വാഷിങ്ടണ്‍: ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് യുഎസ് പിന്‍മാറി. മനുഷ്യാവകാശ കൗണ്‍സില്‍ രാഷ്ട്രീയ പക്ഷപാതിത്വത്തിന്‍റെ അഴുക്കുചാലാണെന്ന് ആരോപിച്ചാണ് പിന്‍മാറ്റം. കൗണ്‍സില്‍ അംഗങ്ങള്‍ ഇസ്രയേലിനെതിരെ ഏകപക്ഷീയമായി പെരുമാറുന്നുവെന്നും കപടനാട്യം ആടുന്നുവെന്നും യുഎസ് ആരോപിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ആത്മവഞ്ചന നടത്തുന്ന സംഘടന മനുഷ്യാവകാശങ്ങളെ അപഹസിക്കുകയാണെന്നും യു.എസിന്‍റെ യു.എന്‍ പ്രതിനിധി നിക്കി ഹാലെ പറഞ്ഞു. കൗണ്‍സില്‍ ഇസ്രായേല്‍ വിരുദ്ധ പക്ഷമാണെന്നും അംഗത്വം തുടരുന്നത് പുനരാലോചിക്കുമെന്നും കഴിഞ്ഞ വര്‍ഷം നിക്കി ഹാലെ പറഞ്ഞിരുന്നു.


ട്രംപിന്‍റെ സെപ്പറേഷന്‍ നയത്തിനെതിരെ (യുഎസ് – മെക്‌സിക്കന്‍ അതിര്‍ത്തി കടന്ന് രാജ്യത്തെത്തുന്ന കുട്ടികളെയും മാതാപിതാക്കളെയും വേര്‍പിരിക്കുന്ന നയം) യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന്‍റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെയാണു ഹാലെയുടെ പ്രഖ്യാപനം വന്നത്.


2006ല്‍ ജനീവ ആസ്ഥാനമായി രൂപം കൊണ്ട കൗണ്‍സില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്ന പല രാജ്യങ്ങള്‍ക്കും അംഗത്വം നല്‍കിയിട്ടും ഇസ്രായേലിനെ അകറ്റി നിര്‍ത്തുകയാണെന്നുമാണ് യുഎസിന്‍റെ ആരോപണം.


നിരവധി മനുഷ്യാവകാശ ലംഘനം നടന്ന കോംഗോയെ അംഗമാക്കിയതാണ് വിമര്‍ശനത്തിന് ഇടവെച്ചത്. വെനസ്വേലയിലും ഇറാനിലും നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ അഭിമുഖീകരിക്കുന്നതില്‍ കൗണ്‍സില്‍ പരാജയമാണെന്നും നിക്കി ഹാലെ കുറ്റപ്പെടുത്തി. യുഎസിന്‍റെ തീരുമാനത്തില്‍ ദുഃഖമുണ്ടെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അറിയിച്ചു.