തുർക്കി: ഭൂകമ്പം നാശംവിതച്ച തുർക്കിയിലും സിറിയയിലും മരിച്ചവരുടെ എണ്ണം 15000 കടന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ബുധനാഴ്ച കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തതോടെയാണ് മരണസംഖ്യ വർധിച്ചത്. തുടര്‍ചലനങ്ങളും കനത്ത മഴയും മഞ്ഞു വീഴ്ചയും ഇപ്പോഴും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി തുടരുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

മരണസംഖ്യ 20000 കടക്കുമെന്ന ആശങ്കയിലാണ് ലോകാരോഗ്യ സംഘടന. ഗുരുതരമായി പരിക്കേറ്റ ആയിരക്കണക്കിന് ആളുകള്‍ ചികിത്സ കിട്ടാതെ ദുരിതത്തില്‍ കഴിയുകയാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഭൂകമ്പമുണ്ടായി 72 മണിക്കൂർ പിന്നിട്ടിട്ടും ഇപ്പോഴും കോണ്‍ക്രീറ്റ് കട്ടകള്‍ക്കിടയില്‍ പലരും കുടുങ്ങിക്കിടക്കുകയാണ്. കെട്ടിടങ്ങൾ വൻ ശബ്ദത്തോടെ നിലംപതിച്ചപ്പോൾ അതിനിടയിൽ കുടുങ്ങിയവരും പതിനായിരത്തിലേറെ. മനുഷ്യര്‍ മാത്രമല്ല മിണ്ടാപ്രാണികളും ദുരന്തത്തിന്‍റെ ഭാരം പേറുന്നു.


രണ്ട് രാജ്യങ്ങളിലുമായി 2.3 കോടി ജനങ്ങളെ ദുരന്തം ബാധിച്ചിട്ടുണ്ടെന്നാണ് ലോകാരോ​ഗ്യ സംഘടനയുടെ വിലയിരുത്തൽ. പൂജ്യം ഡിഗ്രി സെല്‍ഷ്യസ് വരെ താഴുന്ന താപനിലയോടും ഇടയ്ക്കിടെ പെയ്യുന്ന മഴയോടും മല്ലിട്ടാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. പ്രതികൂല കാലാവസ്ഥ കാരണം വൈദ്യസഹായം, വെള്ളം, ഭക്ഷണം എന്നിവ ദുരന്തമേഖലയില്‍ എത്തിക്കാനുള്ള മാര്‍ഗങ്ങള്‍ അടയുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടിയില്‍ നിന്ന് സഹായത്തിനായുള്ള നിലവിളികള്‍ ഉയരുന്നുണ്ടെങ്കിലും രക്ഷാപ്രവർത്തനത്തിനുള്ള ഉപകരണങ്ങളുടെ കുറവും ഉണ്ട്.


തുർക്കിയിൽ രക്ഷാപ്രവര്‍ത്തനം വൈകുന്നുവെന്ന ജനരോഷങ്ങൾക്കിടെ തുർക്കി പ്രസിഡൻ്റ് റജബ് ത്വയ്യിബ് എർദോഗൻ ദുരന്തമേഖലകള്‍ സന്ദർശിച്ചു. ദുരന്തത്തിന്റെ വ്യാപ്തി അളക്കാൻ ആയിട്ടില്ലെന്ന് എർദോഗൻ പറഞ്ഞു.


ദുരന്തബാധിത മേഖലയിൽ കുടുങ്ങിയ 10 ഇന്ത്യക്കാർ സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. വ്യാപാര ആവശ്യത്തിനായി പോയി കാണാതായ ബംഗളൂരു സ്വദേശിക്ക് വേണ്ടി അന്വേഷണം നടക്കുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. 


അതേസമയം ഭൂകമ്പം നാശം വിതച്ച തുർക്കിയിലെ രക്ഷാപ്രവർത്തനങ്ങളിൽ ഇന്ത്യൻ കൈത്താങ്ങ് തുടരുന്നു. ഓപ്പറേഷൻ ദോസ്തിന്റെ ഭാഗമായി വ്യോമസേനയുടെ 7 വിമാനങ്ങൾ ദുരന്തബാധിത മേഖലകളിലേക്ക് പുറപ്പെട്ടു. 150ലധികം രക്ഷാപ്രവർത്തകരും നൂറിൽ അധികം ആരോഗ്യ പ്രവർത്തകരും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.