ക്വട്ടേഷൻ സംഘങ്ങളെ കയറൂരിവിട്ടിരിക്കുന്നു: തിരുവഞ്ചൂർ സീ മലയാളം ന്യൂസിനോട്; പൊലീസിന് ശാസ്ത്രീയമായ കുറ്റാന്വേഷണത്തിനുള്ള കഴിവ് നഷ്ടപ്പെട്ടു: ജോർജ് ജോസഫ്
സംസ്ഥാനത്ത് ക്വട്ടേഷൻ സംഘങ്ങളെ കയറൂരിവിട്ടിരിക്കുന്നതായി മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും പ്രതികരിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടകളെ അമർച്ച ചെയ്യാൻ പൊലീസ് ശക്തമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് റിട്ട. എസ്.പി. ജോർജ് ജോസഫ് സീ മലയാളം ന്യൂസിനോട്. കേരളത്തിൽ ഗുണ്ടകൾ സജീവമായി അഴിഞ്ഞാടുകയാണ്. കോട്ടയത്ത് 19 കാരനെ തല്ലിക്കൊന്ന പൊലീസ് സ്റ്റേഷനു മുന്നിൽ കൊണ്ടിട്ട സംഭവത്തിൽ പൊലീസിന് വീഴ്ചയുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി.
ഓരോ പോലീസ് സ്റ്റേഷൻ പരിധിയിലും എത്ര ഗുണ്ടകളുണ്ടെന്ന് കൃത്യമായി പരിശോധിക്കുകയും അത്തരക്കാരെ അറസ്റ്റ് ചെയ്യാൻ നടപടികൾ സ്വീകരിക്കുകയും വേണം. പൊലീസിന് ശാസ്ത്രീയമായി കുറ്റാന്വേഷണം നടത്താനുള്ള കഴിവ് നഷ്ടപ്പെട്ടതായും അദ്ദേഹം വിമർശിച്ചു. അതേസമയം, സംസ്ഥാനത്ത് ക്വട്ടേഷൻ സംഘങ്ങളെ കയറൂരിവിട്ടിരിക്കുന്നതായി മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും പ്രതികരിച്ചു.
ALSO READ: Gunda Attacks| ഇനി പകലിറങ്ങി നടക്കാനും പറ്റില്ലേ? ഗുണ്ടകൾ വിലസുന്ന 'ദൈവത്തിൻറെ സ്വന്തം നാട്
കേരളത്തിൽ ഗുണ്ടകളെ അമർച്ച ചെയ്യുന്നതിനായി പൊലീസ് നടത്തുന്ന ഇടപെടലുകൾ ശക്തമല്ല. ഗുണ്ടകൾ കേരളത്തിൽ നിർബാധം അഴിഞ്ഞാടുകയാണെന്നും ജോർജ് ജോസഫ്. ഫസ്റ്റ് ഡിഗ്രി, സെക്കൻ്റ് ഡിഗ്രി എന്നീ ക്രമങ്ങളിൽ ഗുണ്ടകളെ തരംതിരിക്കുകയും ഓരോ പൊലീസ് സ്റ്റേഷൻ പരിധിയിലും പ്രശ്നക്കാരായ എത്ര സജീവമായ ഗുണ്ടകൾ ഉണ്ടെന്ന് കണക്കെടുകയും വേണം. ഇത്തരക്കാരെ അറസ്റ്റ് ചെയ്യുന്നതിന് പോലീസ് ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നും ജോർജ് ജോസഫ് പറഞ്ഞു.
കോട്ടയത്തെ 19 കാരനെ തല്ലിക്കൊന്ന് പോലീസ് സ്റ്റേഷനു മുന്നിൽ കൊണ്ടിട്ട സംഭവത്തിൽ പോലീസിന് പ്രത്യക്ഷമായ വീഴ്ച സംഭവിച്ചു. രാത്രി ഒൻപതര മണിക്ക് ഒരാളെ കാണാനില്ലെന്ന് പോലീസിന് വിവരം ലഭിച്ചെങ്കിലും കാര്യമായ അന്വേഷണം നടന്നില്ല. വിവരം കിട്ടിയ ഉടൻ തന്നെ എസ്.എച്ച്.ഒ മുതൽ എസ്.പി വരെയുള്ളവർ ഫീൽഡിൽ ഇറങ്ങി അന്വേഷണം നടത്തിയില്ലെന്നും അദ്ദേഹം വിമർശിച്ചു.
