ഇസ്താംബൂൾ: തുർക്കി, സിറിയ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 7000 കടന്നതായി റിപ്പോർട്ട്. ഭൂചലനത്തിൽ ഇതുവരെ 7800 പേർ മരിച്ചതായാണ് വിവരം. മരണസംഖ്യ ഇനിയും ഉയർന്നേക്കും. രക്ഷപ്രവർത്തനം പുരോ​ഗമിക്കുകയാണ്. എന്നാൽ കനത്ത മഞ്ഞും മഴയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി തുടരുകയാണ്. കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമവും തുടരുന്നു. രാജ്യം കണ്ട ഏറ്റവും വലിയ ഭൂകമ്പമാണ് തുർക്കിയിൽ സംഭവിച്ചിരിക്കുന്നത്. തകർന്ന കെട്ടിടങ്ങൾക്കിടയിൽ നിന്ന് സഹായം തേടിയുള്ള നിലവിളികൾ ഉയരുന്നതും ഉറ്റവരെ നഷ്ടപ്പെട്ടവരുടെ സങ്കടങ്ങളും ഒക്കെയായി പൊള്ളുന്ന കാഴ്ചയാണ് ദുരന്ത ഭൂമിയിൽ കാണാനാകുക.  


COMMERCIAL BREAK
SCROLL TO CONTINUE READING

കെട്ടിടങ്ങൾക്ക് അകത്ത് കുടുങ്ങിയവർ സഹായത്തിനായി ശബ്ദ സന്ദേശങ്ങളും മറ്റും അയയ്ക്കുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടേയും സാഹായം അഭ്യാർത്ഥനയെത്തുന്നുണ്ട്. എന്നാൽ രക്ഷാപ്രവർത്തകർക്ക് ഇപ്പോഴും പല ഇടങ്ങളിലും എത്താൻ സാധിച്ചിട്ടില്ല. വെല്ലുവിളിയായി നിൽക്കുന്ന കാലാവസ്ഥ റോഡും വൈദ്യുതി ബന്ധങ്ങൾ തകർന്നതുമാണ് രക്ഷാപ്രവർത്തനത്തിന് പ്രധാന തടസമാകുന്നത്. 8000ലധികം പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായി തുർക്കി വ്യക്തമാക്കി. വീടും താമസസ്ഥലവും നഷ്ടമായവരുടെ പുനരധിവാസവും പരിക്കേറ്റവരുടെ ചികിത്സയും പ്രതിസന്ധി കൂട്ടുന്നു. 50000 ടെന്റുകളും ഒരു ലക്ഷം കിടക്കകളും ദുരന്ത മേഖലയിൽ ഒരുക്കിയതായി തുർക്കി അറിയിച്ചു. തുടർ പ്രകമ്പന സാധ്യതയുള്ള മേഖലകൾ കണ്ടെത്താൻ മറ്റ് രാജ്യങ്ങളുടെ അടക്കം സാറ്റ്ലൈറ്റ് നിരീക്ഷണ റിപ്പോർട്ടുകൾ കൈമാറുമെന്ന് യൂറോപ്യൻ യൂണിയൻ അറിയിച്ചു.


Also Read: Turkey Earthquake: തുർക്കിക്ക് കൈത്താങ്ങായി ഇന്ത്യ; വ്യോമ സേനയുടെ സി- 17 വിമാനത്തിൽ രക്ഷാദൗത്യസംഘം തുർക്കിയിലെത്തി


 


സിറിയയിൽ സർക്കാർ അധീനതയിലുള്ള അലപ്പോ, ലതാകിയ, ഹമ, ഇദ്‌ലിബ്, ടാർട്ടൗസ് എന്നീ പ്രവിശ്യകളിലായി 812 പേർ മരിച്ചതായാണ് റിപ്പോർട്ട്. സിറിയയുടെ പ്രതിപക്ഷ നിയന്ത്രണത്തിലുള്ള വടക്കുപടിഞ്ഞാറൻ മേഖലയിൽ 1,120 പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. അതേസമയം തുർക്കി പ്രസിഡന്റ് എർദോഗൻ 10 തുർക്കി പ്രവിശ്യകളെ ദുരന്ത മേഖലയായി പ്രഖ്യാപിക്കുകയും മൂന്ന് മാസത്തേക്ക് അടിയന്തരാവസ്ഥ ഏർപ്പെടുത്തുകയും ചെയ്തു.


അതേസമയം, വൻ ദുരന്തം നേരിട്ടുകൊണ്ടിരിക്കുന്ന തുർക്കിക്ക് ലോക രാജ്യങ്ങൾ സഹായവുമായി എത്തിയിട്ടുണ്ട്. ഇന്ത്യ, അമേരിക്ക എന്നീ രാജ്യങ്ങളടക്കം 45 രാജ്യങ്ങൾ തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനും സഹായം വാഗ്ദാനം ചെയ്തു. ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് ടീമുകളെ തുർക്കിയിലേക്ക് അയക്കാൻ തയ്യാറാണെന്ന് ഇന്ത്യ അറിയിച്ചു. 50 അംഗങ്ങളുള്ള രണ്ട് എൻഡിആർഫ് ടീമിനെ ഇന്ത്യ തുർക്കിയിൽ വിന്യസിച്ചു. വ്യോമ സേനയുടെ സി- 17 വിമാനത്തിലായിരുന്നു സംഘം യാത്ര തിരിച്ചത്. ദുരിത ബാധിതർക്കായുള്ള ഭക്ഷണം, മരുന്ന് അടക്കമുളള വസ്തുക്കളുമായാണ് സേന തുർക്കിയിലേക്ക് പറന്നത്. മണ്ണിനടിയിൽ കുടുങ്ങിയവരെ കണ്ടെത്താൻ പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്‌ക്വാഡും സംഘത്തിനൊപ്പം ഉണ്ടായിരുന്നു. 


തുർക്കി നാറ്റോ അംഗമായതിനാൽ ആ നിലയ്ക്കും സഹായങ്ങൾ പ്രവഹിക്കുന്നുണ്ട്. അമേരിക്കയിലെ കാലിഫോർണിയയിൽ നിന്നും നൂറിലികം രക്ഷാപ്രവർത്തകരും എൻഞ്ചിനീയർമാരും പ്രത്യേക പരിശീലനം നേടിയ ഡോഗ് സ്ക്വാഡും തുർക്കിയിലെത്തിയിട്ടുണ്ട്. യൂറോപ്യൻ യൂണിയനും തുർക്കിക്ക് സഹായം വാഗ്ദാനം ചെയ്തു. റഷ്യയും നെതര്‍ലന്‍ഡ്സും തുര്‍ക്കിക്കൊപ്പം സിറിയയ്ക്കും സഹായം നൽകാമെന്ന് വ്യക്തമാക്കി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.