അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഖാസിം സുലൈമാനി ആരാണ്?
അമേരിക്ക ഇറാനില്‍ വ്യോമാക്രമണം നടത്തിയതിന് പിന്നാലെ ഉയര്‍ന്ന ചോദ്യമാണ് ആരാണ് ഖാസിം സുലൈമാനി എന്നത്. ഒപ്പം അമേരിക്ക എന്തുകൊണ്ട് അദ്ദേഹത്തെ വധിക്കാന്‍ കരുക്ക നീക്കി എന്നത്.
അമേരിക്ക ഇറാനില്‍ വ്യോമാക്രമണം നടത്തിയതിന് പിന്നാലെ ഉയര്‍ന്ന ചോദ്യമാണ് ആരാണ് ഖാസിം സുലൈമാനി എന്നത്. ഒപ്പം അമേരിക്ക എന്തുകൊണ്ട് അദ്ദേഹത്തെ വധിക്കാന്‍ കരുക്ക നീക്കി എന്നത്.
ഇറാന്റെ റിപബ്ലിക്കന്‍ ഗാര്‍ഡ് കമാന്‍ഡര്‍ എന്നതിന് പുറമെ മേഖലയില്‍ ശിയ ശക്തി കേന്ദ്രം രൂപപ്പെടുത്തുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്ന മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനാണ് വെള്ളിയാഴ്ച യു.എസ് ആക്രമണത്തില്‍ കൊല്ലപെട്ട ഖാസിം സുലൈമാനി. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നടക്കുന്ന ഇറാഖില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായാണ് സുലൈമാനി വെള്ളിയാഴ്ച ബഗ്ദാദിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്.
അമേരിക്കക്കും അവരെ അനുകൂലിക്കുന്ന രാജ്യങ്ങള്‍ക്കുമെതിരായ പ്രതിരോധത്തിന്‍റെ അച്ചുതണ്ട് എന്ന് ഇറാന്‍ പറയുന്ന ശിയ ശക്തിയുടെ ശില്‍പിയായിരുന്നു സുലൈമാനി. ഒമാന്‍ ഉള്‍ക്കടല്‍ മുതല്‍ സിറിയയും ഇറാഖും ലബനാനും ഉള്‍പ്പെടുന്ന മെഡിറ്ററേനിയന്റെ കിഴക്കന്‍ തീരംവരെ നീളുന്നതാണ് ഈ അച്ചുതണ്ട്. സിറിയയിലെ അസദ് സര്‍ക്കാരിനും ലബനാനിലെ ഹിസ്ബുല്ലക്കും ഇറാഖിലെ ശിയ സര്‍ക്കാരിനും റിപബ്ലിക്കന്‍ ഗാര്‍ഡ് സൈനിക സഹായം നല്‍കുന്നുണ്ടെന്നാണ് റിപോര്‍ട്ട്. ഇറാന് പുറത്ത് സുലൈമാനി അത്ര പ്രസിദ്ധനായിരുന്നില്ല. എന്നാല്‍, 2003ല്‍ അമേരിക്ക ഇറാഖ് ആക്രമിച്ചതോടെയാണ് സുൈലമാനി പാശ്ചാത്യ രാജ്യങ്ങളുടെ ശ്രദ്ധയില്‍പെടുന്നത്.
ഇറാന്‍-ഇറാഖ് യുദ്ധത്തിന് ശേഷം റവലൂഷനറി ഗാര്‍ഡിനു കീഴിലെ ഉപ സൈനിക വിഭാഗമായ ഖുദ്സിന്റെ കമാന്‍ഡറായി ചുമതലയേറ്റ സുലെമാനി സൈനിക ഉദ്യാഗസ്ഥന് എന്നതിലുപരി ഇറാെന്റ പൊതുമണ്ഡലത്തില്‍ സ്വീകാര്യനും ശക്തനുമായി വളരുകയായിരുന്നു. രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന അഭ്യര്‍ത്ഥന നിരസിച്ച അദ്ദേഹം വിദേശ, പ്രതിരോധ നയങ്ങളില്‍ ഒഴിച്ചുകൂടനാവത്ത ശബ്ദമായി മാറി. സാമൂഹ്യ മാധ്യമങ്ങളിലും അദ്ദേഹം സജീവ സാന്നിധ്യമായി. ഈയിടെ അദ്ദേഹത്തിന്‍റെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണം കുത്തനെ വര്‍ധിച്ചു. 2018ല്‍ മേരിലാന്‍ഡ് യൂനിവേഴ്സിറ്റിയും ഇറാന്‍പോളും സംയുക്തമായി നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനിയെ പിന്നിലാക്കി 83 ശതമാനം ജന സമ്മതിയാണ് സുലൈമാനിക്ക് ലഭിച്ചത്. അതേസമയം, ശിയ സായുധ വിഭാഗമായ ഹിസ്ബുല്ലയുമായും ഫലസ്തീനിലെ ഹമാസുമായും സുലൈമാനിക്ക് ബന്ധമുണ്ടെന്നാണ് അമേരിക്കയുടെ ആരോപണം.
ഇറാഖിലെ യു.എസ് എംബസി ആക്രമിക്കുകയും ഉപരോധിക്കുകയും ചെയ്തതിനു പിന്നില്‍ ഇറാനാണെന്ന് ആരോപിച്ചാണ് അമേരിക്ക റിപബ്ലിക്കന്‍ ഗാര്‍ഡ് തലവനായ സുൈലമാനിയെ വധിക്കുന്നത്. എന്നാല്‍, ഈ വര്‍ഷാവസാനം നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ തന്റെ ജയ സാധ്യത വര്‍ധിപ്പിക്കാന്‍ ഡോണള്‍ഡ് ട്രംപ് ആസൂത്രണം ചെയ്തതാണ് ആക്രമണമെന്നും ആരോപണമുണ്ട്.