Sreenivasan Murder : ശ്രീനിവാസൻ വധക്കേസ്; 2 പേർ പിടിയിൽ, കൊലയാളി സംഘത്തിലെ കൂടുതൽ പേരെ കുറിച്ച് വിവരം ലഭിച്ചതായി ഐജി അശോക് യാദവ്
Palakkad Twin Murder Case : കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒരാളും ഗൂഢാലോചന നടത്തിയ ഒരാളുമാണ് ഇപ്പോൾ പിടിയിലായത്. ഇഖ്ബാൽ, ഫയാസ് എന്നിവരാണ് പിടിയിലായത്.
പാലക്കാട് : ശ്രീനിവാസൻ കൊലപാതക കേസിൽ രണ്ട് പേർ കൂടി പിടിയിലായി. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒരാളും ഗൂഢാലോചന നടത്തിയ ഒരാളുമാണ് ഇപ്പോൾ പിടിയിലായത്. ഇഖ്ബാൽ, ഫയാസ് എന്നിവരാണ് പിടിയിലായത്. കൂടാതെ കൊലപാതക സംഘത്തിലെ അഞ്ച് പേരെ കുറിച്ച് കൂടി വ്യക്തമായ വിവരം ലഭിച്ച് കഴിഞ്ഞുവെന്ന് ഐജി അശോക് യാദവ് പറഞ്ഞു. ഈ അഞ്ച് പേർക്കായുള്ള തിരച്ചിൽ പൊലീസ് ഉദ്യോഗസ്ഥർ ഊർജ്ജിതമായി തുടരുകയാണ്.
ഇതിന് മുമ്പ് കേസിൽ ഗൂഢാലോചന നടത്തിയ പത്ത് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ നാല് പേർ ശംഖുവാരത്തോട് സ്വദേശികളാണ്. കൊലയാളികളിൽ ഒരാളുടെ മൊബൈൽ ഫോൺ ശംഖുവാരത്തോട് പള്ളിയിൽ നിന്നും കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. സുബൈർ കൊല്ലപ്പെട്ട വെള്ളിയാഴ്ച രാത്രിയിൽ തുടങ്ങിയതാണ് പ്രതികാരത്തിനായുള്ള ഗൂഢാലോചനയെന്ന് പ്രതികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ശ്രീനിവാസനെ കൊലചെയ്യാനുള്ള ഗൂഢാലോചന നടന്നത് ജില്ലാശുപത്രിയുടെ പിൻവശത്ത് വെച്ചായിരുന്നു പ്രതികൾ മൊഴി നൽകിയിട്ടുണ്ട്.
ALSO READ: Sreenivasan Murder Case: 3 പേർ കൂടി കസ്റ്റഡിയിൽ
ശ്രീനിവാസനെ കൊലപ്പെടുത്തിയത് ആറംഗ സംഘമാണെന്ന് പൊലീസ് മുമ്പ് കണ്ടെത്തിയിരുന്നു. ശ്രീനിവാസന് മുമ്പ് മറ്റ് ആര്‍എസ്എസ് നേതാക്കളെയും പ്രതികള്‍ ലക്ഷ്യമിട്ടു നീക്കം നടത്തിയിരുന്നുവെന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. കേസിൽ ആകെ 16 പ്രതികൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗൂഢാലോചനയിൽ കൂടുതൽ പേർ പങ്കെടുത്തിട്ടുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്.
എന്നാൽ സുബൈർ വധത്തിന്റെ ഗൂഢാലോചനയെ കുറിച്ച് പൊലീസിന് കൂടുതൽ വിവരങ്ങൾ ഇനിയും ലഭിച്ചിട്ടില്ല. എന്നാൽ പ്രതികളെ മുമ്പ് തന്നെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ശരവൺ, ആറുമുഖൻ, രമേശ് എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ രമേശ് മുന്‍പ് കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ ഉറ്റസുഹൃത്താണെന്നും റിപ്പോർട്ടുകളുണ്ട്. ഇയാളാണ് സുബൈർ വധത്തിലെ സൂത്രധാരനെന്നാണ് പോലീസ് പറയുന്നത്. സുബൈറിനെ കൊലപ്പെടുത്താനായി നടത്തിയ മൂന്നാം ശ്രമമാണിതെന്നും നേരത്തെ രണ്ടുവട്ടം പ്രതികൾ കൊലപാതക ശ്രമം നടത്തിയെങ്കിലും പൊലീസ് പട്രോളിംഗ് ഉണ്ടായതിനാൽ ശ്രമം ഉപേക്ഷിച്ചെന്നും പ്രതികൾ മൊഴി നൽകിയതായിട്ടാണ് റിപ്പോർട്ട്.
ഇതിനിടയിൽ പാലക്കാട് പ്രഖ്യാപിച്ച നിരോധനാജ്ഞ ഏപ്രിൽ 28 വരെ തുടരുമെന്ന് ജില്ലാ കളക്‌ടർ അറിയിച്ചു. വിഷുദിനത്തിലാണ് പാലക്കാട്ടെ രാഷ്ട്രീയ കൊലപാതകത്തിന് തുടക്കമിടുന്നത്. എസ്ഡിപിഐ പ്രവർത്തകൻ സുബൈർ പള്ളിയിൽ നിന്നും മടങ്ങവെ അയാളെ പിതാവിന്റെ മുന്നിലിട്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഇതിന്റെ വൈരാഗ്യമാണ് പിറ്റേ ദിവസം ആർഎസ്എസ് പ്രവർത്തകനായ ശ്രീനിവാസനെ കടയിൽ കയറി വെട്ടിക്കൊന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.