പോലീസിൻ്റെ ഇടപെടലുകളെ ലാഘവബുദ്ധിയോടെ കാണാൻ കഴിയില്ല. ഒരാളെ കാണാതായാൽ എഫ്ഐആർ എടുക്കുകയല്ല പൊലീസ് ആദ്യം ചെയ്യേണ്ടത്. എത്രയും വേഗം കണ്ടെത്തുന്നതിനുള്ള ഊർജ്ജം നടപടിയാണ് പോലീസിൻ്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്. കോട്ടയം സംഭവത്തിൽ ഗുണ്ടകളെ ഒതുക്കാനുള്ള നിയമപരിജ്ഞാനം പോലീസിന് ഇല്ലെന്ന് വെളിപ്പെട്ടിരിക്കുകയാണ് - ജോർജ് ജോസഫ് വ്യക്തമാക്കി.
പൊലീസിന് ശാസ്ത്രീയമായ കുറ്റാന്വേഷണം നടത്താനുള്ള കഴിവ് നഷ്ടപ്പെട്ടിരിക്കുന്നു. ഓരോ പോലീസ് സ്റ്റേഷൻ പരിധിയിലും എത്ര ഗുണ്ടകളുണ്ടെന്ന് കൃത്യമായി പരിശോധിക്കണം. അങ്ങനെ പരിശോധിച്ചെങ്കിൽ എന്തുകൊണ്ട് ജോമോൻ എന്ന പ്രധാന ഗുണ്ടയെ പിടികൂടിയില്ലെന്നും റിട്ട എസ്.പി. ചോദിച്ചു.
പ്രതികളെ പിടികൂടി കാപ്പ നിയമം ചുമത്തി നാടുകടത്തുന്നത് പ്രതികൾക്ക് രക്ഷപ്പെടാനുള്ള സഹായത്തിന് കൂടി വഴി ഒരുക്കുന്നതിന് തുല്യമാണ്. പ്രതികൾക്ക് 110 സിആർപിസിയിൽ ഉൾപ്പെടെ കൂടുതൽ ശിക്ഷ അനുശാസിക്കുന്നുണ്ട്. ഗുണ്ടയായ ഒരാൾക്കെതിരെ പരാതി ലഭിച്ചാൽ മൂന്ന് വർഷത്തെ ബോണ്ടിൽ ആർഡിഒ മുമ്പാകെ ഹാജരാക്കി അകത്തിടാൻ നിയമമുണ്ട്. ഇത് ലംഘിച്ചാൽ കടുത്ത ശിക്ഷാനടപടികൾ വേറെയും നടത്താനും നിയമം അനുശാസിക്കുന്നുണ്ട്- ജോർജ് ജോസഫ് പറഞ്ഞു.
പൊലീസ് ഉദ്യോഗസ്ഥൻ വിധേയത്വം കാണിക്കേണ്ടത് ഭരണഘടനയോടും നിയമനടപടികളോടുമാണ്. രാഷ്ട്രീയക്കാർ നിർദ്ദേശിക്കുന്നത് പോലെ മേലുദ്യോഗസ്ഥൻ്റെ താല്പര്യമനുസരിച്ച് പൊലീസുകാർ പ്രവർത്തിക്കുമ്പോഴാണ് യഥാർത്ഥ പ്രതികൾ ഉൾപ്പെടെ രക്ഷപ്പെടുന്നതിന് വഴിയൊരുക്കുന്നത്. ഈ പ്രവണത തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം ക്വട്ടേഷൻ സംഘങ്ങളെ കയറൂരി വിട്ടിരിക്കുന്നതായി മുൻ ആഭ്യന്തര മന്ത്രിയും എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു. കോട്ടയം കൊലപാതകത്തിൽ പൊലീസ് നോക്കുകുത്തിയായി മാറിയിരിക്കുകയാണ്. കഞ്ചാവ്, ഗുണ്ടാ, ക്വട്ടേഷൻ എന്നിങ്ങനെ മൂന്ന് സംഘങ്ങൾ കോർത്തിണക്കി സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പട്ടികയിൽ പ്രശ്നങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്.
