Livestock Farmers: മൃഗസംരക്ഷണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കര്‍മസേന; കര്‍ഷകര്‍ക്ക് പരമാവധി സേവനങ്ങള്‍ ഉറപ്പുവരുത്തുക ലക്ഷ്യം
Livestock Farmers: കേരളത്തില്‍ മൃഗസംരക്ഷണ വകുപ്പും കുടുംബശ്രീയുമാണ് പദ്ധതിയുടെ നടത്തിപ്പുകാര്‍. സംസ്ഥാനത്തൊട്ടാകെ 2000 എ-ഹെല്‍പ്പര്‍മാരെ വില്ലേജ് തലത്തില്‍ നിയമിക്കും.
മൃഗസംരക്ഷണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കര്‍മസേന. ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതിയുടെ ഭാഗമായി കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ സ്വയം സഹായ സംഘങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത വനിതകള്‍ എ-ഹെല്‍പ്പര്‍മാരായി പ്രവര്‍ത്തിക്കും.
കേരളത്തില്‍ മൃഗസംരക്ഷണ വകുപ്പും കുടുംബശ്രീയുമാണ് പദ്ധതിയുടെ നടത്തിപ്പുകാര്‍. സംസ്ഥാനത്തൊട്ടാകെ 2000 എ-ഹെല്‍പ്പര്‍മാരെ വില്ലേജ് തലത്തില്‍ നിയമിക്കും. ഇവര്‍ക്ക് മൃഗാരോഗ്യ സംരക്ഷണം, കന്നുകാലികളുടെ രോഗപ്രതിരോധം, തീറ്റ പരിപാലനം, ശുദ്ധമായ പാലുല്‍പ്പാദനം, പുല്‍കൃഷി, പ്രഥമ ശുശ്രൂഷ, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങള്‍, കന്നുകാലികളെ ഇന്‍ഷുര്‍ ചെയ്യുന്നതിനും, ബാങ്കുകളില്‍ നിന്നും ലോണ്‍ ലഭ്യമാക്കുന്നതിനും വേണ്ട സൗകര്യങ്ങള്‍ ഒരുക്കല്‍, രോഗപ്രതിരോധ കുത്തിവയ്പ്പിനു വേണ്ട സഹായം നല്‍കല്‍, വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ പരിശീലനം നല്‍കും.
കര്‍ഷകര്‍ക്ക് ഉദ്യോഗസ്ഥ സംവിധാനത്തോട് കൂടുതല്‍ അടുത്തബന്ധം സ്ഥാപിക്കുവാനും പരമാവധി സേവനങ്ങള്‍ ഉറപ്പുവരുത്തുന്നതിനും ഈ സംവിധാനം വഴിയൊരുക്കും. മൃഗസംരക്ഷണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി രൂപീകരിച്ച എ ഹെല്‍പ്പ് (അക്രഡിറ്റഡ് ഏജന്റ് ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് എക്‌സ്റ്റന്‍ഷന്‍ ഓഫ് ലൈവ് സ്‌റ്റോക്ക് ) പദ്ധതിയുടെ സംസ്ഥാനതല പ്രവര്‍ത്തന ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 14) മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചുറാണി നിര്‍വഹിക്കും.
ഉച്ചക്ക് 12ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ട്രാവന്‍കൂര്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ പരിശീലന കിറ്റുകളുടെ വിതരണ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും. കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനാകും. തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍, ശശി തരൂര്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, കര്‍ഷകര്‍ തുടങ്ങിയവരും പങ്കെടുക്കും.