Yemen prison attack | യെമനിലെ ജയിലിന് നേരെ വ്യോമാക്രമണം; എഴുപതോളം പേർ മരിച്ചതായി റിപ്പോർട്ട്
സാദയിലെ തകർന്ന ജെയിൽ കെട്ടിടങ്ങളും അഴുകിയ മൃതദേഹങ്ങളും കാണിക്കുന്ന ഭയാനകമായ വീഡിയോ ദൃശ്യങ്ങൾ ഹൂതി വിമതർ പുറത്ത് വിട്ടു.
സന: യെമനിലെ ജയിലിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ 70 പേർ കൊല്ലപ്പെടുകയും മറ്റൊരു ബോംബാക്രമണത്തിൽ മൂന്ന് കുട്ടികൾ മരിച്ചതായും റിപ്പോർട്ട്. സാദയിലെ തകർന്ന ജെയിൽ കെട്ടിടങ്ങളും അഴുകിയ മൃതദേഹങ്ങളും കാണിക്കുന്ന ഭയാനകമായ വീഡിയോ ദൃശ്യങ്ങൾ ഹൂതി വിമതർ പുറത്ത് വിട്ടു.
തുറമുഖ നഗരമായ ഹൊദൈദയിൽ ബോംബ് സ്ഫോടനത്തിൽ സമീപത്തെ ഫുട്ബോൾ ഗ്രൗണ്ടിൽ കളിക്കുകയായിരുന്ന മൂന്ന് കുട്ടികൾ മരിച്ചതായും റിപ്പോർട്ടുകൾ പുറത്ത് വന്നു. ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ അറബ് സഖ്യസേന വ്യോമാക്രമണം ശക്തമാക്കുന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് യുഎൻ മനുഷ്യാവകാശ ഓഫീസ് പറഞ്ഞു.
ALSO READ: Lahore Blast | ബോംബ് സ്ഫോടനം, ലാഹോറിൽ 3 പേർ കൊല്ലപ്പെട്ടു
അഭയാർഥികളും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ എഴുപതിലധികം ആളുകൾ കൊല്ലപ്പെട്ടുവെന്ന വാർത്ത തങ്ങളെ ഭയപ്പെടുത്തുന്നുവെന്ന് യെമനിൽ പ്രവർത്തിക്കുന്ന എട്ട് എയ്ഡ് ഏജൻസികൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. സിവിലിയൻ ജീവതത്തോടുള്ള നഗ്നമായ ലംഘനമാണ് യെമനിൽ നടന്നതെന്ന് അവർ വ്യക്തമാക്കി.
സാദയിലെ ജയിൽ അഭയാർഥി കേന്ദ്രമായാണ് ഉപയോഗിച്ചിരുന്നതെന്നാണ് യെമൻ വ്യക്തമാക്കുന്നത്. എന്നാൽ ഹൂതി വിമതർ ആക്രമണം നടത്തിയതിന് ആനുപാതികമായ പ്രതികരണത്തിന് തങ്ങളും മറ്റ് സഖ്യകക്ഷികളും പ്രതിജ്ഞാബദ്ധരാണെന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് വ്യക്തമാക്കി. തിങ്കളാഴ്ച അബുദാബിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ഡ്രോൺ, മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെയാണ് സഖ്യസേനയുടെ ആക്രമണം.
വിമതർക്കെതിരെ പോരാടുന്ന സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ ഭാഗമായ യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഇതിനെതിരെ കനത്ത തിരിച്ചടി നൽകുമെന്ന് വ്യക്തമാക്കിയിരുന്നു. ജയിൽ ആക്രമണത്തിന് ശേഷം സാദയിലെ ആശുപത്രികൾ നിറഞ്ഞു കവിഞ്ഞെന്നും 70 പേർ മരിക്കുകയും 138 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നും യെമനിലെ ആരോഗ്യപ്രവർത്തകർ വ്യക്തമാക്കി.
വ്യോമാക്രമണം നടന്ന സ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്. നിരവധി മൃതദേഹങ്ങളുണ്ട്. നിരവധി ആളുകളെ കാണാതായതായും യെമനിലെ ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സിന്റെ മിഷൻ തലവൻ അഹമ്മദ് മഹത് പറഞ്ഞു. എത്ര പേർ കൊല്ലപ്പെട്ടുവെന്നത് ഇപ്പോഴും വ്യക്തമല്ലെന്ന് അദ്ദേഹം പറയുന്നു.
തുറമുഖമായ ഹൊദൈദയിലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം സഖ്യസേന ഏറ്റെടുത്തു. എന്നാൽ സാദയിൽ എന്തെങ്കിലും ആക്രമണം നടത്തിയതായി സഖ്യസേന വ്യക്തമാക്കിയിട്ടില്ല. ഹൊദൈദയിലെ ഹൂതി വിമതരെ തകർക്കാൻ സഖ്യസേന കൃത്യമായ വ്യോമാക്രമണം നടത്തിയതായി സൗദി അറേബ്യയുടെ സ്റ്റേറ്റ് ന്യൂസ് ഏജൻസി പറഞ്ഞു.
തിങ്കളാഴ്ച അബുദാബിയിലെ എണ്ണ ശാലകളിലും വിമാനത്താവളത്തിലും ഉണ്ടായ സ്ഫോടനങ്ങളിൽ രണ്ട് ഇന്ത്യക്കാരും ഒരു പാകിസ്ഥാനിയും കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിന് പ്രതികാരമായി, ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള സനയിൽ സഖ്യസേന നടത്തിയ വ്യോമാക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. 2021 അവസാനത്തോടെ 3,77,000 പേർ യുദ്ധത്തിൽ കൊല്ലപ്പെട്ടതായി യുഎൻ കണക്കാക്കുന്നു. ആക്രമണങ്ങളിൽ നേരിട്ട് കൊല്ലപ്പെട്ടവരും പട്ടിണിയും രോഗങ്ങളും മൂലം കൊല്ലപ്പെട്ടവരും ഇതിൽ ഉൾപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...