ബെംഗളൂരു: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേക്കേറിയ മുന്‍ ബിജെപി മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിന് നാണംകെട്ട തോല്‍വി. ഹൂബ്ലി ധര്‍വാദ് സെന്‍ട്രല്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ മഹേഷ് തെങ്കിനകായി മികച്ച ഭൂരിപക്ഷത്തില്‍ വിജയം ഉറപ്പിച്ചു കഴിഞ്ഞു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ മഹേഷ് തെങ്കിനായി 64,910 വോട്ടുകള്‍ നേടി ലീഡ് തുടരുകയാണ്. ജഗദീഷ് ഷെട്ടാറിന് വെറും 29,340 വോട്ടുകളെ നേടാന്‍ സാധിച്ചിട്ടുള്ളൂ. 35,000ത്തിൽ അധികം വോട്ടുകൾക്കാണ് ബിജെപി സ്ഥാനാര്‍ത്ഥി ലീഡ് ചെയ്യുന്നത്.
നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിജെപി സീറ്റ് നിഷേധിച്ചതോടെയാണ് ജഗദീഷ് ഷെട്ടാര്‍ കാല് മാറി കോണ്‍ഗ്രസില്‍ എത്തിയത്. ചെറുപ്പം മുതല്‍ ആര്‍എസ്എസിലും കോളേജ് പഠന കാലത്ത് എബിവിപിയിലും സജീവമായി പ്രവര്‍ത്തിച്ചിരുന്ന ഷെട്ടാര്‍ തന്റെ നീണ്ട രാഷ്ട്രീയ ജീവിതത്തിലുടനീളം ബിജെപി അംഗമായിരുന്നു. സീറ്റ് നിഷേധിച്ചപ്പോള്‍ മറുകണ്ടം ചാടിയ ഷെട്ടാറിന്റെ രാഷ്ട്രീയ അവസരവാദമാണ് കനത്ത തോല്‍വിയ്ക്ക് കാരണമായത്.
രാവിലെ വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ ഫലം മാറി മറിഞ്ഞ മണ്ഡലമായിരുന്നു ഹൂബ്ലി ധര്‍വാദ് സെൻട്രൽ. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുമ്പോള്‍ തന്നെ ഷെട്ടാര്‍ പിന്നിലായിരുന്നു. ഇതോടെ തിരിച്ചടി മണത്തെങ്കിലും പിന്നീട് ഷെട്ടാര്‍ ലീഡ് തിരിച്ചുപിടിച്ചു. എന്നാല്‍, വൈകാതെ തന്നെ ഷെട്ടാറിനെ പിന്നിലാക്കി ബിജെപി സ്ഥാനാര്‍ത്ഥി കുതിച്ചു. വൈകാതെ തന്നെ ഷെട്ടാര്‍ പരാജയത്തിന്റെ കയ്പ്പ് അറിയുകയും ചെയ്തു.
കര്‍ണാടക ബിജെപിയിലെ ശക്തനായ നേതാവായിരുന്നു ജഗദീഷ് ഷെട്ടാര്‍. ഹൂബ്ലി ധര്‍വാദ് സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി ആറ് തവണ വിജയിച്ച ചരിത്രമുണ്ട് ഷെട്ടാറിന്. ഈ വിജയങ്ങള്‍ നല്‍കിയ അമിത ആത്മവിശ്വാസവും രാഷ്ട്രീയമായി സ്വീകരിച്ച തെറ്റായ തീരുമാനവും ഷെട്ടാറിന്റെ ഭാവി പ്രതിസന്ധിയിലാക്കി എന്ന് തന്നെ പറയാം. മുതിര്‍ന്ന ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പയെ പോലെ പാര്‍ട്ടിയില്‍ തനിക്കുണ്ടായിരുന്ന വ്യക്തിപ്രഭാവം തിരിച്ചറിയാതെ പോയതും ഷെട്ടാറിന് തിരിച്ചടിയായി. ശത്രുപാളയത്തിലേയ്ക്ക് ചേക്കേറിയ ഷെട്ടാര്‍ ഹൂബ്ലി മണ്ഡലത്തില്‍ പരാജയപ്പെടുമെന്ന് ആദ്യം പ്രവചിച്ചത് യെദ്യൂരപ്പയായിരുന്നു.
പ്രമുഖ ലിംഗായത്ത് നേതാവായ ഷെട്ടാറിന് സ്വന്തം മണ്ഡലത്തിലെ ലിംഗായത്ത് വോട്ടുകള്‍ പോലും നേടാന്‍ കഴിഞ്ഞില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ബിജെപി വിട്ട് കോണ്‍ഗ്രസില്‍ പ്രവേശിച്ചതോടെ ലിംഗായത്തുകള്‍ ബിജെപിയ്ക്ക് എതിരെ തിരിയുമെന്നായിരുന്നു ഷെട്ടാറിന്റെയും കോണ്‍ഗ്രസിന്റെയും കണക്കുകൂട്ടല്‍. കോണ്‍ഗ്രസിന്റെ ക്യാമ്പയിന്‍ കമ്മിറ്റി ചെയര്‍മാന്‍ എം ബി പട്ടേല്‍ നേരത്തെ തന്നെ ഇക്കാര്യം പരസ്യമായി പറഞ്ഞിരുന്നു. എന്നാല്‍, എല്ലാ കണക്കു കൂട്ടലുകളും തെറ്റിയ ഷെട്ടാറിന്റെ ഭാവി രാഷ്ട്രീയ ജീവിതം എന്തായിരിക്കുമെന്ന് ഇനി കണ്ടറിയണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...