ബെംഗളുൂരു: ഭൂരിപക്ഷം എക്‌സിറ്റ് പോള്‍ പ്രവചനങ്ങളേയും കവച്ചുവയ്ക്കുന്ന വിജയം ആണ് കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് സ്വന്തമാക്കിയത്. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും കോണ്‍ഗ്രസിന്റെ തേരോട്ടമാണ് ഈ തിരഞ്ഞെടുപ്പില്‍ കണ്ടത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി വലിയ മുന്നേറ്റമുണ്ടാക്കിയ ഇടങ്ങള്‍ പോലും ഇത്തവണ 'കൈപ്പിടിയില്‍' ഒതുക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചു. ഓരോ മേഖലകളായി പരിശോധിച്ചാല്‍ കണക്കുകള്‍ ഇങ്ങനെയാണ്...


COMMERCIAL BREAK
SCROLL TO CONTINUE READING

1. ഓള്‍ഡ് മൈസുരു


ആകെ 64 സീറ്റുകളാണ് ഓള്‍ഡി മൈസുരു മേഖലയില്‍ ഉള്ളത്. ജെഡിഎസിന്റെ ശക്തികേന്ദ്രം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മേഖല കൂടിയാണിത്. ബിജെപിയ്ക്കും സ്വാധീനമുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ഈ മേഖലയില്‍ കോണ്‍ഗ്രസിന്റെ തേരോട്ടമാണ് കണ്ടത്. 64 ല്‍ 42 സീറ്റുകളും കോണ്‍ഗ്രസ് തൂത്തുവാരി. ജെഡിഎസിന് കിട്ടിയത് 16 സീറ്റുകളാണ്. ബിജെപി വെറും നാല് സീറ്റുകളില്‍ ഒതുങ്ങിപ്പോവുകയും ചെയ്തു. ജെഡിഎസിന് ഏറ്റവും അധികം സീറ്റുകള്‍ ലഭിച്ച മേഖലകൂടിയാണിത്.


2. മുംബൈ കര്‍ണാടക


സീറ്റുകളുടെ എണ്ണം നോക്കിയാല്‍ രണ്ടാം സ്ഥാനത്താണ് മുംബൈ കര്‍ണാടക മേഖല- 60 സീറ്റുകള്‍. എങ്ങനെയൊക്കെ നോക്കിയാലും ബിജെപിയുടെ ശക്തി കേന്ദ്രം എന്ന് മാത്രം വിശേഷിപ്പിക്കാവുന്ന മേഖലയാണിത്. എന്നാല്‍ ഇവിടെ 50 ല്‍ 33 സീറ്റുകളും സ്വന്തമാക്കി കോണ്‍ഗ്രസ് കരുത്ത് തെളിയിക്കുകയായിരുന്നു. വെറും 16 സീറ്റിലേക്ക് ബിജെപി ഒതുങ്ങുകയും ചെയ്തു. ഇവിടെ ജെഡിഎസിന് ലഭിച്ചത് വെറും 1 സീറ്റ് മാത്രമാണ്.


Read Also: ബിജെപിയേയും ജെഡിഎസിനേയും നിലംപരിശാക്കി കോണ്‍ഗ്രസ്; ഇരട്ട എന്‍ജിന്‍ വേണ്ടെന്ന് ജനം... മുഖ്യമന്ത്രി ആര്?


3. ഹൈദരാബാദ് കര്‍ണാടക


ശക്തമായ മത്സരം നടക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട മേഖലയാണ് ഹൈദരാബാദ് കര്‍ണാടക. ആകെ 40 സീറ്റുകളാണ് ഈ മേഖലയില്‍ ഉള്ളത്. ഇതില്‍ 26 എണ്ണവും കോണ്‍ഗ്രസിന്റെ അക്കൗണ്ടിലേക്കാണ് എത്തിയത്. ബിജെപിയ്ക്ക് കിട്ടിയത് വെറും 10 സീറ്റുകള്‍. ജെഡിഎസിന് മൂന്ന് സീറ്റുകള്‍ ഹൈദരാബാദ് കര്‍ണാടക മേഖലയില്‍ ലഭിച്ചിട്ടുണ്ട്.


