Hyderabad Honour Killing : ദുരഭിമാന കൊല; മുസ്ലിം യുവതിയെ വിവാഹം ചെയ്തതിന് യുവാവിനെ കൊലപ്പെടുത്തി വധുവിന്റെ ബന്ധുക്കൾ
യുവാവിനെ കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
ഹൈദരാബാദ് : മുസ്ലിം യുവതിയെ വിവാഹം ചെയ്തതിന് യുവാവിനെ വധുവിന്റെ ബന്ധുക്കൾ അതിക്രൂരമായ കൊലപ്പെടുത്തി. ഹൈദരാബാദിലാണ് സംഭവം നടന്നത് . ബി നാഗരാജുവിനെയാണ് കൊലപ്പെടുത്തിയത്. യുവാവിനെ കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ബുധനാഴ്ച്ച വൈകുന്നേരത്തോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരക്കേറിയ റോഡിന് സമീപമാണ് സംഭവം നടന്നത്.
മൂന്ന് മാസങ്ങൾക്ക് മുമ്പാണ് നാഗരാജുവും സയ്യിദ് അഷ്രിൻ സുൽത്താനും തമ്മിലുള്ള വിവാഹം നടന്നത്. ഇരുവരും വളരെ കാലങ്ങളായി പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ എതിർപ്പ് വകവെക്കാതെയാണ് ഇരുവരും വിവാഹിതരായത്. യുവതിയുടെ സഹോദരനും ബന്ധുക്കളും ചേർന്ന് യുവതിയുടെ മുന്നിൽ വെച്ചാണ് നാഗരാജുവിനെ കൊലപ്പെടുത്തിയത്.
ബുധനാഴ്ച്ച രാത്രി 8.45 ഓടെ ബൈക്കിൽ സഞ്ചരിച്ചിരുന്ന നാഗരാജുവിനെയും ഭാര്യയേയും രണ്ട് പേരെത്തി തടഞ്ഞ് നിർത്തുകയായിരുന്നു. തുടർന്ൻ ബൈക്കിൽ നിന്ന് വലിച്ചിറക്കിയ നാഗരാജുവിനെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയും, പലതവണ കുത്തുകയും ചെയ്തു. സുൽത്താന അക്രമകാരികളെ എതിർക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ആക്രമണം നടക്കുന്ന സമയത്ത് നിരവധി ആളുകൾ ആക്രമണം കണ്ട് തടിച്ച് കൂടിയെങ്കിലും, ആക്രമണം തടയാൻ ആരും തയ്യാറായില്ല. പകരം മൊബൈൽ ഫോണിൽ കൊലപാതകത്തിന്റെ ദൃശ്യങ്ങൾ പകർത്തുകയാണ് ചെയ്തത്. നാഗരാജുവിനെ മർദ്ദിച്ച് അവശനാക്കിയ സാഹചര്യത്തിൽ വീണ്ടും ആക്രമകാരികളെ തടയാൻ സുൽത്താന ശ്രമിച്ചതോടെയാണ് സംഭവത്തിൽ ആളുകൾ ഇടപെട്ടത്.
നടുറോഡിൽ വെച്ചാണ് തന്റെ ഭർത്താവിനെ അതിക്രൂരമായി കൊലപ്പെടുത്തിയതെന്ന് സുൽത്താന പറയുന്നു. 5 പേർ ചേർന്നാണ് ആക്രമിച്ചത്. ഞാൻ അവിടെ കൂടിയ എല്ലാവരോടും സഹായിക്കണമെന്ന് അഭ്യർത്ഥിച്ചെങ്കിലും സഹായിക്കാനായി ആരും മുന്നോട്ട് വന്നില്ല. എന്റെ മുന്നിൽവെച്ച് അദ്ദേഹത്തെ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്നും സുൽത്താന പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...