Gunda attack: തലസ്ഥാനത്ത് ഗുണ്ടാവിളയാട്ടം; വിവിധയിടങ്ങളിൽ വ്യാപക അക്രമം, ഇടപെട്ട് പോലീസ്
Gunda attack in Thiruvananthapuram: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഗുണ്ടാസംഘം വിരമിച്ച എസ്.ഐയുടെ വീട് ആക്രമിച്ചു.
തിരുവനന്തപുരം: ഒരിടേവളക്ക് ശേഷം വീണ്ടും തലസ്ഥാനത്ത് അഴിഞ്ഞാടി ഗുണ്ടകൾ. നെയ്യാറ്റിൻകരയിൽ വിരമിച്ച എസ്.ഐയുടെ വീട് ആക്രമിച്ചു. വെങ്ങാനൂരിൽ ഗൃഹനാഥനെ ഗുണ്ടാസംഘം വീടുകയറി ഉപദ്രവിച്ചു. തുമ്പയിൽ പട്ടാപ്പകൽ യുവാവിനെ കൊണ്ട് കാലുപിടിപ്പിച്ച ഗുണ്ടയ്ക്കെതിരെ കേസെടുത്തു. ജിംനേഷ്യം ജീവനക്കാരെ അക്രമിച്ച കേസിലും പോലീസിന്റെ നടപടി ഉണ്ടായി.
ഗുണ്ടാ ആക്രമണങ്ങളും ഗുണ്ടകളുടെ അഴിഞ്ഞാട്ടവും വീണ്ടും തിരുവനന്തപുരം ജില്ലയിൽ ആവർത്തിക്കുകയാണ്. നെയ്യാറ്റിൻകര അമരവിളയിലാണ് വിരമിച്ച എസ് ഐയുടെ വീടിന് നേരെ ഇന്ന് പുലർച്ചയോടെ ആക്രമണം നടന്നത്. ജനൽ ചില്ലുകളും കാറും അക്രമിസംഘം തകർത്തു. മൂന്ന് ബൈക്കുകളിൽ എത്തിയ സംഘമാണ് അമരവിള സ്വദേശി അനിൽകുമാറിന്റെ വീടിന് നേരെ ആക്രമണം അഴിച്ചുവിട്ടത്. അനിൽകുമാർ പരാതി നൽകിയതിനെ തുടർന്ന് പ്രതികളെ കണ്ടെത്താൻ പോലീസ് അന്വേഷണം നടത്തുകയാണ്.
ALSO READ: കുറ്റ്യാടി സ്വദേശിനിയുടെ ദുരൂഹ മരണത്തിൽ ഒപ്പം താമസിച്ചിരുന്ന യുവാവ് അറസ്റ്റിൽ
വെങ്ങാനൂർ വെണ്ണിയൂർ സ്വദേശി ഷിജിന്റെ വീട്ടിലും ഗുണ്ടകൾ അതിക്രമിച്ചു കയറി. നാലംഗ സംഘം കമ്പിവടി കൊണ്ട് ഷിജിന്റെ കാൽ തല്ലിയൊടിച്ചു. ഷിജിന്റെ ഭാര്യയെയും മർദ്ദിച്ചു. തുടർന്ന് അക്രമിസംഘം വീട്ടിലുണ്ടായിരുന്ന നാല് പവൻ സ്വർണവും മോഷ്ടിച്ചു. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമായി പോലീസ് പറയുന്നത്. അതേസമയം, യുവാവിനെ കാല് പിടിപ്പിച്ച ഗുണ്ട ഡാനിക്കും സംഘത്തിനുമെതിരെയും പോലീസ് കേസെടുത്തു. മലയിൻകീഴ് സ്വദേശി വെങ്കിടേശ്വരനെയാണ് ആക്രമിച്ചതെന്ന് തുമ്പ പോലീസ് തിരിച്ചറിഞ്ഞു. ഈ സാഹചര്യത്തിലാണ് നടപടിയെടുത്തത്. പ്രതികൾക്കെതിരെ പട്ടികജാതി നിരോധന നിയമം പ്രകാരവും നടപടിയെടുത്തു.
നടപടികളും ആക്രമണങ്ങളും ഈ സംഭവ വികാസങ്ങളിലൊന്നും അവസാനിക്കുന്നില്ല. ജിംനേഷ്യം ജീവനക്കാരെ മർദ്ദിച്ചതിന് ഗുണ്ടാ നേതാവ് ശശി എന്ന സന്തോഷും അറസ്റ്റിലായി. കഴിഞ്ഞ ദിവസം കാഞ്ഞിരംപാറ ജിമ്മിൽ വെച്ചായിരുന്നു ആക്രമണം. സന്തോഷ്, ജീവനക്കാരെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. അറസ്റ്റിലായ സന്തോഷ് നിരവധി കേസുകളിൽ പ്രതിയാണ്. വട്ടിയൂർക്കാവ് പോലീസ് പ്രതിയെ പിടികൂടി. ജനങ്ങളുടെ സ്വൈര്യവിഹാരത്തിന് തടസമുണ്ടാക്കുന്ന ഗുണ്ടകളുടെ പ്രവർത്തനങ്ങളിൽ നടപടികൾ കൂടുതൽ കാര്യക്ഷമമാക്കുകയാണ് പോലീസ്. കുറ്റകൃത്യങ്ങൾ നടത്തുന്നവർക്കെതിരെ മുഖം നോക്കാതെ കർശന നടപടിയെടുക്കുമെന്ന് തിരുവനന്തപുരം സിറ്റി പോലീസ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...