4. ബെംഗളൂരു


കര്‍ണാടകത്തിലെ നഗരമേഖല എന്ന് വിശേഷിപ്പിക്കാവുന്ന മേഖലയാണ് ബെംഗളൂരു. ആകെ 28 സീറ്റുകളാണ് ഇവിടെയുള്ളത്. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ബിജെപിയ്ക്ക് വലിയ മുന്നേറ്റം ആയിരുന്നു ഈ മേഖലയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലെത്തിയപ്പോള്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവും ദൃശ്യമാണ്. ഇരുപാര്‍ട്ടികള്‍ക്കും 14 വീതം സീറ്റുകളാണ് ലഭിച്ചത്. ജെഡിഎസിന് ഒരു സീറ്റ് പോലും ഈ മേഖലയില്‍ ലഭിച്ചിട്ടില്ല.


5. സെന്‍ട്രല്‍ കര്‍ണാടക


23 സീറ്റുകളേ ഉള്ളു എങ്കിലും, സെന്‍ട്രല്‍ കര്‍ണാടക ഈ തിരഞ്ഞെടുപ്പില്‍ ഏറെ നിര്‍ണായകമായിരുന്നു. ഈ 23 സീറ്റുകളില്‍ 13 എണ്ണവും കോണ്‍ഗ്രസിന് നേടാന്‍ സാധിച്ചു. ബിജെപിയ്ക്ക് ഇവിടെ 8 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഒരു സീറ്റില്‍ വിജയിക്കാനായി എന്നത് മാത്രമാണ് ജെഡിഎസിന്റെ ആശ്വാസം.


Read Also: കാല് മാറി വന്നു, 'കൈ' തുണച്ചില്ല; ഒടുവിൽ കാലിടറി ഷെട്ടാര്‍


6. കോസ്റ്റല്‍ കര്‍ണാടക


ഇത്തവണ ദേശീയ രാഷ്ട്രീയത്തില്‍ തന്നെ ഏറെ ശ്രദ്ധയോടെ നിരീക്ഷിക്കപ്പെട്ട മേഖല ആയിരുന്നു കര്‍ണാടകത്തിലെ തീരദേശമേഖല. ആകെ 19 സീറ്റുകളേ ഈ മേഖലയില്‍ ഉള്ളു എങ്കിലും, അത് ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയത്തില്‍ നിര്‍ണായകമാകും എന്നാണ് പ്രതീക്ഷിക്കപ്പെട്ടത്. 19 ല്‍ 12 സീറ്റുകളും നേടാന്‍ തങ്ങള്‍ക്കായി എന്ന് ബിജെപിയ്ക്ക് ആശ്വസിക്കാം. കോണ്‍ഗ്രസ് ഇവിടെ നേടിയത് 6 സീറ്റുകളാണ്. ജെഡിഎസിന് ഒരു സീറ്റ് മാത്രം ലഭിച്ചു.


7. ഗ്രാമീണ മേഖല


ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ശരിക്കും പിന്തുണച്ചത് കര്‍ണാടകത്തിലെ ഗ്രാമീണ മേഖലയാണെന്ന് നിസ്സംശയം പറയാം. 96 സീറ്റുകളാണ് ഗ്രാമീണ മേഖലയില്‍ നിന്ന് മാത്രം കോണ്‍ഗ്രസ് സ്വന്തമാക്കിയത്. ബിജെപിയ്ക്ക് ഗ്രാമീണ മേഖലയില്‍ സ്വാധീനം നഷ്ടമായി എന്നും ഈ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. വെറും 34 സീറ്റിലേക്ക് ബിജെപി ഒതുങ്ങി. ജെഡിഎസിന് 18 സീറ്റുകള്‍ നേടാനായി. മറ്റുള്ളവര്‍ 3 സീറ്റുകളില്‍ വിജയിച്ചു.


