Kabul airstrike: കാബൂളിലെ റോക്കറ്റാക്രമണത്തിൽ തെറ്റുപറ്റി; മാപ്പ് ചോദിച്ച് യുഎസ്
ഓഗസ്റ്റ് 29നാണ് കാബൂൾ വിമാനത്താവളത്തിന് പുറത്ത് ഭീകരർ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി യുഎസ് ആക്രമണം നടത്തിയത്
വാഷിങ്ടൺ: കാബൂളിൽ ഐഎസ്ഐഎസ്-കെ (ISIS-K) ഭീകരരെ ലക്ഷ്യംവച്ച് നടത്തിയ റോക്കറ്റാക്രമണം തങ്ങൾക്ക് സംഭവിച്ച കൈപ്പിഴയാണെന്ന് യുഎസ്. അഫ്ഗാനിസ്ഥാനിലെ കാബൂളിൽ ഓഗസ്റ്റ് 29നാണ് കാബൂൾ വിമാനത്താവളത്തിന് പുറത്ത് ഭീകരർ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി യുഎസ് (United States) ആക്രമണം നടത്തിയത്.
സൈനിക പിന്മാറ്റത്തിന് പിന്നാലെ യുഎസ് കാബൂളിൽ (Kabul) നടത്തിയ ആക്രമണത്തിൽ സന്നദ്ധപ്രവർത്തകനടക്കം 10 പേരാണ് കൊല്ലപ്പെട്ടത്. രണ്ടു വയസുകാരി സുമയ ഉൾപ്പെടെ ഏഴു കുട്ടികളും യുഎസിന്റെ ആക്രമണത്തിൽ മരിച്ചു.
യുഎസിന്റെ പ്രതിരോധ ആസ്ഥാനമായ പെന്റഗണാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആക്രമണത്തിൽ നിഷ്കളങ്കരായ പത്തുപേരുടെ ജീവൻ പൊലിഞ്ഞതിൽ സൈനിക ജനറൽ കെന്നെത്ത് മക്കൻസി മാപ്പുചോദിച്ചു.
ഐഎസുമായി ബന്ധമുണ്ടെന്നു കരുതി സന്നദ്ധപ്രവർത്തകന്റെ കാർ എട്ടുമണിക്കൂറോളം യുഎസ് രഹസ്യാന്വേഷണവിഭാഗം പിന്തുടർന്നു. സ്ഫോടനവസ്തുക്കൾ ഉണ്ടെന്ന സംശയത്തിലാണ് കാർ വീട്ടിലേക്ക് കയറിയപ്പോൾ പിന്തുടർന്ന് ആക്രമിച്ചതെന്ന് മക്കൻസി പറഞ്ഞു.
എന്നാൽ, കാബൂള്‍ വിമാനത്താവളത്തിന് ഭീഷണി ഉയര്‍ത്തിയ ഒരു ചാവേറിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നായിരുന്നു യുഎസ് വ്യക്തമാക്കിയത്. കൊല്ലപ്പെട്ടവര്‍ക്ക് ഐഎസുമായി ബന്ധമുണ്ടായിരുന്നില്ലെന്നും തെറ്റായ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആക്രമണമുണ്ടായതെന്നും സമീപവാസികളെ ഉദ്ധരിച്ചുകൊണ്ട് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെ അന്വേഷണം നടത്തുമെന്ന് അമേരിക്ക പറഞ്ഞിരുന്നു. തുടക്കത്തിൽ ഐഎസ് ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് യുഎസ് പറഞ്ഞിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...