N Sankaraiah: വേർപാട് ദുഃഖകരം; ശങ്കരയ്യയുടേത് ചരിത്രപരവും ത്യാഗനിർഭരവുമായ നേതൃശൈലിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Pinarayi Vijayan Remembering N Sankaraiah: നിസ്വാർഥവും ചരിത്രപരവും ത്യാഗനിർഭരവുമായിരുന്നു എൻ. ശങ്കരയ്യയുടെ നേതൃശൈലി എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു.

Written by - Zee Malayalam News Desk | Last Updated : Nov 15, 2023, 12:27 PM IST
  • ശങ്കരയ്യയെപ്പോലെ, പാർട്ടിയെ സ്ഥാപിക്കുകയും നയിക്കുകയും ചെയ്ത സഖാക്കൾ ഉണ്ടാക്കിയെടുത്ത ശക്തമായ അടിത്തറയിലാണ് പിൽക്കാലത്തു ഞങ്ങളെപ്പോലുള്ളവർ പ്രവർത്തിച്ചത്
  • എട്ട് വർഷത്തെ തടവുശിക്ഷയനുഭവിച്ചിട്ടുള്ള ത്യാഗധനനായ ഈ നേതാവ് ദീർഘകാലത്തെ ഒളിവുജീവിതത്തിന്റെയും ഉടമയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു
N Sankaraiah: വേർപാട് ദുഃഖകരം; ശങ്കരയ്യയുടേത് ചരിത്രപരവും ത്യാഗനിർഭരവുമായ നേതൃശൈലിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എൻ. ശങ്കരയ്യയെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിസ്വാർഥവും ചരിത്രപരവും ത്യാഗനിർഭരവുമായിരുന്നു എൻ. ശങ്കരയ്യയുടെ നേതൃശൈലി എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. ഏറ്റവും വൈഷമ്യമായ സാഹചര്യങ്ങളിലും പ്രവർത്തിക്കാൻ വേണ്ട പ്രചോദനം നൽകുന്നതായിരുന്നു അത്.

അതീവ ദുഃഖകരമാണ് ശങ്കരയ്യയുടെ വേർപാട്. കഴിഞ്ഞ ഒരു നൂറ്റാണ്ടിലധികമായി വ്യാപിച്ചുനിന്ന സഖാവിന്റെ ജീവിതം ആധുനിക ഇന്ത്യൻ ചരിത്രത്തിന്റെ തന്നെ പര്യായമാണ്. ആ ജീവിതം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മാർഗനിർദ്ദേശകവും വറ്റാത്ത പ്രചോദനത്തിന്റെ ഉറവയുമായിരുന്നു.

ഉന്നതവിദ്യാഭ്യാസം അപൂർണ്ണമാക്കി സ്വാതന്ത്ര്യ സമരത്തിലേക്ക് എടുത്തുചാടിയതു മുതൽക്കിന്നോളം വ്യക്തിതാത്പര്യത്തിനു മേലെ പാർട്ടിയുടെയും ജനങ്ങളുടെയും താല്പര്യത്തെ ഉയർത്തിപ്പിടിച്ചതായിരുന്നു ശങ്കരയ്യയുടെ ജീവിതം.

1964 ൽ സിപിഐ നാഷണൽ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോന്ന 32 സഖാക്കളിൽ ഇന്ന് ജീവിച്ചിരിക്കുന്നവരിൽ അവശേഷിച്ച രണ്ടുപേരിൽ ഒരാളായിരുന്നു ശങ്കരയ്യ. സിപിഎം രൂപീകരിക്കുന്നതിൽ, അതിനെ ശക്തിപ്പെടുത്തുന്നത്തിൽ നേതൃപരവും നിർണ്ണായകവുമായ പങ്കാണ് ശങ്കരയ്യ വഹിച്ചത്.

ALSO READ: മുതിർന്ന സിപിഎം നേതാവ് എൻ ശങ്കരയ്യ അന്തരിച്ചു

റിവിഷനിസത്തിനെതിരെയും അതിതീവ്ര ഇടതുപക്ഷ അതിസാഹസികതാവാദത്തിനെതിരെയും പൊരുതിക്കൊണ്ട് സിപിഎമ്മിനെ ശരിയായ പാതയിലൂടെ നയിച്ചു. പാർട്ടിക്കുവേണ്ടി സഖാവ് വഹിച്ച തീവ്രാനുഭവങ്ങൾ എക്കാലവും ആ സഖാവിന്റെ മഹത്തായ സംഭാവനകൾക്കൊപ്പം സ്മരിക്കപ്പെടും.

ശങ്കരയ്യയെപ്പോലെ, പാർട്ടിയെ സ്ഥാപിക്കുകയും നയിക്കുകയും ചെയ്ത സഖാക്കൾ ഉണ്ടാക്കിയെടുത്ത ശക്തമായ അടിത്തറയിലാണ് പിൽക്കാലത്തു ഞങ്ങളെപ്പോലുള്ളവർ പ്രവർത്തിച്ചത്. എട്ട് വർഷത്തെ തടവുശിക്ഷയനുഭവിച്ചിട്ടുള്ള ത്യാഗധനനായ ഈ നേതാവ് ദീർഘകാലത്തെ ഒളിവുജീവിതത്തിന്റെയും ഉടമയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു.

മൂന്ന് തവണ എംഎൽഎയായിരുന്നു. രണ്ട് തവണ തമിഴ്‌നാട് നിയമസഭയിലെ സിപിഎം നേതാവായിരുന്നു. പാർട്ടിയുടെ തമിഴ്‌നാട് സംസ്ഥാന സെക്രട്ടറിയായിരുന്നു. തമിഴ്‌നാട്ടിലെ പുരോഗമന കലാസാഹിത്യ പ്രസ്ഥാനം വളർത്തിയെടുക്കുന്നതിൽ നേതൃപരമായ പങ്കാണ് വഹിച്ചത്. അഖിലേന്ത്യാ കിസാൻസഭ ജനറൽ സെക്രട്ടറിയായിരുന്നു.

പാർട്ടി കൺട്രോൾ കമ്മീഷൻ ചെയർമാനായിരുന്നു. ഇങ്ങനെ വ്യത്യസ്തമായ തലങ്ങളിൽ ജനങ്ങൾക്കുവേണ്ടിയും പാർട്ടിക്കു വേണ്ടിയും പ്രവർത്തിച്ചു. പരിഹരിക്കാനാവാത്ത നഷ്ടമാണ് സഖാവിന്റെ വിയോഗത്തിലൂടെ ഉണ്ടായിട്ടുള്ളത്. ആ സ്മരണയ്ക്ക് മുമ്പിൽ ആദരാഞ്ജലികളർപ്പിക്കുന്നു. സിപി എം തമിഴ്‌നാട് സംസ്ഥാന കമ്മറ്റിയേയും സഖാവിന്റെ കുടുംബത്തേയും ദുഃഖം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News