ലോക റാബിസ് ദിനം 2022: പേവിഷബാധയേറ്റ മൃഗങ്ങളുടെ ഉമിനീരിൽ നിന്ന് ആളുകളിലേക്ക് പടരുന്ന, മാരകമായതും എന്നാൽ തടയാവുന്നതുമായ ഒരു വൈറൽ രോഗമാണ് പേ വിഷബാധ. സാധാരണയായി തെരുവ് നായ്ക്കളിൽ നിന്നോ വാക്സിനേഷൻ എടുക്കാത്ത നായ്ക്കളിൽ നിന്നോ പൂച്ച പോലുള്ള മൃഗങ്ങളുടെ കടിയിലൂടെയോ ആണ് പേ വിഷബാധ ഉണ്ടാകുന്നത്. തലവേദന, അതിശക്തമായ പനി, അമിതമായ ഉമിനീർ, പക്ഷാഘാതം, മാനസിക വിഭ്രാന്തി, ആശയക്കുഴപ്പം എന്നിവ പേ വിഷബാധയുടെ ലക്ഷണങ്ങളാണ്. പേ വിഷബാധ ​ഗുരുതരമായാൽ മരണത്തിനും കാരണമാകുന്നു. പേവിഷബാധയുടെ തീവ്രതയെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാനാണ് എല്ലാ വർഷവും സെപ്റ്റംബർ 28 ലോക റാബിസ് ദിനമായി ആചരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്തുകൊണ്ടാണ് സെപ്റ്റംബർ 28 ലോക റാബിസ് ദിനമായി ആചരിക്കുന്നത്?


പേവിഷബാധയെക്കുറിച്ചും അതിന്റെ പ്രതിരോധത്തെക്കുറിച്ചും അവബോധം വളർത്തുന്നതിനായാണ് വർഷം തോറും ലോക റാബിസ് ദിനം ആചരിക്കുന്നത്. ഇതുകൂടാതെ, ഈ മാരകമായ രോഗത്തെ പൂർണമായി ഉന്മൂലനം ചെയ്യുന്നതിനായും അതിനെ പരാജയപ്പെടുത്തുന്ന പ്രക്രിയയും ലോക റാബിസ് ദിനം ഉയർത്തിക്കാട്ടുന്നു. ഫ്രഞ്ച് രസതന്ത്രജ്ഞനും മൈക്രോബയോളജിസ്റ്റുമായ ലൂയി പാസ്ചറാണ് പേ വിഷബാധയ്ക്കെതിരെ ആദ്യമായി പ്രതിരോധ വാക്സിൻ വികസിപ്പിച്ചെടുത്തത്. സെപ്തംബർ ഇരുപത്തിയെട്ടിനാണ് ലൂയി പാസ്ചർ അന്തരിച്ചത്. അതിനാൽ, അദ്ദേഹത്തിന്റെ മഹത്തായ സംഭാവനകളെ ആദരിക്കാനും സ്മരിക്കാനും, അദ്ദേഹത്തിന്റെ ചരമവാർഷിക ദിനം ലോക റാബിസ് ദിനമായി ആചരിക്കാൻ തിരഞ്ഞെടുത്തു.


ALSO READ: World Alzheimer's Day: പോഷകാഹാരങ്ങൾ കഴിക്കുന്നത് അൽഷിമേഴ്സ് സാധ്യത കുറയ്ക്കുമോ?


ലോക റാബിസ് ദിനം 2022: തീം


2022 ലെ ലോക റാബിസ് ദിനത്തിന്റെ തീം 'റാബിസ്: വൺ ഹെൽത്ത്, സീറോ ഡെത്ത്' എന്നതാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.  
പരിസ്ഥിതിയും മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ബന്ധത്തിന് ഊന്നൽ നൽകുക എന്നതാണ് ഈ വർഷത്തെ ലോക റാബിസ് ദിനത്തിന്റെ പ്രധാന ലക്ഷ്യം. രോഗത്തെ ഉന്മൂലനം ചെയ്യാനുള്ള എല്ലാ മരുന്നുകളും ഉപകരണങ്ങളും വാക്സിനുകളും സാങ്കേതികവിദ്യകളും ലോകത്തുണ്ട്, 'സീറോ ഡെത്ത്' ആയിരിക്കണം അന്തിമ ലക്ഷ്യമെന്നതാണ് ഈ വർഷത്തെ വേൾഡ് റാബിസ് ദിനം മുന്നോട്ട് വയ്ക്കുന്ന ആശയം.


ലോക റാബിസ് ദിനം: ചരിത്രം


2007-ലാണ് ആദ്യമായി വേൾഡ് റാബിസ് ദിന കാമ്പയിൻ ആരംഭിച്ചത്. അലയൻസ് ഫോർ റാബിസ് കൺട്രോൾ, അറ്റ്ലാന്റയിലെ സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ എന്നിവയുൾപ്പെടെ നിരവധി സംഘടനകളുടെ പങ്കാളിത്തത്തോടെയാണ് ഈ കാമ്പയിൻ ആരംഭിച്ചത്. വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ, വേൾഡ് ഓർഗനൈസേഷൻ ഫോർ അനിമൽ ഹെൽത്ത്, പാൻ അമേരിക്കൻ ഹെൽത്ത് ഓർഗനൈസേഷൻ എന്നിവയുടെ കോ-സ്‌പോൺസർഷിപ്പാണ് ഈ കാമ്പയിന് നേതൃത്വം നൽകിയത്. തുടർച്ചയായ മൂന്ന് വർഷം ലോക റാബിസ് ദിനം ആചരിച്ചതിന് ശേഷം, 100-ലധികം രാജ്യങ്ങളിൽ പ്രതിരോധവും ബോധവൽക്കരണ പരിപാടികളും നടന്നതായും 100 ദശലക്ഷത്തിലധികം ആളുകൾ പേവിഷബാധയുടെ അപകടങ്ങളെക്കുറിച്ച് ബോധവൽക്കരിക്കപ്പെട്ടതായും കണക്കാക്കപ്പെട്ടു. അതിനിടെ, മൂന്ന് ദശലക്ഷം നായ്ക്കൾക്ക് വാക്സിനേഷൻ നൽകി.


ലോക റാബിസ് ദിനം: പ്രാധാന്യം


അന്താരാഷ്ട്ര സർക്കാർ ഏജൻസികൾ, എൻ‌ജി‌ഒകൾ, വാക്‌സിൻ നിർമ്മാതാക്കൾ എന്നിവയുടെ ഒരു ശൃംഖല രോഗ നിർമ്മാർജ്ജനത്തിൽ സഹായിക്കുന്നതിന് വിദഗ്ധരുടെ നേതൃത്വത്തിൽ പരിപാടികളും കോൺഫറൻസുകളും കാമ്പെയ്‌നുകളും സംഘടിപ്പിക്കുന്നതിനുള്ള ഒരു ദിനമായി ലോക റാബിസ് ദിനത്തെ കണക്കാക്കുന്നു. ലക്ഷ്യം കൈവരിക്കുന്നതിനുള്ള പദ്ധതികളും നയങ്ങളും വിവിധ സർക്കാരുകൾ പ്രഖ്യാപിക്കുന്നു. പേ വിഷബാധ മൂലമുള്ള മരണങ്ങൾ ഇല്ലാതാക്കുക എന്നതാണ് ലോക റാബിസ് ദിനം ആചരിക്കുന്നതിന്റെ ആത്യധികമായ ലക്ഷ്യം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.