കോഴിക്കോട്: പാമ്പാടി നെഹ്റു എൻജിനീയറിങ് കോളേജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് ഇന്ന്‍ ഒരു വര്‍ഷം. ദുരൂഹതകൾ ബാക്കിയാക്കിയ മരണത്തിന്‍റെ അന്വേഷണം നിലവില്‍ സിബിഐയുടെ ചുമതലയിലാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

2017 ജനുവരി ആറിന് വൈകിട്ട് ഹോസ്റ്റല്‍ ശുചിമുറിയിലെ കൊളുത്തിലെ തോർത്തിൽ തൂങ്ങിയ നിലയിലാണ് ജിഷ്ണുവിനെ കൂട്ടുകാർ കണ്ടെത്തിയത്. ഇവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


കോപ്പിയടിച്ചെന്നാരോപിച്ച് കോളേജ് മാനേജ്മെന്റ് എടുത്ത  നടപടികളെ തുടർന്ന് ജിഷ്ണു ആത്മഹത്യ ചെയ്തെന്നായിരുന്നു പൊലീസ് ഭാഷ്യം. എന്നാൽ കോളേജിലെ ഇടിമുറിയും ഇവിടെ കണ്ട രക്തക്കറയും ജിഷ്ണുവിന്‍റെ മരണത്തിന് ദുരൂഹതകള്‍ ഉയര്‍ത്തി.


ജിഷ്ണുവിന്‍റെ മരണത്തെത്തുടര്‍ന്ന് സ്വാശ്രയ കോളേജ് മാനേജ്മെന്റുകൾക്കെതിരെ സംസ്ഥാനത്ത് വിദ്യാർഥി പ്രക്ഷോഭം വ്യാപകമായി. നെഹ്റു കോളേജ്  അടിച്ചു തകർക്കപ്പെട്ടതോടെ അനിശ്ചിത കാലത്തേക്ക് കോളേജ്  അടച്ചു. 


ജിഷ്ണുവിന്‍റെ മരണത്തിനിടയാക്കിയവരെ അറസ്റ്റു ചെയ്യണമെന്നും കുറ്റാരോപിതരായവരെ കോളജിൽ നിന്ന്‍ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാർഥി യുവജനപ്രസ്ഥാനങ്ങൾ സമരം ശക്തമാക്കി. തുടർന്നു കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിക്കുകയായിരുന്നു.


ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രമേശ്‌ ചെന്നിത്തല


അതേസമയം ജിഷ്ണു പ്രണോയിയുടെ ഓർമദിനത്തില്‍ ജിഷ്ണുവിന് നീതി കിട്ടിയോ എന്ന ചോദ്യമുയര്‍ത്തി പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല രംഗത്തെത്തി. മനഃസാക്ഷിയുള്ള ഓരോ മനുഷ്യനും ഈ ചോദ്യം ഉയർത്തണമെന്നു മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.


നീതിതേടി പൊലീസ് ആസ്ഥാനത്ത് എത്തിയ ജിഷ്ണുവിന്‍റെ അമ്മ മഹിജയെ റോഡിൽ വലിച്ചിഴച്ച് അപമാനിച്ചതും ചവിട്ടിയതും മറക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ജിഷ്ണുവിന്‍റെ മരിക്കാത്ത ഓർമകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അര്‍പ്പിച്ച ചെന്നിത്തല, കണ്ണീർ വറ്റാത്ത കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്ക് ചേരുന്നുവെന്നും സൂചിപ്പിച്ചു.