കാപ്പ നിയമം അനുസരിച്ച് ഗുണ്ടകൾക്കെതിരെ പൊലീസ് കൃത്യമായ നടപടിയെടുക്കുന്നില്ലെന്നും തിരുവഞ്ചൂർ
കുറ്റപ്പെടുത്തി. പല കേസുകളിലും പ്രതികളായിട്ടുള്ളവർ ജയിലിനുള്ളിൽ തന്നെ ക്വട്ടേഷൻ പ്രവണതകൾ നടത്തുന്നുണ്ട്. കാപ്പ നിയമത്തെ പൊലീസ് ദുർവിനിയോഗം ചെയ്യുന്നുവെന്നും തിരുവഞ്ചൂർ സീ മലയാളം ന്യൂസിനോട് പറഞ്ഞു.
ALSO READ: Murder | കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് മൃതദേഹം പോലീസ് സ്റ്റേഷന് മുന്നിൽ ഉപേക്ഷിച്ചു
കോട്ടയത്ത് ഷാൻ ബാബുവിനെ കൊലപ്പെടുത്തിയ ആ രാത്രി സംഭവിച്ചത് ഇങ്ങനെ:
കേരളത്തെ പോലും ഞെട്ടിപ്പിച്ച മറ്റൊരു കൊടുംക്രൂരതയുടെ വാർത്തയായിരുന്നു രണ്ട് ദിവസം മുൻപ് കോട്ടയത്ത് നിന്ന് പുറത്തുവന്നത്. പ്രധാന ഗുണ്ടയുടെ നേതൃത്വത്തിലുള്ള സംഘം പത്തൊമ്പത്കാരനെ രാത്രി തട്ടിക്കൊണ്ടുപോയ ശേഷം തല്ലിക്കൊന്ന് കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനു മുന്നിൽ കൊണ്ടിടുകയായിരുന്നു. പുലർച്ചെ 3.40 ഓടെയാണ് സംഭവമുണ്ടായത്. കോട്ടയം വിമലഗിരി സ്വദേശി ഷാൻ ബാബു (19) ആണ് കൊല്ലപ്പെട്ടത്.
കുപ്രസിദ്ധ ഗുണ്ട കെ.ഡി ജോസ്മോൻ എന്ന ജോമോൻ, ഗുണ്ടാത്തലവൻ പുൽച്ചാടി ലുധീഷ്, എന്നിവരുടെ നേതൃത്വത്തിലാണ് ഷാൻ ബാബുവിനെ തട്ടിക്കൊണ്ടു പോയ ശേഷം മൂന്നുമണിക്കൂറോളം മർദ്ദിച്ച് അവശനാക്കി കൊലപ്പെടുത്തിയത്. കഞ്ഞിക്കുഴി സ്വദേശിയായ എതിർഗ്യാങ്ങിൻ്റെ നേതാവ് സൂര്യൻ എന്ന ശരത്ത് വി.രാജിൻ്റെ കൂട്ടാളി ആയിരുന്നു ഷാൻ ബാബു.
ലുധീഷിനെയും ജോമോനെയും സൂര്യൻ്റെ നേതൃത്വത്തിൽ തൃശൂരിൽ വച്ച് ആക്രമിച്ചിരുന്നു. ഇതിനായുള്ള പ്രതികാരത്തിന് ഒരുങ്ങുന്നതിനിടെയാണ് കാവൽ പദ്ധതിയുമായി പൊലീസ് എത്തുന്നത്. ഇതോടെ ലുധീഷും ജോമോനും അകത്തായി. ഇരുവർക്കുമെതിരെ കാപ്പ ചുമത്തി നാടുകടത്തുകയായിരുന്നു.
ഒറ്റുകാരണമാണ് കുടുങ്ങിയതെന്ന് ജോമോനും രതീഷും ഉറച്ചുവിശ്വസിച്ചു ജോമോൻ്റെ അടുത്ത സുഹൃത്തായിരുന്നു ഷാൻ. ജോമോൻ ഷാനിനെ കുഞ്ഞു എന്നായിരുന്നു വിളിച്ചിരുന്നത്. കാപ്പ ചുമത്തി നാടു കടത്തിയിരുന്ന ഷാൻ ഇളവ് തേടി രണ്ടാഴ്ച മുൻപ് നാട്ടിൽ തിരിച്ചെത്തി. തന്നെയും സുഹൃത്തിനെയും ഒറ്റിയവരെ കണ്ടെത്താനുള്ള തിരച്ചിൽ ഊർജ്ജിതമാക്കുകയും ചെയ്തു.
