ATM | ഏറ്റുമാനൂരിൽ എടിഎം തകർത്ത് കവർച്ചാ ശ്രമം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
പ്രാഥമിക പരിശോധനയിൽ പണം നഷ്ടമായിട്ടില്ലെന്ന സൂചനയാണ് ബാങ്ക് അധികൃതർ നൽകുന്നത്.
കോട്ടയം: പേരൂർ പുളിമൂട് കവലയിൽ എടിഎം തകർത്ത് കവർച്ചാ ശ്രമം. എസ്ബിഐയുടെ എടിഎം കുത്തിപ്പൊളിച്ച അക്രമിസംഘം പണം കവരാൻ ശ്രമം നടത്തിയിട്ടുണ്ട്. എന്നാൽ, പണം നഷ്ടമായോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പ്രാഥമിക പരിശോധനയിൽ പണം നഷ്ടമായിട്ടില്ലെന്ന സൂചനയാണ് ബാങ്ക് അധികൃതർ നൽകുന്നത്.
ഞായറാഴ്ച പുലർച്ചെയോടെയാണ് പുളിമൂട് ജംഗ്ഷനിലെ എടിഎം തകർക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇതുവഴി എത്തിയ യാത്രക്കാരാണ് എടിഎം തകർത്തതായി കണ്ടത്. തുടർന്ന് ഇവർ ഏറ്റുമാനൂർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തി പ്രാഥമിക പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്.
എടിഎം തകർക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. പോലീസ് ബാങ്കിൽ നിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. നീല ടീ ഷർട്ടും തൊപ്പിയും മാസ്‌കും ധരിച്ച് എത്തിയ ആൾ കമ്പി ഉപയോഗിച്ച് എടിഎം തകർക്കുന്ന ചിത്രമാണ് പോലീസിന് ലഭിച്ചിരിക്കുന്നത്.
സിഡിഎം കൂടി ഇതേ കൗണ്ടറിൽ പ്രവർത്തിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ സിഡിഎമ്മിന്റെ കണക്കുകൾ കൂടി പരിശോധിച്ചെങ്കിൽ മാത്രമേ പണം നഷ്ടമായത് സംബന്ധിച്ച് കൃത്യമായ വിവരം ലഭിക്കൂ. ഇതിനായി ബാങ്ക് അധികൃതർ പരിശോധന ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...