ഇടുക്കി: എസ്എഫ്ഐ പ്രവർത്തകൻ ധീരജിനെ കൊലപ്പെടുത്തിയ കേസിൽ ഒരു കെ എസ് യു പ്രവർത്തകൻ കൂടി അറസ്റ്റിൽ. കെ എസ് യു ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി നിതിൻ ലൂക്കോസാണ് പിടിയിലായത്. കേസില്‍ നാലാം പ്രതിയാണ് നിതിന്‍.
ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി. കേസിലെ അഞ്ചാം പ്രതിയെയാണ് ഇനി പിടികൂടാനുള്ളത്. ഇടുക്കി ഡിവൈഎസ്പി ഇമ്മാനുവൽ പോളിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസിന്റെ അന്വേഷണം നടത്തുന്നത്. കേസിൽ നേരത്തെ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാക്കളായ നിഖിൽ പൈലിയും ജെറിൻ ജോജോയും നിലവിൽ റിമാൻഡിലാണ്.
നിഖിൽ പൈലിയേയും ജെറിൻ ജോജോയെയും 10 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചിട്ടുണ്ട്. കൊലക്ക് ഉപയോഗിച്ച ആയുധം കണ്ടെത്തുന്നതിനും സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കുന്നതിനും കൂടുതൽ അന്വേഷണങ്ങൾക്കുമായാണ് പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇടുക്കി പൈനാവ് സർക്കാർ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർഥി ധീരജാണ് കൊല്ലപ്പെട്ടത്. കണ്ണൂർ സ്വദേശിയാണ്. കമ്പ്യൂട്ടർ സയൻസ് ഏഴാം സെമസ്റ്റർ വിദ്യാർഥിയായിരുന്നു ധീരജ്. ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവായ നിഖില്‍ പൈലി കുറ്റം സമ്മതിച്ചിരുന്നു. താനാണ് ധീരജിനെ കുത്തിയതെന്ന് നിഖിൽ പൈലി പോലീസിനോട് പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...