അപ്പോഴാണ് തന്നെ ആക്രമിച്ചവരുടെ ദൃശ്യങ്ങൾ ജോമോൻ കാണുന്നത്.ആ പോസ്റ്റിന് ഷാൻ ലൈക്ക് നൽകിയിരുന്നു. ഇതോടെ കൂട്ടത്തിലൊരാൾ ഒറ്റുകാരനാണെന്ന് ജോമോൻ സംശയിച്ചു. സൂര്യനും സംഘവും നടത്തിയ കൊടൈയ്ക്കനാൽ ഉല്ലാസ യാത്രയിൽ ഷാനും പോയിരുന്നതായി ജോമോൻ കണ്ടെത്തി.
ഉല്ലാസയാത്രയ്ക്ക് തൻ്റെ ശത്രുവിനൊപ്പം ഷാൻ പോയതറിഞ്ഞതോടെ ജോമോൻ്റെ നോട്ടപ്പുള്ളിയായി മാറി. തുടർന്ന് ഞായറാഴ്ച രാത്രിയോടെയാണ് ഷാൻ്റെ വീട്ടിലേക്കുള്ള വഴിയിൽ ജോമോനും സംഘവും എത്തുന്നത്. ഫുട്ബോൾ കളിക്കാൻ പോയ ഷാൻ തിരിച്ചെത്തുന്നന്നതു വരെ കാത്തു നിന്നു. ഒൻപതു മണിയോടെ സുഹൃത്തുക്കളും ഷാനും അവരുടെ മുന്നിൽ അകപ്പെട്ടു. ഷാൻ ജോമോൻ്റെ സംഘത്തിൻ്റെ പിടിയിലായി. സുഹൃത്തുക്കൾ ഓടിരക്ഷപ്പെട്ടു. സൂര്യൻ എന്ന ശരത്ത് വി.രാജ് എവിടെ എന്നായിരുന്നു ആദ്യ ചോദ്യം.
തുടർന്ന്, ഷാനെ ജോമോൻ ഉൾപ്പെട്ട ഗുണ്ടാ സംഘം ചേർന്ന് തട്ടിക്കൊണ്ടുപോയി.ഷാൻ്റെ ഫോൺ ഉൾപ്പടെ സ്വിച്ച് ഓഫ് ചെയ്തു. ജോമോൻ ഷാനെ പിടിച്ചു കൊണ്ടു പോയതായി സുഹൃത്തുക്കൾ വീട്ടിൽ അറിയിച്ചു. രാത്രി വൈകിയിട്ടും തിരിച്ചെത്താതിരുന്നതോടെ ഷാനിൻ്റെ അമ്മ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തി. പുലർച്ചെ ഒന്നരയോടെ ഇവർ സ്റ്റേഷനിൽ പരാതി നൽകി.
മകനെ തട്ടിക്കൊണ്ടുപോയവരുടെ വിവരങ്ങളടക്കം ഇവർ പൊലീസിന് കൈമാറി. ഓട്ടോയിലാണ് തട്ടിക്കൊണ്ടു പോയതെന്നും എത്രയും വേഗം അന്വേഷിച്ചാൽ മാത്രമേ മകനെ കണ്ടെത്താനാകുകയുള്ളൂവെന്ന് അമ്മ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് പറയുന്നുണ്ടായിരുന്നു.
ഒന്നരയ്ക്ക് വിശദമായ പരാതി നൽകിയെങ്കിലും പുലർച്ചെ 3.40 ഓടെ ഷാനെ തല്ലിക്കൊന്ന് തോളിൽ ചുമന്ന് ജോമോൻ എന്ന ഗുണ്ട പോലീസ് സ്റ്റേഷന് മുന്നിൽ കൊണ്ടിടുകയായിരുന്നു. ജോമോനെ കൂടാതെ നാലുപേർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതായി പൊലീസ് കണ്ടെത്തി. എല്ലാവരെയും കഴിഞ്ഞദിവസം തന്നെ പൊലീസ് പിടികൂടി. സംഘത്തലവൻ പുൽച്ചാടി ലുധീഷ്, കിരൺ, ബിനുമോൻ, സുധീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ അറസ്റ്റ് ചെയ്ത ശേഷം റിമാൻഡ് ചെയ്യുന്നതടക്കമുള്ള തുടർ നടപടികൾ പൊലീസ് സ്വീകരിച്ചു. മൃതദ്ദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...