Beauty parlor shootout case: വെടിവെപ്പിൽ പങ്കില്ല; നടിയെ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായി രവി പൂജാരി
നടിയെ ഫോണിൽ വിളിച്ച് പണത്തിനായി ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് സമ്മതിച്ച രവി പൂജാരി തനിക്ക് ബ്യൂട്ടി പാർലറിലെ വെടിവെപ്പുമായി യാതൊരു ബന്ധവുമില്ലെന്നും അന്വേഷണ സംഘത്തെ അറിയിച്ചു.
കൊച്ചി: ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിലെ പ്രധാന പ്രതിയും അധോലോക കുറ്റവാളിയുമായ രവി പൂജാരി കുറ്റം സമ്മതിച്ചു. നടിയെ ഫോണിൽ വിളിച്ച് പണത്തിനായി ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് സമ്മതിച്ച രവി പൂജാരി തനിക്ക് ബ്യൂട്ടി പാർലറിലെ വെടിവെപ്പുമായി യാതൊരു ബന്ധവുമില്ലെന്നും അന്വേഷണ സംഘത്തെ അറിയിച്ചു.
രവി പൂജാരി ക്രൈം ബ്രാഞ്ചിന് നൽകിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രവി പൂജാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസിന്റെ അന്വേഷണം കാസർഗോഡ്, പെരുമ്പാവൂർ എന്നിവിടങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചിട്ടുണ്ട്. രവി പൂജാരിക്ക് ക്വട്ടേഷൻ നൽകിയത് ഇവിടെനിന്നുള്ള സംഘമാണെന്ന് മൊഴി നൽകിയിട്ടുണ്ട്.
Also Read: Beauty parlor shootout case:അധോലോക കുറ്റവാളി രവി പൂജാരിയെ കൊച്ചിയിലെത്തിച്ചു
ലീനാ മരിയാ പോളിന്റെ കൈവശം കോടിക്കണക്കിന് രൂപയുടെ സ്വത്ത് ഉണ്ടെന്നും അതുകൊണ്ട് അവരെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ആവശ്യപ്പെട്ട് എറണാകുളത്തുള്ള സംഘമാണ് രവി പൂജാരിക്ക് (Ravi Poojari) ക്ക് ക്വട്ടേഷൻ നൽകിയത്.
ഇതിന്റെ അടിസ്ഥാനത്തിൽ താൻ ലീനയെ വിളിച്ചുവെന്നും 25 കോടി രൂപ ആവശ്യപ്പെട്ടുവെന്നും രവി പൂജാരി അന്വേഷണ സംഘത്തിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഈ പണം നൽകാൻ ലീന തയ്യാറാകാത്തതിനെ തുടർന്നാണ് ബ്യൂട്ടി പാർലറിൽ വെടിവെപ്പ് നടന്നതെന്നും അതിൽ തനിക്ക് പങ്കില്ലെന്നും രവി പൂജാരി മൊഴി നൽകിയിട്ടുണ്ട്.
സംഭവ ശേഷം നടിയെ ഫോണിൽ വിളിച്ച് ഭിഷണിപ്പെടുത്തിയെന്നതും രവി പൂജാരി (Ravi Poojari) സമ്മതിച്ചു. എന്നാൽ ബ്യുട്ടി പാർലർ ആക്രമിക്കാൻ ആളെ ഏർപ്പാടാക്കിയത് താനല്ലെന്നും രവി പറഞ്ഞു.
രവി പൂജാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ അറസ്റ്റിന് സാധ്യതയുണ്ടെന്നാണ് സൂചന. ബംഗളൂരു പരപ്പന ജയിലിൽ വിചാരണ തടവുകാരനായി കഴിഞ്ഞിരുന്ന രവി പൂജാരിയെ ബുധനാഴ്ച രാത്രി ഒൻപത് മണിയോടെയാണ് നെടുമ്പാശേരിയിൽ എത്തിച്ചത്.
2018 ഡിസംബര് 15 നാണ് കടവന്ത്രയിലെ ലീനാ മരിയാ പോളിന്റെ ബ്യൂട്ടി പാർലറിൽ വെടിവെപ്പ് (Beauty Parlor Shootout Case) നടന്നത്. ഈ കേസുമായി ബന്ധപ്പെട്ടാണ് രവി പൂജാരിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഇയാളെ കഴിഞ്ഞ മാർച്ചിൽ കൊച്ചിയിലെത്തിക്കാൻ അന്വേഷണ സംഘം ശ്രമിച്ചുവെങ്കിലും മുംബൈ പൊലീസ് പ്രതിയെ വിട്ടുനൽകിയില്ല. കേസിൽ ചോദ്യം ചെയ്യാനായി ഈ മാസം 8 വരെ ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ് രവി പൂജാരി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...