സൗദിയിലേക്കും പ്രവേശിച്ച് ബുജീൽ ഹോൾഡിങ്‌സ്... ലീജാം സ്പോർട്സുമായി സംയുക്ത സംരംഭം
Burjeel Holdings: സ്പോർട്സ് മെഡിസിൻ സേവനങ്ങൾ നൽകുന്ന 60-തിലധികം ക്ലിനിക്കുകൾ സൗദിയിലെ ലീജാം ഫിറ്റ്നസ് സെന്ററുകളിൽ തുറക്കും.
അബുദാബി/ റിയാദ്: സൗദി അറേബ്യയിലേക്കുള്ള പ്രവേശനത്തിന് തുടക്കമിട്ട് മേഖലയിലെ ഏറ്റവും വലിയ ഫിറ്റ്നസ് കമ്പനികളിലൊന്നായ ലീജാം സ്പോർട്സുമായുള്ള സംയുക്ത സംരംഭം ബുർജീൽ ഹോൾഡിങ്‌സ് പ്രഖ്യാപിച്ചു. സമഗ്ര റീഹാബിലിറ്റേഷൻ, സ്പോർട്സ് മെഡിസിൻ സേവനങ്ങൾ പ്രദാനം ചെയ്യുന്ന 60-ലധികം ക്ലിനിക്കുകൾ സൗദിയിലുടനീളം സ്ഥാപിക്കാനും പ്രവർത്തിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് സംയുക്ത സംരംഭം. സൗദി അറേബ്യയിലും യുഎഇയിലുമായി ഫിറ്റ്‌നസ് ടൈം ബ്രാൻഡിലുള്ള 155 ഫിറ്റ്‌നസ് സെന്ററുകളുടെ ഉടമയാണ് സൗദി സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ലീജാം സ്പോർട്സ്.
ഫിസിയോതെറാപ്പി, റീഹാബിലിറ്റേഷൻ എന്നിവയ്‌ക്കൊപ്പം വിറ്റാമിൻ ഇൻഫ്യൂഷൻ, ഓക്സിചേമ്പർ, ക്രിപ്റ്റോതെറാപ്പി തുടങ്ങിയ വെൽനസ് സേവനങ്ങളും ആയുർവേദവും പ്രകൃതിചികിത്സയും അടക്കമുള്ള കോംപ്ലിമെന്ററി മെഡിസിൻ സേവനങ്ങളും പുതിയ ക്ലിനിക്കുകളിൽ ലഭ്യമാക്കും. വേദന, മസ്കുലോസ്കലെറ്റൽ, ന്യൂറോളജിക്കൽ പ്രശ്നങ്ങൾക്കുള്ള വിദഗ്ധ മെഡിക്കൽ സേവനങ്ങളാകും ഈ ഫിറ്റ്നസ് ക്ലിനിക്കുകളുടെ മറ്റൊരു സവിശേഷത.
അടുത്ത പാദത്തിൽ റിയാദ് നഗരത്തിലെ ആറ് കേന്ദ്രങ്ങളിൽ ക്ലിനിക്കുകൾ തുറക്കും. അടുത്ത 12 മുതൽ 18 മാസത്തിനുള്ളിൽ സൗദിയിലെ ലീജാം ശൃംഖലയിലുടനീളം സേവനങ്ങൾ വിപുലീകരിക്കും. സൗദിയിലെ കായിക മേഖലയ്ക്ക് പ്രോത്സാഹനം ലക്ഷ്യമിട്ടുള്ള സംരഭം സൗദി കായിക മന്ത്രാലയത്തിന്റെ പിന്തുണയോടെയാണ് യാഥാർഥ്യമാകുന്നത്.
കായിക മേഖലയെ നെഞ്ചേറ്റുന്ന സൗദിയിലേക്കുള്ള പ്രവേശനം ഉന്നത നിലവാരമുള്ള ഫിറ്റ്നസ് സേവനങ്ങളിലൂടെ ശ്രദ്ധേയമായ ലീജാമുമായി ചേർന്നാണെന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ പറഞ്ഞു. എല്ലാ തലങ്ങളിലുമുള്ള കായികതാരങ്ങൾക്കും കായികമേഖലയിൽ തല്പരരായ യുവാക്കൾക്കും ആവശ്യമായ മെഡിക്കൽ റീഹാബിലിറ്റേഷൻ സേവനങ്ങൾ നൽകുകയാണ് പങ്കാളിത്തത്തിന്റെ ലക്‌ഷ്യം. കായിക താരങ്ങൾക്ക് അവരുടെ പ്രകടനം ഉയർത്താൻ പ്രാപ്തരാക്കുന്ന മികച്ച പിന്തുണാ സംവിധാനം ഇതിലൂടെ സൃഷ്ടിക്കപ്പെടുമെന്നും ഡോ. ഷംഷീർ പറഞ്ഞു.
ആരോഗ്യ സംരക്ഷണവും ശാരീരിക ക്ഷമതയും ഉയർത്താനുള്ള സേവനങ്ങൾ പ്രദാനം ചെയ്യാനുള്ള കമ്പനിയുടെ ശ്രമങ്ങളുടെ തുടർച്ചയാണ് പുതിയ സംരംഭമെന്ന് ലീജാം സ്‌പോർട്‌സ് ചെയർമാൻ അലി അൽ സാഗ്രി വ്യക്തമാക്കി. മികച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള സംയോജിത സ്പോർട്സ് മെഡിസിൻ സേവനങ്ങൾ ലഭ്യമാക്കാൻ പുതിയ ക്ലിനിക്കുകളിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സൗദി നിയമപ്രകാരം സ്ഥാപിതമായ പുതുതായി രൂപീകരിച്ച കമ്പനിയിലൂടെയാണ് സംയുക്ത സംരംഭം പ്രവർത്തിക്കുക. ഇതിൽ ബുർജീലിനും ലീജാമിനും തുല്യമായ 50% ഓഹരി പങ്കാളിത്തമുണ്ടാകും. സൗദിയിൽ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി നിരവധി ആശുപത്രികളുടെ പ്രവർത്തനവും മെയിന്റനൻസും ഏറ്റെടുക്കുന്നതിനുള്ള ചർച്ചകളിലാണ് ബുർജീൽ ഹോൾഡിങ്‌സ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...