഹിന്‍ഗ്യന്‍ കൗണ്‍സില്‍ റിപ്പോര്‍ട്ട്‍. ആയിരക്കണക്കിനു പേര്‍ക്കു സൈന്യത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റു. സാവധാനത്തിലുള്ള വംശഹത്യയാണ് ഇവിടെ നടന്നതെന്ന് കൗണ്‍സില്‍ വക്താവ് അനിത ഷൂഗ് വ്യക്തമാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

2000ഓളം പേര്‍ മ്യാന്‍മര്‍-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഒരുലക്ഷത്തോളം സിവിലിയന്‍മാര്‍ക്കു സംസ്ഥാനത്തുനിന്ന് പലായനം ചെയ്യേണ്ടിവന്നു. ആക്‌നാന്‍യാറില്‍നിന്നുള്ള നൂറിലധികം ഗ്രാമവാസികളെ അജ്ഞാത കേന്ദ്രത്തിലേക്കു മാറ്റിയതായും അവരുടെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്നും ഷൂഗ് പറഞ്ഞു.


റോഹിന്‍ഗ്യകള്‍ക്കെതിരായ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ സൈന്യത്തിനു കടിഞ്ഞാണിടാന്‍ മ്യാന്‍മര്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് യുഎന്‍ മനുഷ്യാവകാശ വിഭാഗം ഹൈകമ്മീഷണര്‍ റഅദ് അല്‍ ഹുസയ്ന്‍ ആവശ്യപ്പെട്ടു. റോഹിന്‍ഗ്യകള്‍ക്കെതിരേ സൈനികശക്തി പ്രയോഗിക്കുന്നത് അവസാനിപ്പിക്കണം. സിവിലിയന്‍മാരെ വിവേചനമില്ലാതെ സംരക്ഷിക്കുന്നതിനുള്ള കടമ രാജ്യത്തെ രാഷ്ട്രീയ നേതൃത്വത്തിനുണ്ടെന്നും അദ്ദേഹം അറിയിച്ചു


സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് മ്യാന്‍മറില്‍നിന്നു പലായനം ചെയ്യുന്ന റോഹിന്‍ഗ്യന്‍ വംശജരെ സ്വീകരിക്കാന്‍ തയ്യാറായതായി തായ്‌ലന്‍ഡ് അറിയിച്ചു. ഇത്തരത്തില്‍ സ്വീകരിക്കുന്നവര്‍ നാട്ടിലേക്കു മടങ്ങാന്‍ സജ്ജരായാല്‍ അവരെ തിരിച്ചയക്കുമെന്നും തായ്‌ലന്‍ഡ് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.