Himachal Pradesh: ഹിമാചലിൽ പാളയത്തിൽ പട, മന്ത്രിസഭാ രൂപീകരണം വെല്ലുവിളി; മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖുവിനെ കാത്തിരിക്കുന്നത് നിരവധി വെല്ലുവിളികകൾ
Himachal pradesh congress: ഹിമാചലിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞു. സുഖ്‌വീന്ദർ സിംഗ് സുഖു മുഖ്യമന്ത്രിയായും മുൻപ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. ഇതല്ലാതെ മന്ത്രിസഭ രൂപീകരിക്കാൻ കോൺഗ്രസിന് ഇനിയും സാധിച്ചിട്ടില്ല.
'നീ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതു തന്നെയാണല്ലോ വിധി'- ദിലീപ് നായകനായ കല്യാണരാമന്‍ സിനിമയിൽ സലീംകുമാർ പറയുന്ന ഈ ഡയലോഗാണ് ഹിമാചലിലെ കോൺഗ്രസിനോടും ചോദിക്കാനുള്ളത്. ഹിമാചലിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് രണ്ടാഴ്ചയായി. സുഖ്‌വീന്ദർ സിംഗ് സുഖു മുഖ്യമന്ത്രിയായും മുൻപ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. ഇതല്ലാതെ മന്ത്രിസഭ രൂപീകരിക്കാൻ കോൺഗ്രസിന് ഇനിയും സാധിച്ചിട്ടില്ല. തർക്കമാണ് പ്രതിസന്ധിയ്ക്ക് ഒരു കാരണം. ഒടുവിലിതാ സുഖുവിനെ കോവിഡും പിടികൂടി. ഇതോടെ സഭാസമ്മേളനവും റദ്ദാക്കി. അതിനാൽ മന്ത്രിസഭാ രൂപീകരണം ഇനിയും നീളും.
രാജ്യത്ത് തകർന്നുലഞ്ഞ കോൺഗ്രസിന് ഹിമാചൽ പ്രദേശിലെ വിജയം 2024 ലെ പൊതു തിരഞ്ഞെടുപ്പിന് മുമ്പായി ആത്മവീര്യം പകരുന്നതാണ്. പക്ഷേ കൃത്യമായ ഒരു ആക്ഷൻപ്ലാനിലൂടെ ഹിമാചലിൽ മന്ത്രിസഭാ രൂപീകരിക്കാൻ കഴിയുന്നതുമില്ല. ഒരു സംസ്ഥാനത്തെ സ്ഥിതി കൈകാര്യം ചെയ്യാൻ പോലും പ്രാപ്തിയില്ലാത്തവരാണ് കോൺഗ്രസ് എന്നാണ് എതിരാളികളുടെ പ്രചാരണം. ഹിമാചലിൽ സുഖു -പ്രതിഭാ ഗ്രൂപ്പുകൾ എന്ന ചേരികൾ ശക്തമാണ്. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പാർട്ടിയുടെ നിയമസഭാ കക്ഷിനേതാവിനെ തിരഞ്ഞെടുക്കാൻ ഷിംലയിൽ കോൺഗ്രസ് നിയമസഭാംഗങ്ങൾ യോഗം ചേരുന്നതിന് മുമ്പ് പാർട്ടിയുടെ സംസ്ഥാന ഘടകത്തിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടു.
ഹിമാചൽ പ്രദേശിൽ പതിറ്റാണ്ടുകളായി കോൺഗ്രസ് രാഷ്ട്രീയത്തിൽ ആധിപത്യം പുലർത്തിയ വീർഭദ്ര സിംഗിന്റെ വിധവ പ്രതിഭ സിംഗ് ആയിരുന്നു മുഖ്യമന്ത്രി കസേരയിലേക്കുള്ള സുഖുവിന്റെ പ്രധാന എതിരാളി. വീർഭദ്ര സിംഗിന്റെ കാലത്ത് പോലും പാർട്ടിക്കുള്ളിൽ അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറയുന്നതിൽ ഒട്ടും പിശുക്ക് കാണിക്കാത്ത നേതാവാണ് സുഖു. പാർട്ടിയുടെ വിവിധ യൂണിറ്റുകളെ നയിച്ച് പതിറ്റാണ്ടുകളായി പരിചയമുള്ള നേതാവ് കൂടിയാണ് സുഖു.
