UK | നിർബന്ധിത കോവിഡ് ടെസ്റ്റ് നിർത്തിയേക്കും, വാക്സിനെടുത്തവർക്ക് യുകെയിൽ പ്രവേശിക്കാനാകുമെന്ന് റിപ്പോർട്ട്
പൂർണ്ണമായും വാക്സിനേഷൻ എടുത്ത യാത്രക്കാർക്ക് നിർബന്ധിത COVID-19 ടെസ്റ്റുകൾ നിർത്തലാക്കാൻ ബ്രിട്ടീഷ് എയർലൈൻസ് പ്രധാനമന്ത്രി ബോറിസ് ജോൺസനോട് ആവശ്യപ്പെട്ടിരുന്നു.
പൂർണമായി വാക്സിൻ സ്വീകരിച്ചവർക്ക് യുകെയിലേക്ക് മടങ്ങുന്നതിന് ഇനി കോവിഡ് ടെസ്റ്റുകൾ വേണ്ടിവരില്ലെന്ന് റിപ്പോർട്ട്. നിർബന്ധിത കോവിഡ് ടെസ്റ്റുകൾ നിർത്തലാക്കുമെന്ന് യുകെ ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്സിനോട് അടുപ്പമുള്ള ഒരു ഉറവിടത്തെ ഉദ്ധരിച്ച് ടൈംസ് റിപ്പോർട്ട് ചെയ്തു. പൂർണ്ണമായും വാക്സിനേഷൻ എടുത്ത യാത്രക്കാർക്ക് നിർബന്ധിത COVID-19 ടെസ്റ്റുകൾ നിർത്തലാക്കാൻ ബ്രിട്ടീഷ് എയർലൈൻസ് പ്രധാനമന്ത്രി ബോറിസ് ജോൺസനോട് ആവശ്യപ്പെട്ടിരുന്നു.
ജനുവരി അവസാനത്തോടെ ഇത് നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ഇത് ജനുവരി 26 ന് നടക്കുന്ന പ്ലാൻ ബി നടപടികളുടെ അവലോകനത്തിൽ തീരുമാനിക്കും. ഈ നീക്കം യുകെ കുടുംബങ്ങൾക്ക് വളരെയധികം ആശ്വാസം നൽകുന്നതാണ്. ചിലവേറിയ ടെസ്റ്റുകളിൽ നിന്ന് ഒഴിവാകാൻ സഹായിക്കുകയും വിനോദസഞ്ചാര വ്യവസായത്തെ വീണ്ടെടുക്കാനും സഹായിക്കും.
പൂർണ്ണമായും വാക്സിനേഷൻ എടുത്ത ആളുകൾക്കുള്ള പിസിആർ ടെസ്റ്റുകൾ നിർത്തലാക്കുന്നതിന് പുറമേ, മറ്റ് നിയന്ത്രണങ്ങളും, പ്രത്യേകിച്ച് കടകളിലും പൊതുഗതാഗതത്തിലും നിർബന്ധമായും മാസ്ക് ധരിക്കുന്നത് ഒഴിവാക്കാനും സർക്കാരിന്റെ പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ട്.
ക്രിസ്മസിന് മുന്നോടിയായി യുകെയിൽ COVID-19 കേസുകളുടെ വർധനവ് വളരെ ഉയർന്ന നിലയിലായിരുന്നു. ഡിസംബർ 7 ന്, ഒമിക്രോൺ വ്യാപനത്തിനിടെ രാജ്യത്ത് പ്രവേശിക്കുന്ന 12 വയസ്സിന് മുകളിലുള്ള എല്ലാ വ്യക്തികൾക്കും കോവിഡ് നെഗറ്റീവ് ആണെന്നുള്ള പരിശോധന ഫലം നിർബന്ധമാക്കിയിരുന്നു. 48 മണിക്കൂറിനുള്ളിൽ എടുത്ത സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടിയിരുന്നു.
ഡിസംബർ 8-ന്, യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ, രാജ്യം പ്ലാൻ ബി നിയന്ത്രണങ്ങളിലേക്ക് മാറുമെന്ന് പ്രഖ്യാപിച്ചു. വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് പ്രോത്സാഹിപ്പിച്ചു. മാസ്ക് ധരിക്കണമെന്നും ആവശ്യപ്പെട്ടു. കൂടാതെ, പൊതു സ്ഥലങ്ങൾ സന്ദർശിക്കുന്നതിന് വാക്സിനേഷൻ എടുത്തുവെന്ന് സ്ഥിരീകരിക്കുന്ന COVID-19 പാസ് നിർബന്ധമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...