ഉത്തരകൊറിയ: ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തുന്നതിനുള്ള സ്ഥലവും തിയതിയും തീരുമാനിച്ചെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതു സംബന്ധിച്ചുള്ള അറിയിപ്പ് ഉടന്‍ തന്നെയുണ്ടാകുമെന്ന് ട്രംപ് പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കിങ് ജോങ് ഉന്നുമായുള്ള ചരിത്രപ്രാധാന്യമുള്ള കൂടിക്കാഴ്ച ഈ മാസം തന്നെയുണ്ടാകുമെന്ന സൂചനയാണ് ട്രംപ് നല്‍കിയത്. ഈ മാസാവസാനം തീരുമാനിച്ചിരുന്ന ബ്രസീല്‍ സന്ദര്‍ശനം യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് റദ്ദാക്കിയിട്ടുണ്ട്. കിം ട്രംപ് കൂടിക്കാഴ്ച ഈ മാസാവസാനം നടന്നേക്കുമെന്നതിന്‍റെ സൂചനയായാണ് ഇതിനെ കാണുന്നത്. കൂടിക്കാഴ്ചയുടെ കൂടുതല്‍ വിവരങ്ങള്‍ ഉടനെ അറിയിക്കുമെന്ന് ട്രംപ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.


ഇരു കൊറിയകളുടെയും അതിര്‍ത്തിയിലെ ശാന്തിഗൃഹം കൂടിക്കാഴ്ചയ്ക്കു പറ്റിയ വേദിയാണെന്നു നേരത്തെ ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. ഉത്തര കൊറിയയുടെ കസ്റ്റഡിയിലുള്ള മൂന്ന് അമേരിക്കന്‍ തടവുകാരുടെ മോചനം സംബന്ധിച്ചു ചര്‍ച്ച നടന്നു വരികയാണെന്നും ട്രംപ് സൂചിപ്പിച്ചു. ഇവരെ അടുത്തയിടെ ജയിലില്‍നിന്നു ഹോട്ടലിലേക്കു മാറ്റിയിരുന്നു. ദക്ഷിണ കൊറിയയിലെ അമേരിക്കന്‍ സൈന്യത്തിന്‍റെ എണ്ണം കുറക്കുന്ന കാര്യം പരിഗണിക്കുന്നതായും ട്രംപ് വ്യക്തമാക്കി.