ALSO READ: ബിജെപിക്ക് പിന്നാലെ 'ഹിന്ദു യോഗ്യത' സർട്ടിഫിക്കറ്റിനായി കോൺഗ്രസും
സുഖുവിനെ മുഖ്യമന്ത്രിയായി പാർട്ടി തിരഞ്ഞെടുത്തപ്പോൾ അതേയോഗത്തിൽ പ്രതിഭാ സിംഗിന് അനുകൂലമായി മുദ്രാവാക്യം ഉയർത്തി പ്രതിഭാ ക്യാമ്പ് പ്രതിഷേധിച്ചു. വീർഭദ്ര സിംഗുമായും അഭിപ്രായ വ്യത്യാസ്യം പ്രകടിപ്പിച്ചിരുന്ന സുഖുവിനെ മുഖ്യമന്ത്രിയാക്കിയതോടെ പ്രതിഭാ സിംഗിന്റെ അനുയായികൾ പാർട്ടിയിൽ നിന്ന് അകന്നുനിൽക്കുകയാണ്. ദേശീയ നേതാക്കൻമാരുടെ കാറുകൾ തടഞ്ഞ് പ്രവർത്തകർ പ്രതിഷേധിച്ചതും സമീപകാലത്ത് കാണാനിടയായി. അനുഭാവികൾ തമ്മിലുള്ള ഭിന്നത ഒരു രഹസ്യമല്ല.
മന്ത്രിസ്ഥാനത്തിനായുള്ള മത്സരാർത്ഥികളുടെ പേരുകൾ പാർട്ടി വൃത്തങ്ങളിൽ പ്രചരിക്കുന്നത് തുടരുമ്പോൾ, നിലവിലെ മുഖ്യമന്ത്രിക്ക് മുന്നിലുള്ള വെല്ലുവിളി സന്തുലിത മന്ത്രിസഭ രൂപീകരിക്കുകയെന്നത് തന്നെയാണ്. വീർഭദ്ര സിംഗിന്റെ മകൻ വിക്രമാദിത്യ സിംഗിനെ ഒരു പ്രധാന വകുപ്പിൽ പുതിയ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിനായി ഉന്നത നേതൃത്വവുമായി വിലപേശിയതിനെ തുടർന്നാണ് പ്രതിഭാ സിംഗ് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് പിന്മാറിയത്. മുഖ്യമന്ത്രി ഉൾപ്പെടെ ഹിമാചൽ പ്രദേശിൽ പരമാവധി 12 മന്ത്രിമാരാകും. പാർട്ടി ഹൈക്കമാൻഡിന്റെ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി മന്ത്രിസഭാ രൂപീകരണം നടക്കുകയെന്ന് മുഖ്യമന്ത്രി ആവർത്തിക്കുന്നുണ്ടെങ്കിലും സ്വതന്ത്രമായി ഭരിക്കാൻ സുഖുവിന് കഴിയുമോയെന്നതും ചോദ്യമാണ്. ഇത്തരം സംഭവ വികാസങ്ങളെ ഹിമാചൽ കോൺഗ്രസിലെ വിള്ളലായിട്ടുതന്നെയാണ് രാഷ്ട്രീയ നിരീക്ഷകർ വിശേഷിപ്പിക്കുന്നത്.