8. നഗരമേഖല


ശക്തമായ മത്സരം നടന്നു എന്ന് പറയാന്‍ ആവുക നഗര മേഖലയില്‍ ആണ്. ബിജെപിയ്ക്ക് ഒരു ഘട്ടത്തില്‍ കൃത്യമായ മേല്‍ക്കൈ ഉണ്ടായിരുന്നത് നഗര മേഖലയില്‍ ആയിരുന്നു. എന്നാല്‍ അവിടേയും കോണ്‍ഗ്രസിന്റെ അതിശക്തമായ തിരിച്ചുവരവാണ് കണ്ടത്. 26 സീറ്റുകള്‍ കോണ്‍ഗ്രസ് സ്വന്തമാക്കിയപ്പോള്‍ ബിജെപി 21 സീറ്റുകളില്‍ ഒതുങ്ങി. ജെഡിഎസിന് നഗരമേഖലയില്‍ ഒരു സീറ്റ് പോലും സ്വന്തമാക്കാന്‍ ആയില്ല.


9. അര്‍ദ്ധ നഗര മേഖല


നഗര മേഖലയ്ക്കും ഗ്രാമീണ മേഖലയ്ക്കും ഇടയിലുള്ള പ്രദേശങ്ങളിലും കോണ്‍ഗ്രസ് ശക്തി തെളിയിച്ചു. 13 സീറ്റുകളിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. എട്ട് സീറ്റുകള്‍ സ്വന്തമാക്കാന്‍ ബിജെപിയ്ക്ക് സാധിച്ചു. ജെഡിഎസിന് ലഭിച്ചത് നാല് സീറ്റുകള്‍ ആണ്. കെആര്‍പിപി ഒരു സീറ്റിലും വിജയിച്ചു.


ഈ തിരഞ്ഞെടുപ്പിൽ എങ്ങനെയാണ് കോൺഗ്രസ് സമ്പൂർണ ആധിപത്യം നേടിയത് എന്ന് വ്യക്തമാക്കുന്നതാണ് മേൽപറഞ്ഞ കണക്കുകൾ. ബിജെപിയിലെ ഉൾപാർട്ടി തർക്കത്തെ തുടർന്ന് ജഗദീഷ് ഷെട്ടാർ പാർട്ടി വിട്ടതും കോൺഗ്രസിൽ ചേർന്നതും ഈ തിരഞ്ഞെടുപ്പിൽ നിർണായകമായില്ല എന്ന് വിലയിരുത്തേണ്ടി വരും. ഷെട്ടാറിന് സ്വന്തം മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോൾ നേരിടേണ്ടി വന്നത് ദയനീയമായ പരാജയം ആണ്. ഷെട്ടാറിന്റെ വരവ് മറ്റ് മണ്ഡലങ്ങളിൽ ഒരുപക്ഷേ കോൺഗ്രസിന് നേരിയ നേട്ടമുണ്ടാക്കിയിട്ടുണ്ടാകാം. എന്നിരുന്നാലും ഈ തിരഞ്ഞെടുപ്പിൽ ഷെട്ടാറിന്റെ തോൽവി ആയിരിക്കും ബിജെപിയ്ക്ക് ആശ്വസിക്കാനുള്ള ഏക കാര്യം.


പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ആയിരുന്നു കർണാടകത്തിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം നയിച്ചത്. നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും പ്രസംഗങ്ങൾ വലിയ തോതിൽ വിവാദമാവുകയും ചർച്ചയാവുകയും ചെയ്തിരുന്നു. കേരളത്തിനെതിരെയുള്ള പരാമർശങ്ങളും ഏറെ ചർച്ച ചെയ്യപ്പെട്ടു. ഇതെല്ലാം ബിജെപിയ്ക്ക് ഗുണകരമാകും എന്നായിരുന്നു നേതൃത്വം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ ജനമനസ്സിൽ എന്തായിരുന്നു എന്ന് വ്യക്തമാക്കപ്പെടുകയാണ്. 43 ൽ അധികം വോട്ട് വിഹിതം നേടിയാണ് കോൺഗ്രസ് ഇപ്പോൾ അധികാരത്തിലേക്ക് എത്തുന്നത്. 35.72 ശതമാനം ആണ് ബിജെപിയുടെ വോട്ട് വിഹിതം. ജെഡിഎസ് വെറും 13.32 ശതമാനത്തിലേക്ക് ചുരുങ്ങി. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.