Crime: ആറ്റിങ്ങലിൽ കൊറിയർ സർവീസിന്റെ മറവിൽ കഞ്ചാവ് കടത്ത്; യുവാവ് പിടിയിൽ
Marijuana seized: വഞ്ചിയൂരിൽ പ്രവർത്തിക്കുന്ന കൊറിയർ സർവീസിന്റെ മറവിലാണ് വിദ്യാർത്ഥികൾക്ക് ഉൾപ്പടെ കഞ്ചാവ് വിൽപ്പന നടത്തിവന്നിരുന്നത്.
തിരുവനന്തപുരം: കൊറിയർ സർവീസിന്റെ മറവിൽ കഞ്ചാവ് കടത്ത്. സംഭവത്തിൽ യുവാവിനെ ആറ്റിങ്ങൽ എക്സൈസ് പിടികൂടി. കൊറിയർ സർവീസിന്റെ മറവിൽ കഞ്ചാവ് പാഴ്സൽ സർവീസ് നടത്തിയ വഞ്ചിയൂർ വൈദ്യശാല പണയിൽവീട്ടിൽ ധീരജ് (24) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് അഞ്ച് കിലോ കഞ്ചാവും പിടികൂടി. വഞ്ചിയൂരിൽ പ്രവർത്തിക്കുന്ന കൊറിയർ സർവീസിന്റെ മറവിലാണ് ഇയാൾ വിദ്യാർത്ഥികൾക്ക് ഉൾപ്പടെ കഞ്ചാവ് വിൽപ്പന നടത്തിവന്നിരുന്നത്.
വിവിധ സ്ഥലങ്ങളിൽ നിന്ന് കൊറിയർ മാർഗം എത്തുന്ന കഞ്ചാവ് സമൂഹ മാധ്യമങ്ങൾ വഴി പല കോഡുകൾ ഉപയോഗിച്ച് കച്ചവടം ചെയ്യുകയും പണം യു പി ഐ ഐഡി വഴി സ്വീകരിക്കുകയും ചെയ്യുന്ന രീതിയിലാണ് കച്ചവടം നടത്തി വന്നിരുന്നത്. ഇയാളെ ഇതിന് മുൻപും കഞ്ചാവ് സൂക്ഷിച്ചതിന് പിടികൂടിയിട്ടുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. നിലവിൽ പിടികൂടിയ കഞ്ചാവ് തൃശൂരിൽ നിന്നാണ് എത്തിച്ചതെന്ന് ഇയാൾ പറഞ്ഞതായി എക്സൈസ് അറിയിച്ചു.
ക്രിസ്മസ് - ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ആറ്റിങ്ങൽ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി എൽ ഷിബുവിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ അനിൽകുമാർ,അശോക് കുമാർ, അനിരുദ്ധ്,വൈശാഖ്, രാധാകൃഷ്ണൻ, ഗിരീഷ്കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...