വയനാട്: സംസ്ഥാനത്ത് നിന്നും വാഹനങ്ങള്‍ മോഷ്ടിച്ച് തമിഴ്നാട്ടിലെത്തിച്ച് വാഹനങ്ങള്‍ പൊളിച്ച് വില്‍പന നടത്തുന്നവര്‍ക്ക് കൈമാറുന്ന സംഘത്തിലെ പ്രധാനികളെ വയനാട് പോലീസ് പിടികൂടി. തൊണ്ടര്‍നാട്, മേപ്പാടി, കമ്പളക്കാട് സ്റ്റേഷന്‍ പരിധികളില്‍ നിന്നും തുടര്‍ച്ചയായി പിക്ക് അപ്പ് വാഹനങ്ങള്‍ മോഷണം പോയ സംഭവത്തിലാണ് പ്രതികളെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചും ശാസ്ത്രീയ അന്വേഷണം നടത്തിയും പോലീസ് പിടികൂടിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെയും തമിഴ്‌നാട്ടിലെ പൊള്ളാച്ചി, കോയമ്പത്തൂര്‍, മേട്ടുപാളയം എന്നിവിടങ്ങളിലെയും സിസിടിവി ദൃശ്യങ്ങളാണ് പരിശോധിച്ചത്. മുന്‍ സൈനികനായ ആലപ്പുഴ, തിരുവന്‍വണ്ടൂര്‍, ഓതറേത്ത് വീട്ടില്‍ ബി. സുജേഷ്‌കുമാര്‍ (44), കോഴിക്കോട് ഫറൂഖ്, കക്കാട്ട്പറമ്പില്‍ വീട്ടില്‍, അബ്ദുള്‍ സലാം (37) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി ടി. നാരായണന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.


ALSO READ: ബീമാപ്പള്ളി ഗുണ്ടാ കൊലപാതകം; ഒന്നാം പ്രതി കസ്റ്റഡിയിൽ


സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളിലായി അബ്ദുള്‍ സലാമിനെതിരെ മുപ്പതോളം കേസുകളും സുജേഷ്‌കുമാറിനെതിരെ പത്തോളം കേസുകളുമുണ്ട്. കമ്പളക്കാട് സ്റ്റേഷന്‍ പരിധിയിലാണ് ജില്ലയിലെ ആദ്യ പിക്ക് അപ്പ് വാഹന മോഷണം റിപ്പോര്‍ട്ട് ചെയ്യുന്നത്. മാര്‍ച്ച് മാസം മൂന്നിന് കമ്പളക്കാട്, അമ്പലച്ചാല്‍ എന്ന സ്ഥലത്ത് ക്വാര്‍ട്ടേഴ്‌സിന് മുമ്പില്‍ പാര്‍ക്ക് ചെയ്ത അശോക് ലെയ്‌ലാന്‍ഡ് ദോസ്ത് വാഹനമാണ് മോഷണം പോയത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് കമ്പളക്കാട് പോലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചു.


പിന്നീട്, മേപ്പാടി പോലീസ് സ്റ്റേഷന്‍ പരിധിയിലും പിക്ക് അപ്പ് മോഷണം പോയി. ജൂലൈ 13നും 14 നുമിടയിലാണ് കുന്നമ്പറ്റ ഗ്രൗണ്ടിന് സമീപം നിര്‍ത്തിയിരുന്ന ഫോഴ്‌സ് കമ്പനിയുടെ പിക്ക് അപ്പ് മോഷണം പോയത്. മേപ്പാടി പോലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജൂലൈ 19നും 20നുമിടയില്‍ തൊണ്ടര്‍നാട് സ്റ്റേഷന്‍ പരിധിയിലും പിക്ക് അപ്പ് മോഷണം പോയി. കോറോം, കടയങ്കല്‍ എന്ന സ്ഥലത്ത് എന്‍.എം സിമന്റ് പ്രൊഡക്ട്‌സ് എന്ന സ്ഥാപനത്തിന്റെ ഷെഡില്‍ നിര്‍ത്തിയിട്ടിരുന്ന മഹീന്ദ്ര പിക്കപ്പ് വാഹനമാണ് മോഷ്ടിക്കപ്പെട്ടത്.  


സമാന രീതിയിലാണ് വാഹനമോഷണങ്ങളെന്നതിനാല്‍, പിന്നില്‍ ഒരേ സംഘമാവാം എന്ന നിഗമനത്തില്‍ വയനാട് ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍ ഐ.പി.എസിന്റെ നിര്‍ദേശപ്രകാരം, മാനന്തവാടി എസ്.എം.എസ് ഡിവൈ.എസ്.പി എം.എം. അബ്ദുള്‍ കരീമിന്റെ നേതൃത്വത്തില്‍ പ്രതികളെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ വാഹനങ്ങള്‍ തമിഴ്നാട്ടിലേക്കാണ് കടത്തിയതെന്ന് വ്യക്തമായി.


ALSO READ: തിരുവന്തപുരത്തെ ​ഗുണ്ടാ നേതാവിന്റെ കൊലപാതകം; ആസൂത്രകനും മുഖ്യ പ്രതിയുമായ അൻവർ ഹുസൈൻ കീഴടങ്ങി


സുജേഷ് കുമാറിനെ എറണാകുളത്ത് നിന്നും അബ്ദുള്‍ സലാമിനെ പാലക്കാട് നിന്നുമാണ് പിടികൂടിയത്. സുജേഷ് കുമാറിനെ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡും, അബ്ദുള്‍ സലാമിനെ തൊണ്ടര്‍നാട് എസ്.ഐ എംസി പവനന്‍, സി.പി.ഒ ശ്രീജേഷ് എന്നിവരടങ്ങുന്ന സംഘവുമാണ് പിടികൂടിയത്. കമ്പളക്കാട് നിന്നും മോഷ്ടിക്കപ്പെട്ട വാഹനം കണ്ടെത്താനുള്ള ഊര്‍ജിത ശ്രമം തുടരുന്നു.


മേപ്പാടി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ കെ.എസ്. അജേഷ്, എസ്.ഐ ഹരീഷ് കുമാര്‍, എ.എസ്.ഐ നൗഷാദ്, സീനിയര്‍ സി.പി.ഒമാരായ പി.എം. താഹിര്‍, ജിമ്മി ജോര്‍ജ്, എം. ബിജു, സി.പി.ഒ ഷിന്റോ ജോസഫ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.