സംഘടനാ തലത്തിലും ഭരണതലത്തിലും സുഖ്‌വീന്ദർ സിംഗ് സുഖുവിനെ കാത്തിരിക്കുന്നത് നിരവധി വെല്ലുവിളികളാണ്. ഒരു നേതാവെന്ന നിലയിൽ മാത്രമല്ല മികച്ച ഭരണാധികാരിയായി മാറാനും കടമ്പകൾ ഏറെയുണ്ട്. 18 നും 60 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് 1500 പ്രതിമാസ ധനസഹായം, വീടുകൾക്ക് 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, പഴയ പെൻഷൻ പുനഃസ്ഥാപിക്കൽ, 2022 മാർച്ച് വരെ 7,63,000 കോടിയിലധികം നിക്ഷേപം കൊണ്ടുവരും എന്നിവ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു. ഭരണം ലഭിച്ചതോടെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ മലയോര സംസ്ഥാനത്ത് പാർട്ടി നൽകിയ ജനപ്രിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നിറവേറ്റുകയെന്നതിനൊപ്പം വിഭാഗീയത നിറഞ്ഞ പാർട്ടിയുടെ പിന്തുണ തുടർന്നും നേടിയെടുക്കണമെന്നതും സുഖുവിന് അഗ്നിപരീക്ഷയാണ്.
ALSO READ: ഹിമാചലിലെ കുതിര കച്ചവടം; സുരക്ഷിത റിസോർട്ടിനായി കോൺഗ്രസ്സ്
കടക്കെണിയിലായ ഹിമാചലിൽ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കാൻ സുഖു സർക്കാർ വലിയ സമ്മർദ്ദം നേരിടേണ്ടിവരും. അതിനിടെ കോൺഗ്രസിനുള്ളിൽ ‘എല്ലാം ശരിയല്ല’ എന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷമായ ഭാരതീയ ജനതാ പാർട്ടി പുതിയ സർക്കാരിനെ മൂലക്കിരുത്താൻ ശ്രമം തുടങ്ങി. മന്ത്രിസഭാ രൂപീകരണത്തിലെ കാലതാമസം പലപ്പോഴും പ്രതിപക്ഷം സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. കോൺഗ്രസ് കുടുംബരാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്നവെന്നതായിരുന്നു ബിജെപിയുടെ പതിവ് പല്ലവി. പതിവിൽ നിന്ന് വ്യത്യസ്തമായി കുടുംബ രാഷ്ട്രീയം ഉപേക്ഷിച്ച് സാധാരണ കുടുംബത്തിൽ നിന്നെത്തിയ സുഖുവിനെ ഉന്നത പദവിയിലേക്ക് ഉയർത്തിയതോടെ കോൺഗ്രസ് പാർട്ടിയുടെ സംസ്ഥാന രാഷ്ട്രീയത്തിലും പ്രതീകാത്മക നിമിഷവും അത് ബിജെപിക്ക് കനത്ത തിരിച്ചടിയുമായി.
എന്നിരുന്നാലും, 2024 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പായി പ്രതിപക്ഷത്തിന്റെ ആക്രമണം തടയാൻ കോൺഗ്രസിന് വേഗത്തിൽ ഹിമാചലിലെ ജനങ്ങൾക്ക് ഫലങ്ങൾ നൽകേണ്ടിവരും. പാർട്ടിക്കുള്ളിൽ പോര് ഉണ്ടെങ്കിലും ചെറുസംസ്ഥാനമായ ഹിമാചലിലെ കോൺഗ്രസ് സർക്കാരിന്റെ പ്രവർത്തനം 2024ലെ പൊതു തെരഞ്ഞെടുപ്പിലും ഏറെ ചർച്ചയാകും. കോൺഗ്രസിന്റെ മാത്രമല്ല, മലയോര മേഖലയിലെ ജനങ്ങളുടെ പ്രതീക്ഷകളുടെയും ഭാരം ചുമക്കേണ്ടത് സുഖ്‌വീന്ദർ സിംഗ് സുഖു മാത്രമായിരിക്കും... തളരരുത് രാമന്‍ കുട്ടി, തളരരുത്..... കല്യാണരാമന്‍ സിനിമയിൽ സലീംകുമാർ തകർത്താടിയ ഈ ഡയലോഗ് കൂടി സുഖുവിനെ ഓർമിപ്പിക്കുന്നു...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...