വാഷിംഗ്‌ടണ്‍: അമേരിക്കയെ തൊട്ടാല്‍ വിവരമറിയുമെന്ന്‍ ട്രംപിന്‍റെ മുന്നറിയിപ്പ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അമേരിക്കന്‍ പൗരന്‍മാരെയോ വസ്തുക്കളെയോ ആക്രമിച്ചാല്‍ ഇറാന്‍റെ പ്രധാനപ്പെട്ട 52 കേന്ദ്രങ്ങളില്‍ തിരിച്ചാക്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആ ആക്രമണം വളരെ വേഗത്തിലും അതിശക്തവുമായിരിക്കുമെന്നും ട്രംപ് പറഞ്ഞു.


പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ രൂക്ഷമാകുമെന്ന സൂചനയാണ് ട്രംപിന്‍റെ ഈ പ്രസ്താവനയില്‍ നിന്നും മനസിലാകുന്നത്‌.


 



 


ഇറാന്‍റെ 52 കേന്ദ്രങ്ങള്‍ ഞങ്ങള്‍ ലക്ഷ്യമിട്ടിട്ടുണ്ട്. ഇറാന് ഏറെ പ്രധാനപ്പെട്ടതും ഇറാനിയന്‍ സംസ്‌കാരവുമായി അടുത്തബന്ധമുള്ളവയുമാണിത്. അതെല്ലാം അതിവേഗത്തില്‍ തകര്‍ക്കുമെന്നാണ് ട്രംപ് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്‌. 


അമേരിക്കയുടെ 35 സൈനിക താവളങ്ങളും ഇസ്രായേല്‍ നഗരമായ ടെല്‍ അവീവും തങ്ങളുടെ സൈനിക പരിധിക്കുള്ളിലാണെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ ഘൊലമാലി അബുഹമേസ് കഴിഞ്ഞദിവസം അവകാശപ്പെട്ടിരുന്നു. 


ഖാസിം സുലൈമാനിയെ വധിച്ചതിന് പ്രതികാരം ചെയ്യാനുള്ള അവകാശം ഇറാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ട്രംപ് ഇറാന് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.


ഇതിനിടെ ഇന്നലെ ബാഗ്ദാദിലെ യുഎസ് എംബസിക്ക് സമീപം റോക്കറ്റ് ആക്രമണമുണ്ടായി. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.


Also read: തിരിച്ചടിച്ച് ഇറാന്‍; ഇറാഖിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ ആക്രമിച്ചു


ഇറാനിലെ യുഎസ് എംബസി വളഞ്ഞ് ഉദ്യോഗസ്ഥരെ ബന്ദികളാക്കിയ സംഭവവുമായി ബന്ധപ്പെട്ടാണ് 52 ഇറാനിയന്‍ സൈറ്റുകളെന്നു ട്രംപ്‌ സൂചിപ്പിച്ചതെന്നാണ് കരുതുന്നത്. 1979 ലാണ് ഇറാന്‍ മൗലികവാദി സംഘത്തിന്‍റെ നേതൃത്വത്തില്‍ യുഎസ് പൗരന്മാരും നയതന്ത്ര ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 52 പേരെ ബന്ദികളാക്കിയത്.


ഇത് ഇറാന്‍-യുഎസ് ബന്ധത്തില്‍ വിള്ളലുണ്ടാക്കിയ പ്രധാന സംഭവമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒടുവില്‍ ഇറാനില്‍ രാഷ്ട്രീയപരവും സൈനികപരവുമായുള്ള ഒരു കാര്യത്തിലും ഇടപെടില്ലെന്ന യുഎസിന്‍റെ ഭാഗത്തുനിന്നും ഉറപ്പുനല്‍കുന്ന 'അള്‍ജീരിയ പ്രഖ്യാപന'ത്തില്‍ ഒപ്പിട്ടതിനെ തുടര്‍ന്നാണ് ബന്ദികളെ മോചിപ്പിച്ചത്.