ബാഗ്‌ദാദ്: കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ വധത്തിനു മറുപടികൊടുത്ത് ഇറാന്‍. ഇറാഖിന്‍റെ തലസ്ഥാനമായ ബഗ്ദാദിലെ യുഎസ് സൈനികരുടെ താവളത്തിനു നേരെയാണ് ഇറാന്‍ ആക്രമണം നടത്തിയത്.
എന്നാല്‍ ആക്രമണത്തില്‍ ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൊല്ലപ്പെട്ട ഖാസിം സുലൈമാനിയുടെ മൃതദേഹവുമായുള്ള വിലാപയാത്ര ഇറാനിലേക്ക് പുറപ്പെട്ടതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്.
ബാഗ്ദാദിലെ അമേരിക്കന്‍ എംബസി പരിസരത്തും തലസ്ഥാനത്തിന് 80 കിലോമീറ്റര്‍ അകലെയുള്ള ബലദ് എയര്‍ഫോഴ്‌സിനു നേരെയുമാണ് ആക്രമണമുണ്ടായത്. രണ്ടിടത്തും റോക്കറ്റുകള്‍ പതിച്ചിരുന്നു. ആക്രമണത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. റഷ്യന്‍ നിര്‍മിത കാത്യുഷ റോക്കറ്റുകളാണ് (Katyusha rocket) എയര്‍ബേസില്‍ പതിച്ചതെന്ന് അന്തരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഉടന്‍ തന്നെ അപായ സൈറന്‍ മുഴങ്ങിയിരുന്നു. എവിടെ നിന്നാണ് റോക്കറ്റ് വന്നതെന്നറിയാന്‍ യുഎസ് ആളില്ലാ ഡ്രോണുകള്‍ അയച്ചിട്ടുണ്ട്.
ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ സൈന്യം വ്യോമ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇറാന്‍റെ തിരിച്ചടിക്ക് മുന്‍കരുതലായി ഗള്‍ഫ് മേഖലയിലേക്ക് അമേരിക്ക കൂടുതല്‍ സൈനികരെ വിന്യസിച്ചിരുന്നു.
കൊലപ്പെട്ട ഇറാന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ സംസ്‌കാര ചടങ്ങുകള്‍ ഇപ്പോള്‍ ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ പുരോഗമിക്കുകയാണ്. സംസ്‌കാരചടങ്ങുകള്‍ ടെഹ്‌റാനില്‍ പുരോഗമിക്കുന്നതിനിടെയാണ് അമേരിക്കന്‍ എംബസിയെ അടക്കം ലക്ഷ്യം വച്ചുള്ള റോക്കറ്റ് ആക്രമണം ഇറാന്‍ നടത്തിയത്.
ഖാസിം സുലൈമാനിയുടെ മരണത്തിനു പിന്നാലെ ഇറാഖില്‍ അമേരിക്ക വീണ്ടും വ്യോമാക്രമണം നടത്തിയിരുന്നു. ഇറാന്‍ പൗര സേനയുടെ ആറുപേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.