Viral video: കൂളായി സിഗരറ്റും വലിച്ച് കുഴി ബോംബ് എടുത്ത് മാറ്റുന്ന യുക്രൈൻകാരൻ, ഞെട്ടിത്തരിച്ച് സോഷ്യൽ മീഡിയ; വീഡിയോ വൈറൽ
സിഗരറ്റ് വലിക്കുന്നതിനിടയിൽ ലവലേശം ഭയമില്ലാത്ത ഒരു യുക്രൈൻകാരൻ വെറും കൈകൊണ്ട് പാലത്തിൽ നിന്ന് കുഴിബോംബ് നീക്കം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്.
കീവ്: യുക്രൈനിലെ റഷ്യൻ അധിനിവേശത്തിനിടയിൽ, യുക്രേനിയൻ സൈനികരും സാധാരണക്കാരായ ജനങ്ങളും ധീരമായ ചെറുത്ത് നിൽപ്പ് നടത്തുന്നതിന്റെ നിരവധി വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. സിഗരറ്റ് വലിക്കുന്നതിനിടയിൽ ലവലേശം ഭയമില്ലാത്ത ഒരു യുക്രൈൻകാരൻ വെറും കൈകൊണ്ട് പാലത്തിൽ നിന്ന് കുഴിബോംബ് നീക്കം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്.
ഒരു കറുത്ത പഫർ കോട്ടും ജീൻസും ധരിച്ച വ്യക്തിയാണ് ബെർഡിയാൻസ്കിലെ പാലത്തിൽ കുഴിബോംബ് നീക്കം ചെയ്യുന്നത്. ബോംബ് നിർവീര്യമാക്കാനുള്ള സംഘം എത്തുന്നത് കാത്തിരിക്കാതെ, പാലത്തിൽ നിന്ന് റോഡിന് കുറുകേ കുഴിബോംബ് കയ്യിൽ പിടിച്ച് നടന്ന് പോകുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. കുഴിബോംബ് കയ്യിൽ പിടിച്ച് നടന്ന് പോകുമ്പോഴും അയാളുടെ ചുണ്ടിൽ സിഗരറ്റ് ഇരിപ്പുണ്ടായിരുന്നു. അടുത്തുള്ള ഒരു വനപ്രദേശത്തേക്കാണ് അയാൾ ബോംബ് കൊണ്ടുപോയത്.
'ദ ന്യൂ വോയ്സ് ഓഫ് യുക്രൈൻ എന്ന ചാനലിൽ' ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ബെർഡിയാൻസ്കിലെ ഒരു യുക്രൈൻകാരൻ റോഡരികിൽ ഒരു കുഴി ബോംബ് കണ്ടു. ബോംബ് നിർവീര്യമാക്കാനുള്ള യൂണിറ്റിനായി കാത്തുനിന്നില്ല - ജീവൻ അപകടത്തിലാക്കുന്ന ആ കുഴിബോംബ് അയാൾ യുക്രൈൻ സൈന്യത്തിന് വേണ്ടി എടുത്തുമാറ്റി."-വീഡിയോക്കൊപ്പം 'ദ ന്യൂ വോയ്സ് ഓഫ് യുക്രൈൻ' കുറിച്ചു.
ദശലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. മറ്റുള്ളവരെ രക്ഷിക്കാൻ സ്വന്തം ജീവൻ പണയപ്പെടുത്തിയതിന് ഇദ്ദേഹത്തെ നിരവധി പേരാണ് അഭിനന്ദിക്കുന്നത്. റഷ്യ ശക്തമായ ആക്രമണം നടത്തുമ്പോൾ പ്രതിരോധിക്കുന്നതിന് യുക്രൈൻ പ്രസിഡന്റ് ജനങ്ങളോട് പോരാട്ടത്തിന് ഇറങ്ങണമെന്ന് അഭ്യർഥിച്ചിരുന്നു. നൂറുകണക്കിന് ധീരരായ യുക്രേനിയക്കാർ റോഡ് തടഞ്ഞ് റഷ്യൻ ടാങ്കുകൾ നിർത്തുന്ന വീഡിയോയും വൈറലായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...