Covid in China: ചൈനയിലെ കോവിഡ് വ്യാപനം: ആശങ്കയുണ്ടെന്ന് ലോകാരോഗ്യ സംഘടന
തീവ്ര വ്യാപന ശേഷിയുള്ള ഒമിക്രോൺ വകഭേദങ്ങളായ BA.5.2, BF.7 എന്നിവയാണ് ചൈനയിൽ പടർന്നു പിടിക്കുന്നത്.
ചൈനയിലെ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് വലിയ ആശങ്കയുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അഥനോം ഗബ്രിയാസിസ്. വാക്സിനേഷനിൽ ചൈനയുടെ മെല്ലെപ്പോക്ക് കൂടുതൽ ആളുകൾ കോവിഡ് ബാധിതരാകാൻ കാരണമാകുമെന്നും ചൈനയിലെ ആശുപത്രികൾ, തീവ്രപരിചരണ വിഭാഗത്തിൻ്റെ കണക്കുകൾ തുടങ്ങി കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാകേണ്ടതുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
'രോഗവ്യാപനത്തിൻ്റെ തോത്, രോഗികൾക്കായി ആശുപത്രികളിലുള്ള ഒഴിവുകൾ, തീവ്രപരിചരണ വിഭാഗത്തിൻ്റെ ആകെ കണക്കുകൾ തുടങ്ങി ചൈനയിലെ കോവിഡ് ഭീതിയുടെ വ്യാപ്തി വ്യക്തമായി മനസിലാക്കേണ്ടതുണ്ട്. ചൈനയിൽ ഉടനീളമുള്ള ജനവിഭാഗത്തിന് മുൻഗണന ക്രമത്തിൽ വാക്സിനേഷൻ ഉറപ്പ് വരുത്താനാവശ്യമായ എല്ലാ സഹായവും ലോകാരോഗ്യ സംഘടനയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നുണ്ട്. കോവിഡ് ഭീതി മറികടക്കാനും ആരോഗ്യ മേഖലയെ സംരക്ഷിക്കാനും ചൈനയ്ക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നത് തുടരും'. ലോകാരോഗ്യ സംഘടന തലവൻ പറഞ്ഞു.
READ ALSO: ന്യൂസിലൻഡിലെ കെർമഡെക് ദ്വീപുകളിൽ ഭൂചലനം; സുനാമി മുന്നറിയിപ്പ്
ജനുവരിയിൽ ആഗോളതലത്തിൽ കോവിഡ് കണക്കുകളിൽ വലിയ വർധന രേഖപ്പെടുത്തിയിരുന്നു. ഇതിന് ശേഷം ഓരോ ആഴ്ചകളിലും കോവിഡ് കണക്കുകളിൽ വ്യക്തമായ കുറവാണ് രേഖപ്പെടുത്തുന്നത്. കോവിഡ് മരണങ്ങളിൽ ഏകദേശം 90% കുറവുണ്ടായെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചും ഒമിക്രോൺ വ്യാപനത്തിൻ്റെ സമയത്തെ അപേക്ഷിച്ചും ഇപ്പോൾ കൂടുതൽ മെച്ചപ്പെട്ട നിലയാണുള്ളതെന്ന് ടെഡ്രോസ് അഥനോം ഗബ്രിയാസിസ് പറഞ്ഞു.
കോവിഡ് വ്യാപനം പൂർണമായി അവസാനിച്ചെന്ന് പറയാറായിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. പരിശോധനയിലും നിരീക്ഷണത്തിലും ഇപ്പോഴും ന്യൂനതകളുണ്ട്. ആരോഗ്യ പ്രവർത്തകരും പ്രായമായവരും ഉൾപ്പെടെ ലക്ഷക്കണക്കിന് ആളുകൾ ഉൾപ്പെടുന്ന വലിയ ഒരു സമൂഹം ഇപ്പോഴും ഹൈ റിസ്ക് കാറ്റഗറിയിൽ തന്നെയാണുള്ളത്. വാക്സിനേഷൻ്റെ അപര്യാപ്തത തന്നെയാണ് ഇതിന് കാരണം. ചികിത്സ പിഴവുകൾ കാരണം നിരവധിയാളുകൾക്ക് ജീവൻ നഷ്ടമാകുന്നു. ആരോഗ്യ മേഖലകളിലെ പോരായ്മകൾ കാരണം കോവിഡ് രോഗികൾക്ക് പുറമെ പനിയും മറ്റ് രോഗങ്ങളുമുള്ളവരെ കൈകാര്യം ചെയ്യാനും പ്രതിസന്ധികൾ നേരിടുന്നുണ്ട്. കോവിഡാനന്തര രോഗികളെ എങ്ങനെ പരിചരിക്കണമെന്ന കാര്യത്തിലും പൂർണമായ വ്യക്തതയില്ല. ഇതിനെല്ലാം പുറമെ, ഭാവിയിൽ ഉണ്ടായേക്കാവുന്ന മറ്റ് മഹാമാരികളെ പ്രതിരോധിക്കുന്നതിന് കോവിഡ് എങ്ങനെയെല്ലാം വെല്ലുവിളികൾ ഉയർത്തുന്നുണ്ടെന്ന കാര്യത്തിലും വ്യക്തതയില്ലെന്നും ടെഡ്രോസ് അഥനോം ഗബ്രിയാസിസ് കൂട്ടിച്ചേർത്തു.
നിലവിലെ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട വിവരങ്ങൾ അടിയന്തരമായി കൈമാറണമെന്ന് ലോകാരോഗ്യ സംഘടന ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിതീവ്ര വ്യാപന ശേഷിയുള്ള ഒമിക്രോൺ വകഭേദങ്ങളായ BA.5.2, BF.7 എന്നിവയാണ് ചൈനയിൽ കാട്ടുതീ പോലെ പടർന്നു പിടിക്കുന്നത്. ചൈനയിലെ ഈ രോഗവ്യാപനം ചിലപ്പോൾ കൂടുതൽ കോവിഡ് വകഭേദങ്ങൾ സൃഷ്ടിക്കപ്പെടാൻ കാരണമായേക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഇത് ആഗോള തലത്തിൽ ഉണ്ടായ ഫലപ്രദമായ രോഗപ്രതിരോധത്തെ പ്രതികൂലമായി ബാധിക്കുമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...