Beemappally Murder Case: ബീമാപ്പള്ളി ഗുണ്ടാ കൊലപാതകം; ഒന്നാം പ്രതി കസ്റ്റഡിയിൽ

Beemappally Murder Case Accused: ബീമാപളളി ഈസ്റ്റ് വാർഡ് സദാം നഗറിൽ വാടകയ്ക്ക് താമസിക്കുന്ന ഷിബിലി (38) ആണ് മരിച്ചത്.

Written by - Zee Malayalam News Desk | Last Updated : Aug 16, 2024, 10:08 PM IST
  • ആന്തരിക അവയവങ്ങൾക്കുണ്ടായ ക്ഷതങ്ങളാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നതെന്ന് പോലീസ് പറഞ്ഞു
  • മരിച്ച ഷിബിലിക്കെതിരെ പൂന്തുറ സ്റ്റേഷനിലടക്കം നഗരത്തിലെ വിവിധ സ്റ്റേഷനുകളിലായി 22ലധികം കേസുകൾ ഉണ്ടെന്നും പോലീസ് അറിയിച്ചു
Beemappally Murder Case: ബീമാപ്പള്ളി ഗുണ്ടാ കൊലപാതകം; ഒന്നാം പ്രതി കസ്റ്റഡിയിൽ

തിരുവനന്തപുരം: യുവാക്കളുടെ മർദ്ദനത്തിൽ പരിക്കേറ്റയാളെ ബീമാപള്ളി കടപ്പുറത്തെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തി. മുൻവൈരാഗ്യത്തെ തുടർന്നുണ്ടായ അടിപിടിക്കിടെയാണ് സഹോദരങ്ങളായ യുവാക്കൾ ഇയാളെ ക്രൂരമായി മർദ്ദിച്ചത്. സംഭവം കൊലപാതകമാണെന്ന് പൂന്തുറ പോലീസ് വ്യക്തമാക്കി.

ബീമാപളളി ഈസ്റ്റ് വാർഡ് സദാം നഗറിൽ വാടകയ്ക്ക് താമസിക്കുന്ന മത്സ്യത്തൊഴിലാളിയായ അബ്ദുൾ ഹസ്സന്റെയും ബദറുനിസയുടെയും മകൻ ഷിബിലി (38) ആണ് മരിച്ചത്. സംഭവത്തിൽ ഒന്നാം പ്രതി ഇനാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ സഹോദൻ ഇനാദ് ഇപ്പോഴും ഒളിവിലാണ്. ഇയാൾക്കായി പോലീസ് തിരച്ചിൽ ശക്തമാക്കി.

മരിച്ച ഷിബിലിയും ഇയാളെ ആക്രമിച്ചവരിൽ ഒരാളായ ഇനാസും തമ്മിൽ നേരത്തെ വഴക്കുണ്ടായിരുന്നു. രാത്രിയിൽ ബീമാപള്ളിക്ക് സമീപത്ത്  വച്ച് കണ്ടുമുട്ടിയ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. നാട്ടുകാർ ഇടപെട്ട് ഇവരെ പിടിച്ചുമാറ്റി. തുടർന്ന് 11 മണിയോടെ ഷിബിലിയെ അന്വേഷിച്ച് ഇനാസും ഇയാളുടെ ജ്യേഷ്ഠൻ ഇനാദും വീണ്ടും എത്തി.

ALSO READ: ഇടുക്കിയിൽ അന്യസംസ്ഥാന തൊഴിലാളിയായ യുവതിയെ മർദ്ദിച്ച് കൊന്നു; യുവാവ് പിടിയിൽ

ബീമാപള്ളി റോഡിൽ നിന്ന് കടപ്പുറത്തേക്ക് പോകുന്ന ഇടവഴിയിൽ വച്ച് ഷിബിലിയെ കണ്ടു. ഇവിടെവച്ച് വീണ്ടും അടിയുണ്ടായി. ഇരുവരും ചേർന്ന് ഷിബിലിയെ മതിലിനോട് ചേർത്തുവെച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് പോലീസ് ഷിബിലിയുടെ ഷർട്ട്, ചെരിപ്പുകൾ എന്നിവ കണ്ടെടുത്തു.

അടിയേറ്റ് അവശനിലയിലായ ഷിബിലി അവിടെനിന്ന് ഓടി കടൽ തീരത്ത് എത്തിയെങ്കിലും പിന്നാലെ വന്ന ഇരുവരും ചേർന്ന് ഷിബിലെ തറയിൽ തള്ളിയിട്ട് നെഞ്ചിലും കഴുത്തിലും ചവിട്ടിയെന്നും കല്ലുകൊണ്ട് ചുണ്ടിലും താടിയിലും തലയിലും കഴുത്തിലും ഇടിച്ചുവെന്നുമാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. സംഭവത്തിനുശേഷം ഇവർ രക്ഷപ്പെട്ടു.

ഷിബിലിയുടെ സഹോദരൻ ഹലീൽ റഹ്മാനെ രാത്രി 12 ഓടെ നാട്ടുകാരിൽ ആരോ വിവരമറിയിച്ചു. തുടർന്ന് കടപ്പുറത്ത് എത്തിയ ഹലീലും സുഹൃത്തുക്കളും ചേർന്ന് അബോധാവസ്ഥയിലായിരുന്ന ഷിബിലിയെ ജനറൽ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഡോക്ടർ മരണം സ്ഥിരീകരിച്ചു.

ALSO READ: തിരുവനന്തപുരത്ത് യുവാവിനെ കുത്തികൊലപ്പെടുത്തി; കൊല്ലപ്പെട്ടത് ഗുണ്ടാ ലിസ്റ്റിലുള്ളയാൾ

പൂന്തുറ എസ്എച്ച്ഒ എസ്. സാജുവിന്റെ നേതൃത്വത്തിൽ നടത്തിയ മൃതദേഹ പരിശോധനയിൽ നെഞ്ചിലും മുതുകിലും ചവിട്ടേറ്റതിന്റെ പാടുകളും തലയിലും ചുണ്ടിലും മുറിവുകളും കണ്ടെത്തി. മൃതദേഹം മെഡിക്കൽ കോളേജിൽ എത്തിച്ച് പോസ്റ്റുമോർട്ടം നടത്തി. ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി.

ചവിട്ടേറ്റതിനെ തുടർന്ന് വയറ്റിലെ ആന്തരിക അവയവങ്ങൾക്കുണ്ടായ ക്ഷതങ്ങളാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നതെന്ന് പോലീസ് പറഞ്ഞു. പ്രതികളായ യുവാക്കളുടെ പിതാവിനെയും മറ്റൊരു യുവാവിനെയും പൂന്തുറ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരിച്ച ഷിബിലിക്കെതിരെ പൂന്തുറ സ്റ്റേഷനിലടക്കം നഗരത്തിലെ വിവിധ സ്റ്റേഷനുകളിലായി 22ലധികം കേസുകൾ ഉണ്ടെന്നും പോലീസ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News