ബിജെപി, കോൺഗ്രസ് സർക്കാരുകളെ മാറി മാറി സ്വീകരിക്കുന്ന ഹിമാചൽ പ്രദേശിന്റെ രാഷ്ട്രീയ ഭൂമികയിൽ കോൺഗ്രസ് നേതാക്കളുടെ നെഞ്ചിടിക്കുകയാണ്. തുടർ ഭരണം ആഗ്രഹിക്കുന്ന ബിജെപി തങ്ങളുടെ എംഎൽഎമാരെ റാഞ്ചുമോയെന്ന് കോൺഗ്രസ് ഭയപ്പെടുന്നുണ്ട്.നാല് മുതൽ ഏഴ് ശതമാനം വോട്ടുകളുടെ വ്യത്യാസത്തിൽ ഹിമാചലിൽ ബിജെപിയും കോൺഗ്രസും എക്കാലവും സർക്കാരുകൾ രൂപീകരിച്ചിട്ടുള്ളത്.
ഈ ചരിത്രം നിലനിൽക്കെ ഇത്തവണ കോൺഗ്രസിന്റെയും ബിജെപിയുടെയും നിരവധി വിമതരാണ് സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരിച്ചത്. പല സ്വതന്ത്ര സ്ഥാനാർത്ഥികളുടെ നിലയും ശക്തമാണ്. ഡിസംബർ എട്ടിനാണ് സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക.വോട്ടെണ്ണലിന് ശേഷവും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യമുണ്ടായാൽ എന്ത്ചെയ്യുമെന്നതാണ് കോൺഗ്രസിന്റെ ചിന്ത.
ALSO READ: കേരളവും ഹിമാചലും തിരഞ്ഞെടുപ്പിൽ ഒരുപോലെയാണ്; പരമ്പരാഗത എതിരാളികൾ മാത്രം മാറും
ബിജെപിയുടെ നേതൃത്വത്തിൽ കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നുവെന്ന നിരന്തരം ആരോപണം കോൺഗ്രസിന്റെ കേന്ദ്ര-സംസ്ഥാന നേതാക്കൾ ഉന്നയിക്കുന്നുണ്ട്. ഗോവയിലെയും മഹാരാഷ്ട്രയിലെയും ഉദാഹരണങ്ങൾ ഉദ്ധരിച്ചാണ് കോൺഗ്രസ് നേതാക്കൾ, തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിക്കുന്ന ബിജെപി ശൈലിയെക്കുറിച്ച് സംസാരിക്കുന്നത്. ഇതേ ഭയം ഹിമാചലിലെ പാർട്ടി നേതാക്കളെയും വേട്ടയാടാൻ തുടങ്ങിയിരിക്കുന്നു.
കുതിരക്കച്ചവടം ഭയന്ന് കോൺഗ്രസ് എംഎൽഎമാരെ കോൺഗ്രസ് ഭരിക്കുന്ന മറ്റൊരുസംസ്ഥാനത്തേക്ക് കൊണ്ടുപോകാനുള്ള പദ്ധതിയെക്കുറിച്ച് പാർട്ടി അഖിലേന്ത്യാ നേതൃത്വം ആലോചന തുടങ്ങി. ഹൈക്കമാൻഡ് നിർദ്ദേശമനുസരിച്ച് ഒരു മുതിർന്ന കോൺഗ്രസ് നേതാവ് ഹിമാചലിൽ ക്യാമ്പ് ചെയ്യും. അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിക്ക് വേണ്ടി, പാർട്ടിയുടെ നസംസ്ഥാന തിരഞ്ഞെടുപ്പ് നീരീക്ഷകനും ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഗേൽ, സംസ്ഥാന ചുമതലയുള്ള രാജീവ് ശുക്ല, സഹചുമതല നിർവഹിക്കുന്ന സഞ്ജയ് ദത്ത്, തേജേന്ദ്ര സിംഗ് ബിട്ടു എന്നിവർ വോട്ടെണ്ണൽ സമയത്ത് മുന്നണിയെ നയിക്കും.
കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച എംഎൽഎമാർക്ക് ഹൈക്കമാൻഡ് നിർദ്ദേശപ്രകാരം ഓൺലൈൻ മീറ്റിംഗ് സംഘടിപ്പിച്ചിരുന്നു. കോൺഗ്രസിന്റെ സംസ്ഥാന ചുമതലയുള്ള രാജീവ് ശുക്ല എല്ലാ സ്ഥാനാർത്ഥികളുമായും ഓൺലൈൻ മീറ്റിംഗിൽ കുതിരക്കച്ചവടമുണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് സംസാരിച്ചിരുന്നു. സർക്കാർ രൂപീകരിക്കാൻ ബിജെപി എല്ലാ തന്ത്രങ്ങളും സ്വീകരിക്കാമെന്നും കരുതലോടെ മുന്നോട്ടുപോകണമെന്നും രാജീവ് ശുക്ല യോഗത്തിൽ എല്ലാ സ്ഥാനാർത്ഥികൾക്കും മുന്നറിയിപ്പ് നൽകി.
ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ സർക്കാർ രൂപീകരിക്കാനുള്ള സഖ്യ രാഷ്ട്രീയം തുടങ്ങും. ഇതോടെ ഭയന്ന കോൺഗ്രസ് വരാനിരിക്കുന്ന പദ്ധതികൾ തയ്യാറാക്കി തുടങ്ങിയിട്ടുണ്ട്. വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ കോൺഗ്രസ് എംഎൽഎമാരെ ഒറ്റക്കെട്ടായി നിർത്താൻ ഏറ്റവും സുരക്ഷിതമായ സ്ഥലം ഛത്തീസ്ഗഡാണെന്ന് പാർട്ടി നേതാക്കളുടെ വിലയിരുത്തൽ. രാജസ്ഥാനിലും കോൺഗ്രസ് സർക്കാർ ഉണ്ടെങ്കിലും മുഖ്യമന്ത്രി അശോക് ഗെലോട്ടും മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിൽ പടലപ്പിണക്കം രൂക്ഷമായിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഹിമാചലിലെ എംഎൽഎമാരെ രാജസ്ഥാനിലേക്ക് കൊണ്ടുപോകില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...