തിരുവനന്തപുരം: തലസ്ഥാനത്തിൻ്റെ തെരുവോരങ്ങളെ മഹനീയമാക്കുന്ന സുന്ദരമായൊരു കാഴ്ചയെക്കുറിച്ചാണ് ഇനി പറയുന്നത്. പഴയ പുസ്തകങ്ങളുടെ മികവാർന്ന ശേഖരമാണ് പാളയത്തെയും സ്റ്റാച്യുവിനെയും വേറിട്ടതാകുന്നത്. തെക്കൻ കേരളത്തിലെ അറിയപ്പെടുന്ന പുസ്കത്തെരുവാണ് ഈ രണ്ട് കേന്ദ്രങ്ങളും. പല ജില്ലകളിൽ നിന്നും ആളുകൾ പുസ്തകം തേടി ഇവിടെയെത്താറുണ്ട്. കുറഞ്ഞവിലയിൽ നല്ല പുസ്തകങ്ങൾ ലഭിക്കുന്നുവെന്നതാണ് പ്രധാന പ്രത്യേകത. കൊവിഡ് കാലത്തും നഗരത്തിൽ സജീവമാകുകയാണ് പഴയ പുസ്തകങ്ങളുടെ കച്ചവടം.


COMMERCIAL BREAK
SCROLL TO CONTINUE READING

അനന്തപുരിയുടെ ഹൃദയഭാഗമായ പാളയത്തും സ്റ്റാച്യുവിലും വർഷങ്ങളായി കണ്ടുവരുന്നതാണ് ഈ പുസ്തകവിപണി. പുസ്തകം വാങ്ങാൻ ആളുകൾ തിരക്ക് കൂട്ടിയിരുന്ന കാലമുണ്ടായിരുന്നു. എന്നാൽ, കൊവിഡ് കാലമായതോടെ പുസ്തകവിപണി പ്രതിസന്ധിയിലാണ്. മഹാമാരിക്കാലത്ത് നിരവധിപേർ പുസ്തകവായനയിലേക്ക് തിരിഞ്ഞെങ്കിലും ലോക്ഡൗണും സർക്കാരിന്റെ നിയന്ത്രണങ്ങളും പൊതുജനങ്ങളെ വഴിയോരക്കച്ചവടക്കാരിൽ നിന്നകറ്റി. 


ALSO READ : ടിക്ടോക് താരം ലക്ഷ്മി ഇവിടെയുണ്ട്; കുടുംബം പോറ്റാന്‍ കുലുക്കി സര്‍ബത്തുമായി



പ്രതിസന്ധി ഏറെയാണെങ്കിലും ഇഷ്ടപ്പെട്ട പുസ്തകം സ്വന്തമാക്കാൻ കയ്യിൽ കാശില്ലാത്തവരെ തേടി ഈ പഴയ പുസ്തകക്കടകൾ കാത്തിരിക്കുകയാണ്. കയ്യിലിരിക്കുന്ന പുസ്തകം കൊടുത്ത് പുതിയ പുസ്തകം പകുതി വിലക്ക് വാങ്ങാനും സൗകര്യമുണ്ട് ഇവിടെ. കിഴക്കേക്കോട്ടയിലാരംഭിച്ച കച്ചവടം പിന്നീട് പാളയത്തെ സാഫല്യം കോപ്ലക്സിലേക്കും നന്ദാവനത്തേക്കുള്ള വഴിയിലേക്കും ദീർഘിപ്പിക്കുകയായിരുന്നു. 


അമ്പതോളം പേരാണ് പല കേന്ദ്രങ്ങളിലായി പുസ്തക കടകൾ നടത്തുന്നത്. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ചിടലും കടുത്ത രോഗവ്യാപനം കൂടുന്നതും ഇവരുടെ ജീവിതത്തിനു മേൽ കരിനിഴൽ വീഴ്ത്തുകയാണ്. സർക്കാർ നൽകിയിട്ടുള്ള കൊവിഡ് മാനദണ്ഡങ്ങളൊക്കെ പാലിച്ച് പുസ്തകങ്ങളെല്ലാം സാനിറ്റെസ് ചെയ്താണ് വിൽപ്പന.



ALSO READ : രണ്ട് മാസം കൊണ്ട് അഫ്ന വരച്ചത് 60 ചിത്രങ്ങൾ; എക്സിബിഷൻ കാണാൻ അലൻസീയറും ; വഴികാട്ടിയായി അധ്യാപകൻ സജിത്ത്


ടാർപ്പയിട്ടതും ഷീറ്റടിച്ചതുമായ മുറികളിൽ ഉയരത്തിൽ പുസ്തകങ്ങൾ അടുക്കി വച്ചിരിക്കും. ആവശ്യമുള്ള പുസ്തകങ്ങൾ തിരഞ്ഞെടുക്കാം.കച്ചവടക്കാരിലാർക്കും ഇതുവരെ കൊവിഡ് വരാത്തതും ഇവരുടെ മുൻകരുതലുകളുടെ തെളിവാണ്. മൂന്ന് പതിറ്റാണ്ടോളമായി പുസ്തകത്തെരുവുകളിൽ തുടരുന്ന പുസ്തക വിൽപ്പനയ്ക്ക് ഓർമ്മകളുടെ വിരഹത്തിൻ്റെയും സന്തോഷത്തിൻ്റെയും പ്രണയത്തിൻ്റെയും സങ്കടങ്ങളുടെ ഒക്കെയും കഥകൾ ഇനിയുമേറെ പറയാനുണ്ട്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.