കാഴ്ചയിൽ സെയിൽസ് എക്‌സിക്യൂട്ടീവ്; മോഷ്ടിച്ചത് 1000 ക്ഷേത്രങ്ങളിൽ, കള്ളനെ പോലീസ് പൊക്കിയതിങ്ങനെ
പോലീസിനെയും നാട്ടുകാരെയും വട്ടം കറക്കിയ അമ്പലം മോഷ്ടാവിനെയാണ് കട്ടപ്പന പോലീസ് പിടി കൂടിയത്
ഇടുക്കി: ഒറ്റ നോട്ടത്തിൽ കണ്ടാൽ സെയിൽസ് എക്സിക്യുട്ടീവ് അല്ലെന്ന് ആരും പറയില്ല. നടപ്പും എടുപ്പും ഭാഷയുമെല്ലാം അത് പോലെ തന്നെ. പക്ഷെ 1000 ക്ഷേത്രങ്ങളിൽ മോഷണം നടത്തിയാളെന്ന് അറിഞ്ഞതോടെയാണ് നാട്ടുകാരും മൂക്കത്ത് വിരൽ വെച്ചത്.
വടക്കൻ ജില്ലകളിലെ പോലീസിനെയും നാട്ടുകാരെയും വട്ടം കറക്കിയ കുപ്രസിദ്ധ അമ്പലം മോഷ്ടാവിനെയാണ് കട്ടപ്പന പോലീസ് പിടി കൂടിയത്. മലപ്പുറം കാലടി സ്വദേശി സജീഷ് ആണ് പിടിയിലായത്. നിരവധി വാഹന മോഷണക്കേസിലും ഇയാൾ പ്രതിയാണ്.
മലപ്പുറം, കോഴിക്കോട്, തൃശൂർ, പാലക്കാട് ജില്ലകളിലായി 500 ൽ അധികം ക്ഷേത്രങ്ങളിലാണ് സജീഷ് മോഷണം നടത്തിയത്. മോഷണ ശേഷം ഇടുക്കി ജില്ലയിലെ കുമളിയിൽ സ്വകാര്യ ലോഡ്ജിൽ താമസിക്കുകയും മോഷ്ടിച്ചു കിട്ടുന്ന നാണയങ്ങൾ കടകളിൽ കൊടുത്ത് മാറുന്നതുമായിരുന്നു പ്രതിയുടെ പതിവ്.
കട്ടപ്പനയിൽ ചില്ലറ മാറാനെത്തിയ സജീഷിനെ പൊലീസ് നിരീക്ഷിച്ചു. തുടർന്ന് ചോദ്യം ചെയ്തതോടെയാണ് മോഷണ പരമ്പര വ്യക്തമായത്. 20 വർഷത്തിനിടെ ആയിരത്തിലധികം ക്ഷേത്രങ്ങളിൽ മോഷണം നടത്തിയതായി സജീഷ് പോലീസിന് മൊഴി നൽകി. അമ്പലങ്ങളിൽ കയറുന്നതിന് മുന്നോടിയായി സമീപപ്രദേശത്തുനിന്ന് ബൈക്ക് മോഷ്ടിക്കുകയും അതിനുശേഷം റെയിൽവേ സ്റ്റേഷനുകളിലെ പാർക്കിങ് കേന്ദ്രങ്ങളിൽ ബൈക്ക് വെച്ചിട്ട് പോകുന്നതുമാണ് സജീഷിന്റെ രീതി.
സമാനമായ മോഷണക്കേസിൽ 2022 ജൂലൈ 17ന് പെരിന്തൽമണ്ണ സബ് ജയിലിൽ നിന്ന് ശിക്ഷകഴിഞ്ഞ് ഇറങ്ങിയ പ്രതി ഇതിനു ശേഷം 30ലധികം അമ്പലങ്ങളിൽ മോഷണം നടത്തിയിട്ടുണ്ട്.സ്വകാര്യ ആയുർവേദ കമ്പനിയിലെ സെയിൽസ് എക്‌സിക്യൂട്ടീവ് ആണെന്ന പേരിലാണ് ലോഡ്ജിൽ താമസിച്ചിരുന്നത്. ഏജൻസികളിൽനിന്നു കിട്ടുന്ന ചില്ലറയാണെന്നു പറഞ്ഞാണ് നാണയങ്ങൾ ഇയാൾ നോട്ടാക്കി മാറ്റിയിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...