എഴുത്തും കൃഷിയും ചേർന്നാൽ ഗ്രേഷ്യസ് ബെഞ്ചമിൻ; ഈ 57കാരൻ ആള് ചില്ലറക്കാരനല്ല!!!
കാർഷിക രംഗത്ത് നിന്നുള്ളവർക്കുള്ള രചനകളും ശാസ്ത്ര വിജ്ഞാനകോശവുമടക്കം 240 ഓളം പുസ്തകങ്ങളും ഗ്രേഷ്യസിൻ്റേതായിട്ടുണ്ട്.
തിരുവനന്തപുരം: കോട്ടുകാൽ പയറ്റുവിളയിലെ ഒരു ഗൃഹനാഥൻ്റെ കഥയാണ് ഇനി പറയുന്നത്. പേര് ഗ്രേഷ്യസ് ബഞ്ചമിൻ.വയസ്സ് 57. നല്ല ഒന്നാന്തരം എഴുത്തുകാരനും കൃഷിക്കാരനുമാണ് ഇദ്ദേഹം. പ്ലാവും കുരുമുളകും, കപ്പവാഴകളും, മഞ്ഞളും, ഇഞ്ചിയും, കൈതയും തുടങ്ങി ഗ്രേഷ്യസിൻ്റെ പറമ്പിൽ എന്തു നട്ടാലും വിളയും. കാർഷിക രംഗത്ത് നിന്നുള്ളവർക്കുള്ള രചനകളും ശാസ്ത്ര വിജ്ഞാനകോശവുമടക്കം 240 ഓളം പുസ്തകങ്ങളും ഗ്രേഷ്യസിൻ്റേതായിട്ടുണ്ട്. കർഷക ഭാരതി അടക്കമുള്ള 25 പുരസ്കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തി. എഴുത്തിലും കൃഷിയിലും വ്യത്യസ്തനാവുകയാണ് ഈ ഗൃഹനാഥൻ.
വിഴിഞ്ഞത്തെ കോട്ടുകാൽ പഞ്ചായത്തിലെ പയറ്റുവിളയിലാണ് ഗ്രേഷ്യസ് ബെഞ്ചമിൻ്റെ കൃഷിത്തോട്ടം. വീടിന്റെ മുൻവശത്ത് പ്ലാവും, കുരുമുളകും, തൊട്ടടുത്തവളപ്പിൽ നൂറിലേറെ കപ്പവാഴകളും, കൈതച്ചക്കകളുമടക്കം നിരവധി വിഭവങ്ങളുണ്ട് ഇവിടെ. മഞ്ഞളും ഇഞ്ചിയും അടക്കമുള്ള ചെറുകൃഷികൾക്കും ബെഞ്ചമിൻ്റെ പുരയിടത്തിൽ സ്ഥാനമുണ്ട്. വീട്ടാവശ്യത്തിന് പാല് ലഭിക്കാനായി കുള്ളൻ പശു, അൻപതിലേറെ കരിങ്കോഴികൾ, വാത്തകൾ എന്നിവയും ഇവിടെ വരുന്നവർക്ക് കാഴ്ചകളുടെ പുതുവസന്തം തീർക്കുന്നു. ഇതൊക്കെ ഗ്രേഷ്യസ് ബെഞ്ചമിനെന്ന കൃഷിക്കാരൻ്റെ കഥകൾ മാത്രം.
തീർന്നില്ല, ഒരു മികച്ച എഴുത്തുകാരൻ കൂടിയാണ് ഇദ്ദേഹം. 57 വയസ്സുകാരനായ ബെഞ്ചമിൻ 240 ഓളം പുസ്തകങ്ങൾ ഇതുവരെ എഴുതിത്തീർത്തു. ചരിത്രം, ശാസ്ത്രം, കൃഷി, സമകാലിക സംഭവങ്ങൾ, കാർഷികരംഗത്തുള്ളവർക്ക് വഴികാട്ടിയാകുന്ന പുസ്തകങ്ങൾ അങ്ങനെ പോകുന്നു ആ നീണ്ട നിര.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന ശാസ്ത്ര വിജ്ഞാനകോശവും ഗ്രേഷ്യസിൻ്റെ തൂലികയിൽ പിറന്നിട്ടുണ്ട്. കർഷകഭാരതിയടക്കമുള്ള സംസ്ഥാന സർക്കാരിൻ്റെ വിവിധ 25ലേറെ വലുതും ചെറുതുമായ പുരസ്കാരങ്ങൾ ഇദ്ദേഹം ഇതിനോടകം തന്നെ കരസ്ഥമാക്കിയിട്ടുണ്ട്.
