തിരുവനന്തപുരം: വിരബാധ കുട്ടികളുടെ വളര്‍ച്ചയേയും മൊത്തത്തിലുള്ള ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്ന ഒരു പ്രശ്‌നമായതിനാല്‍ ഇക്കാര്യത്തിൽ അതീവ ശ്രദ്ധ വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടികളില്‍ വിരബാധയുണ്ടാകുന്നത് വിളര്‍ച്ചയ്ക്കും പോഷകക്കുറവിനും കാരണമാകുന്നു. ഇന്ത്യയില്‍ ഒരു വയസ് മുതല്‍ 14 വയസ് വരെയുളള 64 ശതമാനം കുട്ടികളില്‍ വിരബാധയുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ശക്തമായ ഇടപെടലുകളാണ് ആരോഗ്യ വകുപ്പ് നടത്തി വരുന്നതെന്ന് മന്ത്രി പറഞ്ഞു. വിര നശീകരണത്തിനുള്ള ഗുളിക ഒരു വര്‍ഷത്തില്‍ ആറ് മാസത്തെ ഇടവേളകളിലായി രണ്ടു പ്രാവശ്യം നല്‍കേണ്ടതാണ്. സ്‌കൂളുകളും അംഗണവാടികളും വഴി കുട്ടികള്‍ക്ക് വിര നശീകരണത്തിനായി ആല്‍ബന്‍ഡസോള്‍ ഗുളികകൾ നൽകി വരുന്നു. എല്ലാ കുട്ടികളും വിര നശീകരണത്തിനുള്ള ഗുളിക കഴിച്ചുവെന്ന് രക്ഷിതാക്കൾ ഉറപ്പാക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.


ALSO READ: നഴ്‌സിംഗ്‌ വിദ്യാർഥി അമ്മു സജീവന്റെ മരണം; അറസ്റ്റിലായ മൂന്ന്‌ വിദ്യാർഥികളെയും 27 വരെ കസ്റ്റഡിയിൽ വിട്ടു


ഈ വര്‍ഷം നവംബര്‍ 26ന് ആണ് ദേശീയ വിര വിമുക്ത ദിനമായി ആചരിക്കുന്നത്. ഈ ദിവസം വിദ്യാലയങ്ങളില്‍ എത്തുന്ന കുട്ടികള്‍ക്ക് അവിടെ നിന്നും ഗുളികകൾ നൽകും. വിദ്യാലയങ്ങളില്‍ എത്താത്ത ഒന്ന് മുതല്‍ 19 വയസു വരെ പ്രായമുള്ള കുട്ടികള്‍ക്ക് അങ്കണവാടികളില്‍ നിന്ന് ഗുളിക നല്‍കും. ഏതെങ്കിലും കാരണത്താല്‍ നവംബര്‍ 26ന് ഗുളിക കഴിക്കാന്‍ സാധിക്കാതെ പോയ കുട്ടികള്‍ക്ക് ഡിസംബര്‍ മൂന്നിന് ഗുളിക നല്‍കും. ഈ കാലയളവില്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ എത്തുന്ന ഈ പ്രായത്തിലുളള കുട്ടികള്‍ ഗുളിക കഴിച്ചിട്ടില്ലെങ്കില്‍ അവര്‍ക്ക് ഗുളിക നല്‍കേണ്ടതാണെന്നും മന്ത്രി അറിയിച്ചു.


ഒന്ന് മുതല്‍ രണ്ട് വയസു വരെയുള്ളവർക്ക് പകുതി ഗുളിക (200 മില്ലിഗ്രാം), രണ്ട് മുതല്‍ 19 വയസുവരെയുള്ളവർക്ക് ഒരു ഗുളിക (400 മില്ലിഗ്രാം) എന്ന അളവിലാണ് നൽകേണ്ടത്. ചെറിയ കുട്ടികള്‍ക്ക് തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ അലിയിച്ചാണ് ​ഗുളിക നൽകേണ്ടത്. മുതിര്‍ന്ന കുട്ടികള്‍ ഗുളിക ഉച്ചഭക്ഷണത്തിന് ശേഷം ചവച്ചരച്ച് കഴിക്കണം. ഇതോടൊപ്പം തിളപ്പിച്ചാറിയ വെള്ളം കുടിക്കുകയും വേണം. 


അസുഖമുള്ള കുട്ടികള്‍ക്ക് ഗുളിക നല്‍കരുത്. അസുഖം മാറിയതിന് ശേഷം മാത്രം ​ഗുളിക നൽകാം. ഗുളിക കഴിച്ചതിന് ശേഷം സാധാരണയായി വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാറില്ല. എന്നാല്‍ അപൂർവമായി വിരബാധ കൂടുതലുളള കുട്ടികൾക്ക് ഗുളിക കഴിക്കുമ്പോള്‍ വയറുവേദന, ഛര്‍ദ്ദി, ചൊറിച്ചില്‍, ശരീരത്തില്‍ തടിപ്പുകള്‍ എന്നീ ലക്ഷണങ്ങൾ ഉണ്ടായേക്കാം.


ALSO READ: ഈ രാശിക്കാ‍ർക്ക് പുതുവർഷം ശുഭകരമല്ല; സാമ്പത്തിക പ്രയാസങ്ങൾ വിടാതെ പിന്തുടരും


വിരബാധ എല്ലാ പ്രായക്കാരെയും ബാധിക്കുമെങ്കിലും കുട്ടികളെയാണ് സാധാരണയായി കൂടുതല്‍ ബാധിക്കുന്നത്. മണ്ണില്‍ കളിക്കുകയും പാദരക്ഷകള്‍ ഉപയോഗിക്കാതിരിക്കുകയും ചെയ്താല്‍ വിരബാധയുണ്ടാകാൻ കൂടുതൽ സാധ്യതയുണ്ട്. ശരീരത്തിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും ആവശ്യമായ ഭക്ഷണത്തിലെ പോഷക ഘടകങ്ങള്‍ വിരകള്‍ വലിച്ചെടുക്കുന്നത് ശരീരത്തില്‍ പോഷണക്കുറവിനും വിളർച്ചയ്ക്കും കാരണമാകും. ഉരുളന്‍ വിര (റൗണ്ട് വേം), കൊക്കൊപ്പുഴു (ഹുക്ക് വേം), കൃമി (പിന്‍ വേം), നാട വിര (ടേപ്പ് വേം) ചാട്ട വിര (വിപ്പ് വേം) എന്നിവയാണ് സാധാരണയായി കാണപ്പെടുന്ന വിരകൾ. കുടലിലാണ് സാധാരണയായി വിരകള്‍ കാണപ്പെടുന്നത്.


വിരബാധയുളള ആളുകളില്‍ ക്ഷീണം, വിളര്‍ച്ച, വയറുവേദന, ഛര്‍ദ്ദി, പോഷകക്കുറവ്, തലകറക്കം, വിശപ്പില്ലായ്മ, ഭാരക്കുറവ്, വയറിളക്കം മുതലായ ലക്ഷണങ്ങൾ പ്രകടമാകാം. കുട്ടികളില്‍ വിരകളുടെ തോത് വളരെ കൂടുതലാണെങ്കില്‍ കുടലിന്റെ പ്രവര്‍ത്തനം തടസപ്പെടാനും ശരിയായ ചികിത്സ യഥാസമയം ലഭ്യമായില്ലെങ്കില്‍ ആരോ​ഗ്യാവസ്ഥ സങ്കീര്‍ണമാകാനും സാധ്യതയുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.