ന്യൂഡല്‍ഹി: ഫെഡറേഷന്‍ ഓഫ് അമേരിക്കന്‍ സയന്റിസ്റ്റ്‌സ്( എഫ്.എ.എസ്) പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് പാകിസ്ഥാന്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഒമ്പതിടങ്ങളില്‍ ആണവായുധങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന്നുവെന്നാണ്.  യുദ്ധത്തില്‍ ഏര്‍പ്പെടേണ്ടിവന്നാല്‍ പ്രയോഗിക്കാനായി തയ്യാറാക്കി വെച്ചിട്ടുള്ളവയാണ് ഇവ. പ്രാദേശിക കേന്ദ്രങ്ങളിലായാണ് ആണവ പോര്‍മുനകള്‍ സൂക്ഷിച്ചിരിക്കുന്നത്. അടിയന്തിര ഘട്ടത്തില്‍ ഇവയെ മിസൈലില്‍ ഘടിപ്പിച്ച് വിക്ഷേപിക്കാനാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്തരം കേന്ദ്രങ്ങളില്‍ ചിലത് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും യുഎസ് ആണവായുധ വിദഗ്ധനും എഫ്.എ.എസിനായി റിപ്പോര്‍ട്ട് തയ്യാറാക്കിയ ഹന്‍സ് ക്രിസ്റ്റന്‍സന്‍സ് പറയുന്നു. സൈനിക താവളങ്ങളോടനുബന്ധിച്ചാണ് ആണവായുധങ്ങള്‍ സംഭരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു. ഒറ്റനോട്ടത്തില്‍ വീടുകള്‍ പോലെ തോന്നിക്കുന്ന കേന്ദ്രങ്ങളിലാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്. അവയോടൊപ്പം ആണവായുധം വഹിക്കാന്‍ ശേഷിയുള്ള മിസൈലുകളും തയ്യാറാക്കിവെച്ചിട്ടുണ്ടാകാമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.


ആണവായുധം സാധാരണ ആക്രമണങ്ങള്‍ക്കെതിരെ പ്രയോഗിച്ചാല്‍ വളരെപെട്ടന്ന് തന്നെ ആണവയുദ്ധത്തിന് കാരണമാകുമെന്ന് ഹന്‍സ് ക്രിസ്റ്റന്‍സന്‍സ് പറയുന്നു. മാത്രമല്ല പാകിസ്താന്‍ ആണവ പോര്‍മുനകളുടെ എണ്ണം 130 മുതല്‍ 140 വരെയാക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ പാക് ആണവായുധ കേന്ദ്രങ്ങള്‍ കണ്ടെത്തുക അതീവ ദുഷ്‌കരമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ ലക്ഷ്യമാക്കി തയ്യാറാക്കി വെച്ചിട്ടുള്ള ആണവ പോര്‍മുനയുള്ള ഹൃസ്വദൂര ബാലിസ്റ്റിക് മിസൈലുകള്‍ നിരവധിയാണ് പാകിസ്താനിലുള്ളത്. എന്നാല്‍ ഈ ആണവായുധങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ഭീകരരുടെ കൈയില്‍ എത്തിപ്പെട്ടേക്കാമെന്ന് എഫ്.എ.എസ് റിപ്പോര്‍ട്ടില്‍ പറയുന്നു.