ALSO READ: Kerala Omicron updates | സംസ്ഥാനത്ത് ഇന്ന് ഒമിക്രോൺ സ്ഥിരീകരിച്ചത് 62 പേര്‍ക്ക്, വീണാ ജോര്‍ജ്
കാർഷികമേഖലയിൽ ഇത്രയുമധികം പ്രവർത്തനങ്ങൾ ചെയ്തതോടെ അന്നത്തെ കൃഷി ഓഫീസർ കാർഷിക മാസികയിൽ തന്നെ കുറിച്ച് ഒരു ലേഖനമെഴുതി.അദ്ദേഹം നൽകിയ പ്രചോദനം ഉൾക്കൊണ്ട് പിന്നീട് സ്വയം എഴുതാൻ തുടങ്ങി. എഴുത്തിലൂടെ തരക്കേടില്ലാത്ത മെച്ചപ്പെട്ട തുക നേടാൻ കഴിഞ്ഞു. രണ്ട് കൈകളെ പോലെയാണ് തനിക്ക് എഴുത്തും കൃഷിയും. കൃഷിക്കൊപ്പം തന്നെ എഴുത്തിന് വേണ്ടിയും സമയം മാറ്റിവയ്ക്കും - ഗ്രേഷ്യസ് ബെഞ്ചമിൻ പറയുന്നു.
വീട്ടുവളപ്പിൽ നിന്ന് വിളവെടുക്കുന്ന ഇഞ്ചി ഉണക്കിപ്പൊടിച്ച് ഇഞ്ചിചമ്മന്തി,നാളികേരത്തിൽ നിന്നുള്ള ഉരുക്കെണ്ണ,കൈതച്ചക്കയിൽ നിന്ന് പ്രകൃതിദത്തമായ ജാം എന്നിവയും തൻ്റെ വീട്ടിൽ ഗ്രേഷ്യസ് ഉത്പ്പാദിപ്പിക്കുന്നുണ്ട്. ഇവ തിരുവനന്തപുരം നഗരത്തിലെ ആവശ്യക്കാരുടെ വീടുകളിൽ കയറിയിറങ്ങി വിൽക്കുകയും ചെയ്യും. ആവശ്യത്തിന് സാമ്പത്തികം ഇതുവഴിയും ലഭിക്കും. ഭാര്യ കലയും മക്കളായ അനുപമയും അനുജയും എഴുത്തിനും കൃഷിക്കും പൂർണ്ണ പിന്തുണ നൽകി കൂടെയുണ്ട്.
കൃഷിക്കാരാകാൻ മടിക്കുന്നവർക്ക് പ്രചോദനവും ഉത്സാഹവും നൽകുന്നതാണ് ഗ്രേഷ്യസിൻ്റെ വാക്കുകൾ. മണ്ണിനെയും മനുഷ്യനെയും പ്രകൃതിയേയും അറിഞ്ഞുള്ള ജീവിതമാണ് കൃഷിയിലൂടെ ഇദ്ദേഹം അടയാളപ്പെടുത്തുന്നത്. ഇദ്ദേഹത്തെപ്പോലെ നിരവധി ആളുകളാണ് നമുക്കു ചുറ്റിലുമുള്ളത്.
കാർഷികരംഗത്തിനൊപ്പം ചുവടുറപ്പിക്കാൻ ഒരു പരിധിവരെയെങ്കിലും ആധുനിക സമൂഹത്തിലെ മനുഷ്യർ വിസ്സമതിക്കുമ്പോൾ ശക്തമായ നിലപാടുകളോടെ ഈ രംഗത്ത് ഉറച്ചുനിൽക്കുകയാണ് എഴുത്തുകാരനും കൃഷിക്കാരനുമായ ഗ്രേഷ്യസ് ബെഞ്ചമിൻ. ഇദ്ദേഹത്തിൻ്റെ ജീവിതം പുതുതലമുറയ്ക്ക് ഉദാത്ത മാതൃകയാണെന്നാണ് നിസ്സംശയം പറയാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...