Mumbai: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്‍റെ  (Sushant Singh Rajput) മരണത്തെത്തുടര്‍ന്ന് ഉയര്‍ന്നുവന്ന ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ നടിയും സുശാന്തിന്‍റെ കാമുകിയുമായിരുന്ന  റിയാ ചക്രവര്‍ത്തി (Rhea Chakraborty)ക്ക് ജാമ്യം.


COMMERCIAL BREAK
SCROLL TO CONTINUE READING

അറസ്റ്റിലായി 28 ദിവസങ്ങള്‍ക്കുശേഷമാണ് ബോംബെ ഹൈക്കോടതി ( Bombay High Court) ജാമ്യം അനുവദിച്ചത്. റിയയ്ക്കൊപ്പം സുശാന്തിന്‍റെ  മാനേജര്‍ സാമുവല്‍ മിറാന്‍ഡെ, ദീപേഷ് സാവന്ത് എന്നിവര്‍ക്കും ജാമ്യം ലഭിച്ചു. അതേസമയം, അറസ്റ്റിലായ റിയ ചക്രവര്‍ത്തിയുടെ സഹോദരന്‍  ഷോവിക് ചക്രബര്‍ത്തിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. 


അതേസമയം, കര്‍ശന ഉപാധികളോടെയാണ് മൂവര്‍ക്കും ഹൈക്കോടതി  ജാമ്യം അനുവദിച്ചിരിക്കുന്നത്. 
അടുത്ത 10 ദിവസം റിയ പോലിസ് സ്റ്റേഷനിലെത്തി ഒപ്പിടണം, രാജ്യം വിട്ടുപോവരുത്, മുംബൈ വിട്ട് പോവാന്‍ പോലീസ്  അനുമതി വാങ്ങണം തുടങ്ങിയവയാണ് ജാമ്യ വ്യവസ്ഥകള്‍. 


സെപ്റ്റംബര്‍  നാലിന് അറസ്റ്റിലായ ഷോവിക് നവി മുംബൈ തലോജ ജയിലിലും എട്ടിന് അറസ്റ്റിലായ റിയ ബൈക്കുള ജയിലിലുമാണ് കഴിഞ്ഞിരുന്നത്. ലഹരിക്കേസില്‍ കസ്റ്റഡി കാലാവധി  അവസാനിച്ചതിനെത്തുടര്‍ന്ന് ഇന്നലെ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ റിയയുടെ ജുഡീഷ്യല്‍ കസ്റ്റഡി ഈമാസം 20 വരെ നീട്ടിയിരുന്നു.


"കോടതി ഉത്തരവില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ആത്യന്തികമായി സത്യവും നീതിയും വിജയിക്കുകയും വസ്തുതകള്‍ ജഡ്ജിയായ ജസ്റ്റിസ് സാരംഗ് വി കോട്വാള്‍ അംഗീകരിക്കുകയും ചെയ്തു",  റിയ ചക്രബര്‍ത്തിയുടെ അഭിഭാഷകന്‍ സതീഷ് മനേഷിന്‍ഡേ  പറഞ്ഞു. 


കഴിഞ്ഞ സെപ്റ്റംബര്‍ എട്ടിനാണ് റിയ ചക്രബര്‍ത്തിയെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (NCB) അറസ്റ്റ് ചെയ്യുന്നത്. മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു റിയയുടെ അറസ്റ്റ്.


ജൂണ്‍ 14ന് ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ബോളിവുഡ് നടന്‍ സുശാന്ത് സിംഗ്  രാജ്പുത്തിന് മയക്കുമരുന്ന് എത്തിച്ചു നല്‍കുന്നത് കാമുകി കൂടിയായ റിയ ആണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. എന്നാല്‍, സുശാന്ത് സിംഗ് മയക്കുമരുന്ന് ശീലം നിലനിര്‍ത്താനായി തങ്ങളെ ഉപയോഗിക്കുകയായിരുന്നുവെന്ന് റിയ ജാമ്യാപേക്ഷയില്‍ പറഞ്ഞു. തനിക്കും സഹോദരനുമെതിരെ നിരന്തരമായ വേട്ടയാടലാണ് നടക്കുന്നതെന്നും റിയ പറഞ്ഞു.


സുശാന്ത്  സിംഗ്  മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് എന്‍സിബിയോട് റിയ ചക്രബര്‍ത്തി വെളിപ്പെടുത്തിയിരുന്നു. സുശാന്തിന്‍റെ  വീട്ടിലെ ജോലിക്കാരനായിരുന്ന ദീപേഷ് സാവന്തിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് റിയയുടെ കുടുംബാംഗങ്ങളിലേക്കും അന്വേഷണം നീണ്ടത്.  മയക്കുമരുന്ന് കേസില്‍  നടി ദീപിക പദുക്കോണ്‍, സാറാ അലി ഖാന്‍, രകുല്‍ പ്രീത് സിംഗ്, ശ്രദ്ധ കപൂര്‍ എന്നിവരെയും എന്‍സിബി  ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. 


അതിനിടെ, വ്യാജരേഖ ചമയ്ക്കല്‍, വ്യാജവിവരങ്ങളുടെ അടിസ്ഥാനത്തില്‍ മരുന്നിനുള്ള കുറിപ്പടി തയ്യാറാക്കല്‍ എന്നീ കുറ്റങ്ങളാരോപിച്ച്‌ തങ്ങള്‍ക്കെതിരേ റിയ നല്‍കിയ പരാതി റദ്ദാക്കണമെന്ന് അഭ്യര്‍ഥിച്ച്‌ സുശാന്ത് സി൦ഗിന്‍റെ  സഹോദരിമാര്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. അപേക്ഷ കോടതി 13ന് പരിഗണിക്കും. 


സുശാന്ത് മുംബൈയിലായിരിക്കെ, ഡല്‍ഹിയിലുള്ള സഹോദരി പ്രിയങ്ക,  റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ തന്‍റെ സുഹൃത്തായ ഡോക്ടര്‍ മുഖേന മരുന്നിന്‍റെ കുറിപ്പുനല്‍കിയതിനെതിരെയാണ് റിയ ബാന്ദ്ര പോലിസില്‍ പരാതി നല്‍കിയിരുന്നത്. രോഗിയെ കാണാതെ മനോരോഗചികില്‍സയ്ക്കു കുറിപ്പുനല്‍കിയെന്നും വ്യാജവിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണെന്നുമാണ്  റിയയുടെ ആരോപണം.


Also read: സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണം : റിയ ചക്രബർത്തി അറസ്റ്റിൽ....!!


അതേസമയം,  സുശാന്ത് സിംഗിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന അന്വേഷണങ്ങളെല്ലാം രാഷ്ട്രീയ നാടകമാണെന്ന ആരോപണവും ശക്തമാണ്. ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കേന്ദ്ര ഏജന്‍സികളെ ബിജെപി ഉപയോഗിക്കുകയാണെന്ന ആരോപണമാണ് ശക്തമായി നിലനില്‍ക്കുന്നത്.