Viral video: വലിയ വേദനകൾക്കിടയിലും ചെറിയ സന്തോഷങ്ങൾ; അഭയാർഥിക്യാമ്പിൽ ഏഴ് വയസുകാരിയുടെ പിറന്നാൾ ആഘോഷം
തങ്ങളുടെ രാജ്യവും സമ്പാദ്യങ്ങളും ഉപേക്ഷിച്ച് കയ്യിൽ കരുതാവുന്നവ മാത്രം വാരിക്കെട്ടി അഭയാർഥിയായി മറ്റൊരു രാജ്യത്തേക്കുള്ള യാത്ര വേദന മാത്രം നൽകുന്ന ഓർമ്മയാണ്.
യുക്രൈനിൽ റഷ്യ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ നിരവധി പേരാണ് രാജ്യം വിട്ട് പോകുന്നത്. 1.5 ദശലക്ഷത്തിലധികം ആളുകൾ യുക്രൈനിൽ നിന്ന് അയൽ രാജ്യങ്ങളിൽ അഭയം തേടിയതായാണ് റിപ്പോർട്ട്. യൂറോപ്പിലെ വിവിധ രാജ്യങ്ങളിലേക്കും അഭയാർഥികളുടെ പ്രവാഹമാണ്. തങ്ങളുടെ രാജ്യവും സമ്പാദ്യങ്ങളും ഉപേക്ഷിച്ച് കയ്യിൽ കരുതാവുന്നവ മാത്രം വാരിക്കെട്ടി അഭയാർഥിയായി മറ്റൊരു രാജ്യത്തേക്കുള്ള യാത്ര വേദന മാത്രം നൽകുന്ന ഓർമ്മയാണ്.
അഭയാർഥികളുടെ യാത്രകളുടെ നിരവധി ഹൃദയഭേദകമായ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ കാണാറുണ്ട്. ഇതിനിടെ, റൊമാനിയയിലെ അഭയാർഥി ക്യാമ്പിൽ നിന്ന് സന്തോഷം പകരുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. റൊമാനിയയിലെ അഭയാർഥി ക്യാമ്പിൽ ഏഴ് വയസുകാരിയായ യുക്രേനിയൻ പെൺകുട്ടിയുടെ ജന്മദിനം ആഘോഷിക്കുകയാണ്. സന്നദ്ധ പ്രവർത്തകരും എമർജൻസി സർവീസ് ജീവനക്കാരും ചേർന്നാണ് ആഘോഷം സംഘടിപ്പിച്ചത്.
റൊമാനിയൻ അഭയാർത്ഥി ക്യാമ്പിൽ ഒരുക്കിയിരിക്കുന്ന താൽക്കാലിക ടെന്റിൽ കുടുംബത്തോടൊപ്പം കഴിയുന്ന അരീനയെന്ന കുട്ടിക്ക് സന്നദ്ധ പ്രവർത്തകർ സമ്മാനങ്ങളും ബലൂണുകളുമായെത്തി ജന്മദിനാശംസകൾ നേർന്നു. ഗുഡ്ന്യൂസ് മൂവ്മെന്റ് എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു യുക്രേനിയൻ പെൺകുട്ടിയുടെ ഏഴാം ജന്മദിനം ആഘോഷിക്കാൻ റൊമാനിയയിലെ ഒരു അഭയാർത്ഥി ക്യാമ്പ് ഒത്തുചേരുന്നു... എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് പെൺകുട്ടിക്ക് ആശംസകളുമായി എത്തിയത്. സന്നദ്ധ പ്രവർത്തകർ അഭിനന്ദനം അർഹിക്കുന്നുവെന്നും നിരവധി പേർ കമന്റ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...